പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 02/12/2023)

വിദ്യാഭ്യാസം സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണം:
ചിറ്റയം ഗോപകുമാര്‍

വിദ്യാഭ്യാസം സര്‍വതോന്മുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.തട്ടയില്‍ എല്‍ പി ജി എസ്സിലെ വര്‍ണ്ണ കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതിയ്ക്കാണ് തട്ടയില്‍ ജി എല്‍ പി സ്‌കൂളില്‍ തുടക്കമായിരിക്കുന്നത് . പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വര്‍ണ്ണക്കൂടാരം പദ്ധതിയിലൂടെ സജ്ജമാകുന്നത്. ഹരിതഉദ്യാനം, വിശാലമായ കളിയിടം, ശിശുസൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനായിടം, ഗണിതയിടം, നിരീക്ഷണയിടം, പാവയിടം, വരയിടം തുടങ്ങി വിവിധ കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്നതും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍, വര്‍ണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്.

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാന്‍ സമഗ്ര ശിക്ഷ കേരള നടപ്പാക്കിയ പ്രീ സ്‌കൂള്‍ ശാക്തീകരണപദ്ധതിയാണ് വര്‍ണ്ണക്കൂടാരം. സംസ്ഥാനത്തെ മുഴുവന്‍ പ്രീ പ്രൈമറി ക്ലാസ്സുകളെയും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ലൈജു പി തോമസ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, അംഗങ്ങളായ എന്‍ കെ ശ്രീകുമാര്‍, വി പി വിദ്യാധര പണിക്കര്‍, പ്രിയ ജോതികുമാര്‍, ഡോ.സുജാമോള്‍, കെ ജി പ്രകാശ്കുമാര്‍, കെ ഹരിലാല്‍, കെ എം ഗോപാലകൃഷ്ണന്‍ , ഉഷാരാജന്‍, ഇ രമാദേവിയമ്മ , പി കെ അഭിലാഷ്, കെ ജനി തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപേക്ഷ ക്ഷണിച്ചു
വയലത്തല ഓള്‍ഡ് ഏജ് ഹോമില്‍ വയോ അമൃതം പദ്ധതിയിലേക്ക് ഒരു ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുടെയും ഒരു അറ്റന്‍ഡറുടെയും താത്കാലിക ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ : യോഗ്യത- ബിഎഎംഎസ് ബിരുദവും, ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള പത്തനംതിട്ട ജില്ലക്കാരായ 50 വയസില്‍ താഴെപ്രായവും ഓള്‍ഡ് ഏജ് ഹോം /പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.

അറ്റന്‍ഡര്‍ യോഗ്യത : ഏഴാംക്ലാസ് വിദ്യാഭ്യാസയോഗ്യതയും പൂര്‍ണ ആരോഗ്യമുളളവരും  പത്തനംതിട്ട ജില്ലക്കാരായ 40 വയസില്‍ താഴെപ്രായമുളളവരും, ഓള്‍ഡ് ഏജ് ഹോം /പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.

താത്പര്യമുളളവര്‍ നേരിട്ടുളള കൂടികാഴ്ചയ്ക്കായി ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 ന് മേലെവെട്ടിപുറം ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയല്‍രേഖ, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളും ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം.
ഫോണ്‍ : 8330875203.

ഇന്‍ഷുറന്‍സ്  പരിരക്ഷ
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2024 വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി പുതുതായി രജിസ്ട്രേഷന്‍ ലഭിച്ച തൊഴിലാളികളും ഇതുവരെ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ചുതരാത്ത തൊഴിലാളികളും ഇന്‍ഷുറന്‍സ് പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഡിസംബര്‍ 12 ന് അകം  പത്തനംതിട്ട ജില്ലാ വെല്‍ഫെയര്‍  ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം.
ഫോണ്‍ : 0469 2603074

ലേലം 15 ന്
വെച്ചൂച്ചിറ, മലയാലപ്പുഴ, തിരുവല്ല എന്നീ മൂന്ന് പോലീസ്  സ്റ്റേഷനുകളില്‍  അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള  12 ലോട്ടുകളിലായുള്ള  വിവിധ തരത്തിലുള്ള 29 വാഹനങ്ങള്‍  എംഎസ്റ്റിസി ലിമിറ്റഡ്  എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ് സൈറ്റായ ംംം.ാേെരലരീാാലൃരല.രീാ മുഖേന ഡിസംബര്‍  15 ന്  രാവിലെ  11  മുതല്‍  വൈകിട്ട് 3.30  വരെ  ഓണ്‍ലൈനായി ഇ- ലേലം ചെയ്യും.
ഫോണ്‍ 0468 2222630

ലോഞ്ച് പാഡ് സംരംഭകത്വവര്‍ക്ഷോപ്പ്  
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) അഞ്ചു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഡിസംബര്‍ 12 മുതല്‍ 16 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം.പുതിയ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് നിയമവശങ്ങള്‍, പ്രൊജക്ട് തയാറാക്കല്‍  തുടങ്ങിയ  നിരവധി സെഷനുകള്‍ ഉള്‍പ്പെട്ട പരിശീലനത്തിന്  ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്.(എസ് സി ,എസ് റ്റി കാറ്റഗറിക്ക് യഥാക്രമം 2000, 1000 രൂപ)
ഫോണ്‍: 0484 2532890,2550322,9605542061.
വെബ്സൈറ്റ്: www.kied.info

നവകേരളസദസ്; യോഗം നാലിന്
ആറന്മുള നിയോജകമണ്ഡലത്തില്‍ നവകേരളസദസുമായി ബന്ധപ്പെട്ട  വിഷയങ്ങള്‍  ചര്‍ച്ച ചെയ്യുന്നതിന് സംഘാടക സമിതിയിലെ സബ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ഡിസംബര്‍ നാലിന് ഉച്ചയ്ക്ക് ശേഷം 2.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ബോര്‍ഡുകള്‍,കൊടിതോരണങ്ങള്‍, ബാനറുകള്‍ എന്നിവ മാറ്റണം
പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍ തുടങ്ങിയവ സ്ഥാപിച്ചവര്‍ തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ എടുത്തുമാറ്റി ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കണമെന്നും അല്ലാത്തപക്ഷം  പഞ്ചായത്ത് നേരിട്ട് എടുത്ത് മാറ്റുന്നതും ഇതു സ്ഥാപിച്ചതുമായി ബന്ധപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പിഴ ചുമത്തുമെന്നും പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

error: Content is protected !!