പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 09/01/2024 )

തിരുവാഭരണ ഘോഷയാത്ര : എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയോഗിച്ചു

ശബരിമല മകരവിളക്കിനോടനുബന്ധിച്ചു ജനുവരി 13 മുതല്‍ 15 വരെ നടക്കുന്ന തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ റാന്നി തഹസില്‍ദാര്‍ എം. കെ. അജികുമാറിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയോഗിച്ചു ജില്ലാ കളക്ടര്‍ എ. ഷിബു ഉത്തരവായി. ഇദ്ദേഹത്തോടൊപ്പം റവന്യൂ വകുപ്പിലെ പത്തംഗസംഘവും തിരുവാഭരണത്തെ അനുഗമിക്കും.

വിവരശേഖരണം നടത്തുന്നു
സര്‍ക്കാരില്‍ നിന്നും പ്രതിമാസ സാമ്പത്തിക സഹായം ലഭിച്ചുകൊണ്ടിരുന്നതും മരണപ്പെട്ടതുമായ രണ്ടാം ലോകമഹായുദ്ധസേനാനികളുടെ അവിവാഹിതാരോ വിധവകളോ ആയ പെണ്മക്കള്‍ക്ക് സര്‍ക്കാരില്‍ നിന്നോ തദ്ദേശ സ്വയംഭരണ/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത പക്ഷം 50,000 രൂപ വാര്‍ഷിക വരുമാന പരിധി അടിസ്ഥാനമാക്കി സാമ്പത്തിക സഹായം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസ് വിവരശേഖരണം നടത്തുന്നു. പത്തനംതിട്ടയില്‍ നിന്നുള്ളവര്‍ നേരിട്ടോ 0468 2961104 എന്ന ഫോണ്‍ നമ്പറിലോ 15നു മുമ്പായി ബന്ധപ്പെടണം.

മത്സ്യത്തൊഴിലാളികള്‍ക്ക് സമ്പാദ്യ സമാശ്വാസ പദ്ധതിയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സമ്പാദ്യ സമാശ്വാസപദ്ധതിയില്‍ ചേരുവാന്‍ താത്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായവരും 60 വയസ് കഴിയാത്തവരും, ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ (എഫ് ഐ എം എസ് ) രജിസ്റ്റര്‍ ചെയ്തവരും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുവര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2023 മാര്‍ച്ച് വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ് ബുക്കിന്റെ പകര്‍പ്പ്, കഴിഞ്ഞ ആറുമാസത്തിനകം എടുത്ത രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനുവരി മാസത്തെ ഗുണഭോക്തൃവിഹിതം രണ്ടു ഗഡു 500 രൂപ എന്നിവ സഹിതം തിരുവല്ല മത്സ്യഭവന്‍ ഓഫീസില്‍ ജനുവരി 24, 25 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2967720, 0469 2999096.

 

 

വോട്ടര്‍ പട്ടിക പുതുക്കല്‍
നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിലേക്കുള്ള ആക്ഷേപങ്ങളും അപേക്ഷകളും ജനുവരി 16 വരെ നല്‍കാം.

ലേലം
മല്ലപ്പളളി താലൂക്ക് ആശുപത്രി പരിസരത്ത് അപകടകരമായി കാഷ്വല്‍റ്റിക്ക് സമീപം നില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റി ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിനു ജനുവരി 11 ന് രാവിലെ 11.30 ന് താലൂക്ക് ആശുപത്രിയില്‍ ലേലം നടക്കും. ഫോണ്‍ : 0469 2683084.

തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന യോഗസര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള തീയതി ജനുവരി 31 വരെ നീട്ടി. യോഗ്യത: പത്താം ക്ലാസ് / തത്തുല്യം, 17 വയസ് പൂര്‍ത്തിയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം.
ജില്ലയിലെ പഠനകേന്ദ്രങ്ങള്‍ : പൈതൃക സ്‌കൂള്‍ ഓഫ് യോഗ, തിരുവല്ല, ഫോണ്‍ ; 8606031784,
വേദഗ്രാം ഹോസ്പിറ്റല്‍, ഓമല്ലൂര്‍ – 9656008311, ഗ്രിഗോറിയന്‍ റിസോഴ്‌സ് സെന്റര്‍, കൈപ്പട്ടൂര്‍ – 8281411846.

 

പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കും: താലൂക്ക് വികസന സമിതി

പഴകിയ മത്സ്യങ്ങള്‍ കണ്ടെത്തുന്നതിന് ഈ മാസം മുതല്‍ കൂടൂതല്‍ പരിശോധന നടത്തുമെന്ന് പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം അറിയിച്ചു. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് മതിയായ ശുചിമുറി സൗകര്യങ്ങളും ഇരിപ്പിടങ്ങളും ലഭ്യമാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കണം.

പത്തനംതിട്ട നഗരത്തില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതിനെതിരെ നടപടി ഉണ്ടാകണം. ചെന്നീര്‍ക്കര പഞ്ചായത്തിനേയും തുമ്പമണ്‍ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന അമ്പലക്കടവ് പാലത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണം. മഞ്ഞിനിക്കര തീര്‍ഥാടനത്തോടനുബന്ധിച്ച് മഞ്ഞിനിക്കര പളളിയുടെ സമീപത്തുളള വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനും പെയിന്റ് അടിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴഞ്ചേരി താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെ. അജിത്ത് കുമാര്‍, ബി. കെ. സുധാ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!