വികസിത് ഭാരത് സങ്കൽപ് യാത്ര കൊല്ലം ഭൂതക്കുളം പഞ്ചായത്തിൽ സംഘടിപ്പിച്ചു

 

കൊല്ലം ജില്ലയിൽ പര്യടനം തുടരുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി ഭൂതക്കുളം പഞ്ചായത്തിൽ ജനസമ്പർക്ക ബോധവൽക്കരണ പരിപാടി നടത്തി. യാത്രയ്ക്കായി സജ്ജീകരിച്ച പ്രത്യേക മൾട്ടി മീഡിയ വാൻ, ഭൂതക്കുളം കവലയ്ക്ക് സമീപമുള്ള കമ്യൂണിറ്റി ഓപ്പൺ എയർ ഓഡിറ്റോറിയത്തോട് ചേർത്തു നിർത്തി ക്രമീകരിച്ച ജനസമ്പർപരിപാടി പൗരാവലിക്ക് ഏറെ സൗകര്യപ്രദമായി.

 

വാഹനത്തിലെ വേദിയിൽ നടന്ന ലളിതമായ ചടങ്ങിൽ സദാനന്ദപുരം കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ നീരജ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർ ഒരുമിച്ച് വികസിത് ഭാരത് സങ്കല്പ് പ്രതിജ്ഞ ചൊല്ലി. കൃഷി വിജ്ഞാനകേന്ദ്രം, FACT, തപാൽവകുപ്പ്, ജൻ ഔഷധി, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ കേന്ദ്രപദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും സുസ്ഥിരകൃഷി, സമീകൃത വളപ്രയോഗം, കീടനിയന്ത്രണം, മണ്ണ് പരിശോധന, വിള ഇൻഷുറൻസ് , സബ്സിഡി സ്കീമുകൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു. കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന സാമൂഹ്യക്ഷേമ- സമ്പാദ്യ – ഇൻഷുറൻസ് – ആരോഗ്യ- സ്വയംതൊഴിൽ പരിശീലന പദ്ധതികളെക്കുറിച്ചുള്ള അറിവും പൗരാവലിക്കായി പങ്കുവെച്ചു.

 

സൂക്ഷ്മ വളപ്രയോഗത്തിന് ഡ്രോണുകളുടെ മേന്മ FACT പ്രതിനിധി വിശദീകരിച്ചു. ശേഷം കർഷകർക്ക് സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനുള്ള അവസരവും ഉണ്ടായിരുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ പുതുതായി ഗുണഭോക്താക്കളായ 9 പേർക്ക് ഗ്യാസ് കണക്ഷനും സ്റ്റൗവും നൽകി. ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡ് ഉൾപ്പടെ വിവിധ വകുപ്പുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ ചിറക്കര പഞ്ചായത്തിലും വികസിത് ഭാരത് സങ്കൽപ് യാത്ര ജനസമ്പർക്ക – ബോധവത്കരണ പരിപാടി നടത്തിയിരുന്നു.

നാളെ (നവംബർ 29 ന് ) രാവിലെ കല്ലുവാതുക്കൽ പഞ്ചായത്തിലും പരിപാടി നടക്കുന്നതോടെ ഇത്തിക്കര ബ്ലോക്കിലെ പര്യടനം പൂർത്തിയാകും. ഉച്ചയ്ക്കുശേഷം ചടയമംഗലം ബ്ലോക്കിലെ നിലമേൽ പഞ്ചായത്തിൽ വികസിത് ഭാരത് സങ്കല്പ് യാത്ര എത്തും.

error: Content is protected !!