ശബരിമലയില്‍ ഭക്തജന പ്രവാഹം കൂടിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മലകയറിയിട്ടില്ല

 

konnivartha.com: ശബരിമലയില്‍ ഭക്തജന പ്രവാഹം കൂടിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മലകയറിയിട്ടില്ല . പതിമൂന്നു മണിക്കൂര്‍ വരെ നീളുന്ന ക്യൂ കുറയ്ക്കാന്‍ പോലീസ് ശ്രമിക്കാതെ പല ഭാഗത്തും കയര്‍ കെട്ടി പോലും ഭക്തരെ തടയുന്നു . ഇന്ന് വെളുപ്പിനെ ശബരിമല പാതയില്‍ ഇലവുങ്കലില്‍ എരുമേലി റോഡിലും പത്തനംതിട്ട റോഡിലും വാഹനം തടഞ്ഞു .

ഇലവുങ്കല്‍ ഭാഗത്ത്‌ നിന്നും ളാഹ പാതയില്‍ പത്തു കിലോമീറ്റര്‍ ദൂരം കുരുക്ക് അനുഭവപ്പെട്ടു . മണിക്കൂറുകള്‍ കഴിഞ്ഞാണ് വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്കിംഗ് ഭാഗത്തേക്ക് കടത്തി വിട്ടത് . രാത്രിയില്‍ എത്തിയ ഭക്തരാണ് ഏറെ വലഞ്ഞത് . നിലയ്ക്കല്‍ നിന്നും കെ എസ് ആര്‍ ടി സി സിറ്റി ബസുകള്‍ പിടിച്ചിട്ടത് ആണ് ഭക്തര്‍ക്ക് പമ്പയിലേക്ക് എത്തുവാന്‍ തടസം നേരിട്ടത് .

ശബരിമല നട വെളുപ്പിനെ മൂന്നു മണിയ്ക്ക് മാത്രമേ തുറക്കൂ എന്നുള്ളതിനാല്‍ രാത്രിയില്‍ എത്തിയ ഭക്തരെ പമ്പയില്‍ നിന്നും നീലിമല വഴി കടത്തി മരക്കൂട്ട ഉള്ള പ്രത്യേക സംവിധാനമായ ഡൈനമിക്ക് ക്യൂ സിസ്റ്റത്തില്‍ മണിക്കൂറുകള്‍ ഇരുത്തിയ ശേഷമാണ് സന്നിധാനത്തിലേക്ക് വെളുപ്പിനെ ഭക്തരെ കടത്തി വിടുന്നത് . വെളുപ്പിനെ രണ്ടര മുതല്‍ നിലയ്ക്കല്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ കൂടുതല്‍ സിറ്റി ബസ്സുകള്‍ സര്‍വീസ് നടത്തിയാണ് നിലയ്ക്കലില്‍ തങ്ങിയ ഭക്തരെ പമ്പയില്‍ എത്തിച്ചത് . ബസ്സ്‌ സര്‍വീസ് കുറവാണ് എന്ന് അറിഞ്ഞതോടെ നൂറുകണക്കിന് ഭക്തര്‍ നിലയ്ക്കല്‍ നിന്നും നടന്നു പമ്പയില്‍ എത്തി .

പോലീസുകാരുടെ പരിചയക്കുറവ് മൂലം ക്യൂ നീളുകയാണ് . മുന്‍ പരിചയം ഉള്ള പോലീസുകാരില്‍ പലരും സര്‍വീസില്‍ നിന്നും വിരമിച്ചതോടെ പമ്പ ,സന്നിധാനം എന്നിവിടെ വര്‍ഷങ്ങളായി പോലീസ് പാലിച്ചു വന്ന അയ്യപ്പഭക്തരോട് ഉള്ള ബഹുമാനത്തിലും കുറവ് വന്നു . ചെറുപ്പക്കാരായ ചില പോലീസ് ജീവനക്കാരുടെ ഭക്തരോട് ഉള്ള പെരുമാറ്റം അതിര് വിടുന്നുണ്ട് .

നടപ്പന്തലില്‍ മണിക്കൂറുകള്‍ നിന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാകുന്നത് . കുട്ടികള്‍ക്കും പ്രായം ചെന്നവര്‍ക്കും ഉള്ള ക്യൂവില്‍ ഇരിപ്പിടം ഒരുക്കി നല്‍കേണ്ട കര്‍ത്തവ്യം പോലും ദേവസ്വം ബോര്‍ഡ്‌ മറന്നു . മണിക്കൂറുകള്‍ ക്യൂവില്‍ നില്‍ക്കുന്ന കുട്ടികള്‍ കാലിനു വേദന സഹിക്ക വയ്യാതെ നിലവിളിക്കുന്നുണ്ട്‌ .മണിക്കൂറുകള്‍ നിന്ന് വിഷമിക്കുന്ന കുഞ്ഞുങ്ങളുടെ  സ്ഥിതി വേദനാജനകമായ കാഴ്ചയാണ് . ഏക ആശ്വാസം നടപ്പന്തലില്‍ ലഭിക്കുന്ന ചുക്ക് വെള്ളവും നാലഞ്ചു ബിസ്ക്കറ്റ് കഷണവും ആണ് . മിക്ക ഇടങ്ങളിലും കുടിവെള്ള പൈപ്പുകള്‍ ഉണ്ട് എങ്കിലും വെള്ളം എടുത്തു കുടിയ്ക്കാന്‍ ഒരു ഗ്ലാസ് പോലും വെച്ചിട്ടില്ല .

അരവണ കൌണ്ടര്‍ ഭാഗത്തെ മൂന്നു കുടിവെള്ള സ്ഥലങ്ങളിലും ഗ്ലാസ് ഇല്ല .ഇതില്‍ ഒരു യൂണിറ്റ് പൈപ്പ് പ്രവര്‍ത്തിക്കുന്നില്ല . നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പോരാഴ്മകള്‍ നിരവധി ആണ് . ദേവസ്വം ബോര്‍ഡിന്‍റെ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ പലതും മികച്ച നിലയില്‍ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ ഉള്ള പ്രവര്‍ത്തനങ്ങളില്‍ അയ്യപ്പഭക്തര്‍ക്ക് വിയോജിപ്പ്‌ ഉണ്ട് . ഭക്തര്‍ കിട്ടുന്ന അവസരങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്താറുണ്ട് .

സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്നും ഉള്ള വീഴ്ചകള്‍ എന്താണ് എന്ന് സര്‍ക്കാര്‍ സംവിധാനം പരിശോധിക്കണം . ഉചിതമായ തീരുമാനത്തില്‍ എത്തിയെങ്കില്‍ മാത്രമേ വരും ദിവസങ്ങളില്‍ ഉള്ള ഭക്തരുടെ യാത്രയ്ക്ക് ഗുണകരമാകൂ .ഇന്നലെ വെര്‍ച്ച്വല്‍ ക്യൂ വഴി 43,595 ഭക്തരെത്തി.ഇതുവരെ ആകെ 15,82,536 ലക്ഷം ഭക്തരാണ് ഈ സീസണിൽ ദർശനം നടത്തിയത്. കാനനപാതയില്‍ ജല അതോറിറ്റിയുടെ പമ്പാ തീര്‍ഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കേന്ദ്രങ്ങള്‍ പൂർണ്ണ സജ്ജം എങ്കിലും പൈപ്പില്‍ നിന്നും വെള്ളം എടുത്തു കുടിയ്ക്കാന്‍ ടാപ്പിന്‍റെ പരിസരത്ത് ഗ്ലാസുകള്‍ ഇല്ല എന്നത് അവര്‍ പരിഹരിക്കണം . പൈപ്പില്‍ നിന്നും കൈക്കുമ്പിളില്‍ വെള്ളം എടുത്തു കുടിക്കേണ്ട സാഹചര്യം ആണ് ഉള്ളത് .

error: Content is protected !!