16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു

 

16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും മത്സരങ്ങളും കോഴഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ജൈവവൈവിധ്യസംരക്ഷണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായി സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ നടത്തിവരുന്ന പദ്ധതിയാണിത്.

സംസ്ഥാനജൈവവൈവിധ്യബോര്‍ഡ് മെമ്പറായ കെ വി ഗോവിന്ദന്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. വളര്‍ന്നുവരുന്ന തലമുറയില്‍ പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും പ്രാധാന്യത്തെപ്പറ്റിയും സംരക്ഷണത്തെപ്പറ്റിയും അവബോധമുണ്ടാക്കുകയാണ് കുട്ടികളുടെ കോണ്‍ഗ്രസിലൂടെ ലക്ഷ്യമിടുന്നതെന്നും കാലാവസ്ഥ വ്യതിയാനം, അധിനിവേശജീവജാലങ്ങളുണ്ടാക്കുന്ന ഭീക്ഷണികള്‍ എന്നിവയെപ്പറ്റി കുട്ടിശാസ്ത്രഞ്ജന്മാര്‍ ബോധവാന്‍മാരാകണമെന്നും അദ്ദേഹം പറഞ്ഞു.

കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇഷാര ആനന്ദ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ജൈവവൈവിധ്യ ക്ലബ്ബ് കോര്‍ഡിനേറ്ററായ ജി ശ്രീരഞ്ജു, കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ജൈവവൈവിധ്യ ബോര്‍ഡിന്റെ ജില്ലാ സാങ്കേതിക സമിതി അംഗങ്ങളായ ഡോ. വി പി തോമസ്, ഡോ. എ ജെ റോബി, ഡോ. അഞ്ജു വി ജലജ്, ഡോ. ജിതേഷ് കൃഷ്ണന്‍, മത്സരവിധികര്‍ത്താക്കളായ ഡോ. ലിനി കെ മാത്യൂ, സുജി അന്ന വര്‍ഗീസ്, സുചിത്ര ജി കൃഷ്ണന്‍, ഡിപിഎസ്‌സി ബോസ്, എസ് വിനോദ് കുമാര്‍, മത്സരാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, ജൈവവൈവിധ്യ ക്ലബ്ബ് അധ്യാപകകോര്‍ഡിനേറ്റര്‍മാര്‍, എന്നിവര്‍ പങ്കെടുത്തു.

ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 120 വിദ്യാര്‍ഥികള്‍ പ്രോജക്ട് അവതരണം, ഉപന്യാസമത്സരം, പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ് ( വാട്ടര്‍ കളര്‍) എന്നീ മത്സരങ്ങളില്‍ പങ്കെടുത്തു. വിജയികള്‍ക്ക് കോഴഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇഷാര ആനന്ദ് സമ്മാനദാനം നിര്‍വഹിച്ചു.

error: Content is protected !!