പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 30/12/2023)

കുള്ളാര്‍ ഡാം തുറന്നു: പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും
പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാലും, ജലാശയത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാലും, മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കുള്ളാര്‍ ഡാം തുറന്നുവിടാന്‍ കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്കു അനുമതി നല്‍കി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍പേഴ്സണ്‍കൂടിയായ ജില്ലാ കളക്ടര്‍ എ.ഷിബു നടപടിക്രമം പുറപ്പെടുവിച്ചു.
ജനുവരി 19 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റര്‍ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് അഞ്ച് സെന്റിമീറ്റര്‍ ഉയരും
ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സമാപിച്ചു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കാനും ജില്ലാ വനിതാശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ സമാപിച്ചു.
ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള  ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ആക്ഷന്‍പ്ലാന്‍ തയാറാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ച നടന്നു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന ചടങ്ങില്‍ ക്യാമ്പയിന്റെ ഭാഗമായി നടന്ന പോസ്റ്റര്‍ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സമ്മാനദാനം നടത്തി. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി, സി ഡബ്ലൂ എഫ് ഡോ. അമല മാത്യു, ജില്ലാ മിഷന്‍ ശക്തി ഹബ് ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങയവര്‍ പങ്കെടുത്തു.തിരികെ സ്‌കൂളില്‍’  ക്യാമ്പയന്‍ സമാപനം 31 ന്
കുടുംബശ്രീ ശാക്തീകരണ പരിപാടിയായ ‘തിരികെ സ്‌കൂളില്‍’  ക്യാമ്പയിന്റെ ജില്ലാതല സമാപനം 31 നു രാവിലെ 10:30 നു ചെന്നീര്‍ക്കര എസ് എന്‍ ഡി പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരോഗ്യ, വനിതാ-ശിശുവികസ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും.

കുടിശ്ശിക അടയ്ക്കണം

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ അംശദായം അടയ്ക്കുന്നതില്‍ കുടിശ്ശിക വരുത്തിയിട്ടുളള സ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന് കുടിശ്ശിക അടയ്ക്കണം. കൃത്യമായി അംശദായം അടച്ചുവരുന്ന തൊഴിലാളികള്‍ വിവിധ ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷകള്‍ നിര്‍ദ്ധിഷ്ട തീയതിയ്ക്കുളളില്‍  സമര്‍പ്പിക്കേണ്ടതാണെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2223169 വെബ്‌സൈറ്റ്: www.peedika.kerala.gov.inവിമുക്ത ഭടന്മാര്‍ക്ക് എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്മാരാകാം
എയര്‍ ഫ്രെയിം / ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ നിന്നു വിരമിച്ചവരോ ഡിപ്ലോമ ഇന്‍ എന്‍ജിനീയറിംഗ് ഇന്‍ മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍/ തത്തുല്യ യോഗ്യത ഉള്ളവരോ ആയ വിമുക്തഭട ഉദ്യോഗാര്‍ഥികള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച് എ എല്‍)  കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതിനു പരിഗണിക്കുന്നതിനായി ജനുവരി നാലിനു മുമ്പായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. എച്ച് എ എല്‍ നടത്തുന്ന എഴുത്തുപരീക്ഷ മുഖേന തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലുള്ള എം ആര്‍ ഒ ഡിവിഷനുകളിലായിരിക്കും നിയമനം. ഫോണ്‍ : 0468 2961104.
(പിഎന്‍പി 4137/23)

ഗതാഗത നിയന്ത്രണം
ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു പാലമുക്ക് ജംഗ്ഷന്‍ മുതല്‍ കോടിയാട്ട് ജംഗ്ഷന്‍ (കൊടുമണ്‍ മൃഗാശുപത്രി) വരെയുള്ള ഗതാഗതം ജനുവരി ഒന്നു മുതല്‍ 31 വരെ പൂര്‍ണമായും നിരോധിച്ചു. ഏഴംകുളം ഭാഗത്തു നിന്ന് കൊടുമണ്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞ് കോടിയാട്ട് ജംഗ്ഷന്‍ എത്തി കൊടുമണ്ണിലേക്ക് പോകണമെന്നും കൊടുമണ്‍ ഭാഗത്ത് നിന്നും ഏഴംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈ വഴി തന്നെ സ്വീകരിക്കേണ്ടതാണെന്നും കെ ആര്‍ എഫ് ബി പത്തനംതിട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) നടപ്പാക്കുന്ന ഡി.എം.ഇ. പദ്ധതിയില്‍ ചെറുകിടതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിനു മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി -അനുബന്ധ മത്സ്യത്തൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ള രണ്ടു മുതല്‍ അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍.
 ട്രാന്‍സ്ജന്റര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക്  50 വയസ്സുവരെയാകാം.  സാഫില്‍  നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല.  പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക്‌ലോണും  അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും.  ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പിന്  അഞ്ചു ലക്ഷം രൂപ വരെ സബ്‌സിഡിയായി ലഭിക്കും.
ഡ്രൈ ഫിഷ്‌യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്‌ളോര്‍മില്‍, ഹൗസ് കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടി.പി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ് ആന്‍ഡ് നഴ്‌സറി, ലാബ് ആന്‍ഡ് മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാവുന്നതാണ്.
മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫാറം പൂരിപ്പിച്ച്  ജനുവരി ഏഴിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2967720, 7994132417.
പിഴ ഈടാക്കി
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ പരിശോധന നടത്തിയതില്‍ പൊതുസ്ഥലത്ത്  മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും ഗ്രാമപഞ്ചായത്ത് പിഴ ഈടാക്കി. തുടര്‍ന്നും പരിശോധന കര്‍ശനമാക്കുന്നതും  ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചു
error: Content is protected !!