കേരളീയം വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 04/11/2023)

കാവും കുളവും..പിന്നെ നാരങ്ങാ ഗന്ധമുള്ള കുരുമുളകും: ഔഷധ ചെടികളുടെ പ്രദര്‍ശനം ശ്രദ്ധേയം

കാവുകള്‍ ഔഷധ സസ്യങ്ങളുടെ കലവറ എന്ന ആശയം മുന്‍നിര്‍ത്തി അന്യം നിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് പാലോട് ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. കേരളീയം പുഷ്പമേളയുടെ ഭാഗമായി ജവഹര്‍ ബാലഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തിന്റെ പാരമ്പര്യം എടുത്തു കാട്ടുന്ന കാവും കുളവും തുളസിത്തറയും വരെ ഒരുക്കിയിട്ടുണ്ട്.

ക്ഷീണവും വിശപ്പും മാറ്റുന്നതിനും  ഉത്തേജക ഔഷധമായും ഗോത്രവിഭാഗക്കാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആരോഗ്യപച്ച, പശ്ചിമഘട്ടത്തില്‍നിന്നു കണ്ടെത്തിയ നാരങ്ങയുടെ മണവും സ്വാദുമുള്ള കുരുമുളക്,  ത്വക് രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന വേമ്പട തുടങ്ങിയവയും ഇവിടെയുണ്ട്.  ഓരോ ഔഷധച്ചെടിയിലും അതിന്റെ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ഔഷധയോഗ്യമായ ഭാഗങ്ങള്‍, ഗുണങ്ങള്‍ എന്നിവ രേഖപെടുത്തിയിട്ടുണ്ട്.

അന്യം വന്നു തുടങ്ങിയ ഓരില, മൂവില, തിപ്പലി, ആനച്ചുവടി, ശതാപൂവ്, ബലിപൂവ്, കീരിക്കിഴങ്ങ് തുടങ്ങി അനേകം ഔഷധസസ്യങ്ങളും രംഭ, കറിവേപ്പ്, വയണ, കറുവ, ആഫ്രിക്കന്‍ മല്ലി മുതലായ സുഗന്ധ സസ്യങ്ങളും കണ്ടറിയാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അത്യപൂര്‍വവും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ മരമഞ്ഞള്‍, മഞ്ചട്ടി, അരൂത , മൂന്നിനം കൊടുവേലി, കരിങ്കുടങ്ങള്‍, ഗരുഡക്കൊടി തുടങ്ങി വിവിധ ഇനങ്ങളിലുള്ള ഔഷധ സസ്യങ്ങളും ഇവിടെക്കാണാം. ഫ്ളവര്‍ഷോ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനത്തില്‍ വിവിധയിനം ഔഷധ സസ്യങ്ങളുടെ തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.തിരുവനന്തപുരം ആയുര്‍വേദ കോളജും പൂജപ്പുര ആയുര്‍വേദ ഗവേഷണകേന്ദ്രവും  ഫാര്‍മകോഗ്നോസി യൂണിറ്റും  സംയുക്തമായും ഇവിടെ ഔഷധ സസ്യ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

ഓണാട്ടുകരയുടെ പെരുമ കേരളീയം വേദിയിലും

ഓണാട്ടുകരയുടെ കാര്‍ഷിക സമൃദ്ധിയും ചെട്ടികുളങ്ങരയുടെ പൈതൃക പെരുമയും അനന്തപുരിയിലേക്ക് എത്തിച്ചു കേരളീയം വേദി.
കലാ പാരമ്പര്യത്തേയും സംസ്‌കാരത്തേയും അടയാളപ്പെടുത്തുന്ന ഓച്ചിറ ഇരുപത്തിയെട്ടാം ഓണത്തിന്റെ ആകര്‍ഷണമായ കെട്ടുകാളയും ചെട്ടികുളങ്ങര കുംഭ ഭരണി ആഘോഷത്തിന്റെ ആകര്‍ഷണ കേന്ദ്രമായ തേരുമാണ് (കുതിര) കേരളീയം വേദിയില്‍ ഒരുക്കിയിരിക്കുന്നത്.

തടി, ഇരുമ്പുപാളികള്‍, കച്ചി, തുണി എന്നിവ ഉപയോഗിച്ചാണ് 25 അടി ഉയരമുള്ള കെട്ടുകാള ടാഗോര്‍ തിയേറ്ററിന് മുന്‍ഭാഗത്തായി നിര്‍മിച്ചിരിക്കുന്നത്. പട്ടും ആഭരണങ്ങളും മുത്തുക്കുടയും ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്. കനകക്കുന്ന് കവാടത്തില്‍ ഒരുക്കിയ തേരിന് (കുതിര) 35 അടി ഉയരമുണ്ട്.  ആര്‍ട്ടിസ്റ്റ് എം. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കൗതുക കാഴ്ച ഒരുക്കിയിരിക്കുന്നത്.

നോളജ് ഇക്കണോമി; സംരംഭകത്വ വികസനത്തില്‍ പുതുമാതൃകയുമായി എം.ജി സര്‍വകലാശാല

വിദ്യാര്‍ഥികളും അധ്യാപകരും നടത്തുന്ന പഠന, ഗവേഷണ കണ്ടുപിടുത്തങ്ങള്‍ പ്രബന്ധങ്ങളിലും പുസ്തകങ്ങളിലും മാത്രമൊതുക്കാതെ വ്യവസായ സംരംഭങ്ങളാക്കി മാറ്റുന്നതിനുള്ള ചുവടുവയ്പ്പുമായി കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല. കേരളീയം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മൈക്രോ ഈവന്റിലാണ് ഇതു സംബന്ധിച്ച എം.ജി സര്‍വകലാശാലയുടെ അവതരണം ശ്രദ്ധ നേടിയത്.

ആഗോള മാറ്റങ്ങള്‍ക്കനുസൃതമായി വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളോടുചേര്‍ന്നു നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍വകലാശാലയില്‍ നടത്തുന്നതെന്ന് പദ്ധതി അവതരിപ്പിച്ച ബിസിനസ് ഇനൊവേഷന്‍ ആന്‍ഡ് ഇന്‍ക്യുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

വിവിധ ശാസ്ത്രശാഖകളില്‍ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലകളില്‍ നൈപുണ്യ വികസനത്തിന് വഴിയൊരുക്കിയാണ് സര്‍വകലാശാല അവരെ ആ മേഖലയില്‍ സംരംഭകരായി മാറ്റുന്നത്. കണ്ടുപിടുത്തങ്ങള്‍ വ്യവസായ സംരംഭകര്‍ക്ക് കൈമാറുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. അക്കാദമിക് ചുമതകളെ ബാധിക്കാത്ത രീതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് അധ്യാപകര്‍ക്കും സര്‍വകലാശാല അനുമതി നല്‍കിയിട്ടുണ്ടെന്നും ഡോ. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തില്‍ നടന്ന മൈക്രോ ഇവന്റില്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ് മേധാവി ഡോ. സന്തോഷ് തമ്പി അധ്യക്ഷത വഹിച്ചു. സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ്, ലെയ്‌സണ്‍ ഓഫീസര്‍ എസ്. പ്രേംലാല്‍ തുടങ്ങിയവര്‍പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷന്‍: കേരളീയം പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന മൈക്രോ ഈവന്റില്‍ കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡോ. ഇ.കെ. രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിക്കുന്നു. ഡോ. സന്തോഷ് തമ്പി, എസ്. പ്രേംലാല്‍ എന്നിവര്‍സമീപം.

പാരമ്പര്യ രുചിയിടങ്ങളൊരുക്കി ലെഗസി ഫുഡ് ഫെസ്റ്റിവല്‍

കേരളീയം കാണാനെത്തുന്നവരെ പാരമ്പര്യ രുചി വഴികളിലെത്തിച്ച് ലെഗസി ഫുഡ് ഫെസ്റ്റിവല്‍. കേരളത്തിലെ തലയെടുപ്പുള്ള ഏഴു റെസ്റ്റോറന്റുകളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ലെഗസി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. കോഴിക്കോട്ടുകാരുടെ രുചിപ്പെരുമയ്ക്ക് പേരു കേട്ട പാരഗണ്‍, തിരുവനന്തപുരത്തെ തനത് രുചിയിടമായ ആസാദ്, ബിരിയാണിപ്പെരുമയുള്ള അജുവ, സസ്യഭക്ഷണ മിഷ്ടപ്പെടുന്നവരുടെ ഫേവറിറ്റായ മദേഴ്സ് വെജ് പ്ലാസ, ആഹാരപ്പെരുമയ്ക്ക് പുകള്‍പ്പെറ്റ ലീല റാവിസ്, കെ.ടി.ഡി.സിയുടെ ആഹാര്‍ എന്നിവയ്ക്ക് പുറമെ വിവിധ തരം കഞ്ഞി ലഭിക്കുന്ന ‘ക’ കടയിലും തിരക്കോടു തിരക്കു തന്നെ. രാവിലെ 10 മുതല്‍ രാത്രി 11 വരെ നീളുന്ന വിഭവ സമൃദ്ധി അനന്തപുരിക്ക് വലിയ കൗതുകമാണുണ്ടാക്കുന്നത്.

ലോകത്തെ ഐതിഹാസിക റെസ്റ്റോറന്റുകളില്‍ ഒന്നായി രാജ്യാന്തര ഓണ്‍ലൈന്‍ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് തെരഞ്ഞെടുത്ത കോഴിക്കോട് പാരഗണില്‍ സിഗ്നേച്ചര്‍ വിഭവമായ ബിരിയാണി മുതല്‍ മീന്‍ മുളകിട്ടതും ചിക്കന്‍ ചെറിയുള്ളി ഫ്രൈയും കോഴിക്കുഞ്ഞ് പൊരിയും മിതമായ നിരക്കില്‍ ലഭിക്കും. 50 രൂപ നിരക്കില്‍ ഇളനീര്‍ പുഡിങും ഇളനീര്‍ പായസവും ഒപ്പം ഗുലബ് ജാമും ലഭിക്കും. പാരഗണിന്റെ സ്പെഷ്യലായ പാരഗണ്‍ സര്‍ബത്തിനും പ്രിയമേറെയാണ്.

ബീഫ് കപ്പ ബിരിയാണിയാണ് ആഹാറിലെ സ്പെഷ്യല്‍. കൂടാതെ സുഖിയന്‍, കൊഴുക്കട്ട തുടങ്ങിയ സായാഹ്ന പലഹാരങ്ങളുമുണ്ട്. തിരുവനന്തപുരത്തെ പായസ ബോളി 20 രൂപയ്ക്ക് വിളമ്പിയാണ് മദേഴ്സ് വെജ് പ്ലാസ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ദി ക്ലബ്ബ് ഹൗസിന്റെ ഔട്‌ലെറ്റായ അജുവയില്‍ 15 രൂപയ്ക്ക് ഷാര്‍ജ ഷേക്ക് ലഭിക്കും. തുര്‍ക്കി പത്തല്‍, ഇറച്ചി പത്തല്‍, കട്‌ലെറ്റ്, പോക്കറ്റ് ഷവര്‍മ എന്നിവയും ഇവിടെ ലഭിക്കും. ‘ക’ കടയില്‍ മരുന്ന് കഞ്ഞി, നോമ്പ് കഞ്ഞി, പാല്‍ കഞ്ഞി, ചീര കഞ്ഞി, വെജിറ്റബിള്‍ കഞ്ഞി, ജീരക കഞ്ഞി എന്നിവയോടൊപ്പം കനലില്‍ ചുട്ട പപ്പടവും തേങ്ങാ ചമ്മന്തിയും കൂടെ കരിപ്പെട്ടി കാപ്പിയും തരും. ആസാദ് ഹോട്ടലില്‍ ട്രാവന്‍കൂര്‍ ബിരിയാണിയാണ്താരം.

കേരളീയം: ഉത്പന്നങ്ങളുടെ വിരുന്നൊരുക്കി സഹകരണ മേഖല

ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍  സൗകര്യമൊരുക്കിയിരിക്കുകയാണ് സഹകരണ വകുപ്പ്. കേരളീയത്തിന്റെ ഭാഗമായി ടാഗോര്‍ തിയറ്ററില്‍ ഒരുക്കിയിട്ടുള്ള 50 സ്റ്റാളുകളിലാണ്  ഭക്ഷ്യോല്‍പന്നങ്ങള്‍, ആയുര്‍വേദ ഹെര്‍ബല്‍ ഉത്പന്നങ്ങള്‍, ടിഷ്യു കള്‍ച്ചര്‍ ഉല്‍പ്പന്നങ്ങള്‍, ക്ഷീരോല്‍പ്പന്നങ്ങള്‍, ബേക്കറി, കയര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, മത്സ്യഫെഡിന്റെ മൂല്യ വര്‍ദ്ധിത വസ്തുക്കള്‍ എന്നിവ സ്റ്റാളുകളില്‍ ലഭ്യമാണ്.

ത്രിവേണി നോട്ട്ബുക്ക്, തേയില, നീതി ഗ്യാസ്, കുപ്പിവെള്ളം, വെളിച്ചെണ്ണ, കോക്കനട്ട് പൗഡര്‍, സ്‌ക്വാഷ്, അച്ചാറുകള്‍, തുടങ്ങി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളുമായി കണ്‍സ്യൂമര്‍ഫെഡും രംഗത്തുണ്ട്. പ്രമേഹം ചെറുക്കാനുള്ള  ആയുര്‍വേദ ഡയബ്, വേദനസംഹാരി ലിന്‍, തലവേദനയ്ക്ക് പുരട്ടുന്ന ബാം ഉള്‍പ്പെടെ അഞ്ഞൂറിലധികം ഉല്‍പ്പന്നങ്ങളുമായാണ് ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ് കേരളീയം ഫെയറിനെത്തിയിട്ടുള്ളത്. എല്ലാദിവസവും  ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ആരോഗ്യം മെച്ചപ്പെടുത്താന്‍  48 ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയ എക്സ്പവര്‍, ചുമയ്ക്കുള്ള പൊടി, കാട്ടു തേന്‍, ലേഹ്യങ്ങള്‍, തൈലങ്ങള്‍ എന്നിവയും ആവശ്യക്കാര്‍ തേടിയെത്തുന്ന ആയുര്‍വേദ ഉത്പന്നങ്ങളാണ്.

ഇടുക്കിയുടെ സ്വന്തം തേയില, വയനാട്ടിലെ കാട്ടു തേന്‍, ഏലം, ഗ്രാമ്പു,  കറുവപ്പട്ട, കുരുമുളക്, ചുക്ക്, ജാതിപത്രി, തക്കോലം, കുന്തിരിക്കം, ഉണക്ക മഞ്ഞള്‍, പുല്‍ത്തൈലം,  യൂക്കാലി കോപോള്‍ വെളിച്ചെണ്ണ, എള്ളെണ്ണ, എന്നിങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ട് ഈ സ്റ്റാളുകളില്‍.

ജൈവ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ടിഷ്യൂ കള്‍ച്ചര്‍ ലാബ് മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ചെങ്കദളി, മഞ്ചേരി നേന്ത്രന്‍, ഞാലിപ്പൂവന്‍, പൂവന്‍, ഗ്രാന്‍ഡ് നൈന്‍, തേനി നേന്ത്രന്‍ തുടങ്ങിയ കുഞ്ഞന്‍ വാഴത്തൈകളും ഡെന്‍ഡ്രോബിയം, എയരി ഹൈബ്രിഡ് എന്നീ പേരുകളിലുള്ള ഓര്‍ക്കിഡുകളും സിംഗോണിയം ഗോള്‍ഡ്, ഫിലോ ടെന്‍ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ഇലച്ചെടികളും ഈ വിപണിയെ വ്യത്യസ്തമാക്കുന്നു.ജൈവരീതിയില്‍ കൃഷി ചെയ്തെടുത്ത  നെല്ലുല്‍പന്നങ്ങളായ തവിടു കളയാത്ത അരി, ഗോതമ്പ് പുട്ടുപൊടി, റാഗിപ്പൊടി, കമ്പം പുട്ടുപൊടി, ചോളം പുട്ടുപൊടി, ഉണക്കലരി എന്നിവയ്ക്ക്  ആവശ്യക്കാര്‍ ഏറെയാണ്.

സഹകരണ വകുപ്പിന്റെ പവലിയന് മാറ്റുകൂട്ടുന്ന മറ്റൊരു സ്റ്റാളാണ് പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊക്കാളി പൈതൃക ഗ്രാമം. പൊക്കാളി അരിയും പൊക്കാളി പുട്ടുപൊടിയും പൊക്കാളി അവിലും ഈ ഗ്രാമത്തില്‍ ഒരുക്കിയിട്ടുണ്ട്.
വില്പനയ്ക്ക് എത്തിച്ചിരിക്കുന്ന നാടന്‍ വിത്തിനങ്ങള്‍ മറ്റൊരു ശ്രദ്ധാകേന്ദ്രമാണ്. കുമ്പളം, കുറ്റി അമരപ്പയര്‍, വെണ്ട, വഴുതന, വള്ളിപ്പയര്‍, കഞ്ഞിക്കുഴി പയര്‍, കുറ്റി പയര്‍, പാവല്‍, പടവലം തുടങ്ങി നൂറോളം വിത്തിനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഉറവിട മാലിന്യ സംസ്‌കരണത്തിന് മാതൃകയായ ജീ ബിന്നുകളും വിപണിയിലുണ്ട്. കേരള ദിനേശ് എക്സിബിഷന്‍ സ്റ്റോറില്‍ മിഠായി മുതല്‍ പ്രഥമന്‍ വരെയുള്ള ഭക്ഷ്യവസ്തുക്കളും തോര്‍ത്ത് തൊട്ട് സാരി വരെയുള്ള തുണിത്തരങ്ങളും വില്‍പ്പനക്കുണ്ട്. കൂടാതെ സാരികള്‍, ബെഡ്ഷീറ്റുകള്‍,  ബാഗുകള്‍,  എന്നിങ്ങനെ കോട്ടണ്‍ തുണിയില്‍ നെയ്തെടുത്ത വസ്ത്രങ്ങള്‍ക്കും ആവശ്യക്കാര്‍ഏറെയാണ്.

കേരളീയത്തില്‍  (നവംബര്‍ 5)

*സെമിനാര്‍*
വേദി:നിയമസഭാ ഹാള്‍
വിഷയം: കേരളവും പ്രവാസി സമൂഹവും
അധ്യക്ഷന്‍: അഹമ്മദ് ദേവര്‍ കോവില്‍(തുറമുഖ വകുപ്പ് മന്ത്രി)
കെ. കൃഷ്ണന്‍കുട്ടി(വൈദ്യൂതി വകുപ്പുമന്ത്രി)
വിഷയാവതരണം: സുമന്‍ ബില്ല ഐ.എ.എസ്
സംഘാടനം: നോര്‍ക്ക റൂട്‌സ്
പാനലിസ്റ്റുകള്‍: ഡോ.റേ ജുറൈഡിനി
ഡോ.ആസാദ് മൂപ്പന്‍
ഡോ.ബാബു സ്റ്റീഫന്‍.
പി.ടി. കുഞ്ഞു മുഹമ്മദ്
ഷീല തോമസ് ഐ എ എസ് (റിട്ട)
ഡോ.ഇരുദയ രാജന്‍
ഡോ.ദിലീപ് റാത്ത
ഒ. വി. മുസ്തഫ
സി.വി. റപ്പായി
ഡോ.കെ.എന്‍ ഹരിലാല്‍
ഡോ ജിനു സക്കറിയ ഉമ്മന്‍
കെ.വി.അബ്ദുള്‍ഖാദര്‍
ഡേവ് ഹൊവാര്‍ത്ത്(റെക്കോഡഡ്)
ഡോ. രവി രാമന്‍

വേദി: ടാഗോര്‍ ഹാള്‍
വിഷയം: ലിംഗനീതിയും വികസനവും കേരളത്തില്‍
അധ്യക്ഷ: വീണാ ജോര്‍ജ്(ആരോഗ്യ,വനിതാ ശിശു വികസന വകുപ്പ് മന്ത്രി)
വിഷയാവതരണം:ഡോ ശര്‍മിള മേരി ജോസഫ് ഐ എ എസ്
സംഘാടനം: വനിതാ ശിശുവികസന വകുപ്പ്
പാനലിസ്റ്റുകള്‍: വൃന്ദ കാരാട്ട്
മൃദുല്‍ ഈപ്പന്‍
ഡോ. സോന മിത്ര
സി എസ് സുജാത
ഡോ.വിഭൂതി പട്ടേല്‍
ശീതള്‍ ശ്യാം
ഡോ.ടി.കെ. ആനന്ദി
ഡോ. സയീദ ഹമീദ്

വേദി: ജിമ്മി ജോര്‍ജ് സ്റ്റേഡിയം
വിഷയം: കേരളത്തിലെ ജലവിഭവരംഗം
അധ്യക്ഷന്‍: റോഷി അഗസ്റ്റിന്‍(ജല വിഭവ വകുപ്പ് മന്ത്രി)
വിഷയാവതരണം: അശോക് കുമാര്‍ സിംഗ് ഐ എ എസ്
സംഘാടനം: ജല വിഭവ വകുപ്പ്
പാനലിസ്റ്റുകള്‍: ഡോ.കെപി സുധീര്‍
സോ.സുനില്‍കുമാര്‍ അംബാസ്റ്റ്
ഡോ.ഇ.ജെ ജെയിംസ്
എ.കെ. ഗൊസെയ്ന്‍
ഡോ.സുധീര്‍ കുമാര്‍
ഡോ. സ്വപ്ന പണിക്കല്‍
ഡോ. മനോജ് പി. സാമുവല്‍

വേദി: മാസ്‌ക്കറ്റ് പൂള്‍ സൈഡ് ഹാള്‍
വിഷയം: കേരളത്തിലെ വിനോദ സഞ്ചാര മേഖല
അധ്യക്ഷന്‍:പി എ മുഹമ്മദ് റിയാസ്(പൊതുമരാമത്ത്,വിനോദ സഞ്ചാര വകുപ്പ് മന്ത്രി)
വിഷയാവതരണം:കെ.ബിജു ഐ എ എസ്
സംഘാടനം:വിനോദ സഞ്ചാര വകുപ്പ്
പാനലിസ്റ്റുകള്‍:
ജോസ് ഡൊമിനിക്
ബേബി മാത്യു
പ്രദീപ് മൂര്‍ത്തി
പി എം വാര്യര്‍
സജീവ് കുറുപ്പ്
ഡോ.ഹാരോള്‍ഡ് ഗുഡ് വിന്‍(ഓണ്‍ലൈണ്‍)
സന്തോഷ് ജോര്‍ജ് കുളങ്ങര
ദിലീപ് മാധവ്
രൂപേഷ് കുമാര്‍ കെ.

വേദി: സെന്‍ട്രല്‍ സ്റ്റേഡിയം
വിഷയം: തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും
അധ്യക്ഷന്‍:വി.ശിവന്‍കുട്ടി(പൊതു വിദ്യാഭ്യാസ,തൊഴില്‍ വകുപ്പ് മന്ത്രി)
സംഘാടനം: തൊഴിലും നൈപുണ്യവും വകുപ്പ്
പാനലിസ്റ്റുകള്‍:ടി പി രാമകൃഷ്ണന്‍
റിട്ട. ജസ്റ്റിസ് കെ ചന്ദ്രു
സയ്യിദ് സുല്‍ത്താന്‍ അഹമ്മദ്
കെ.പി രാജേന്ദ്രന്‍
ഡോ എ വി ജോസ്
ഡോ ജയന്‍ ജോസ് തോമസ്
ഡോ.ജജാതി കേസരി പരിദ
ഡോ.സുക്തി ദാസ്ഗുപ്ത
അഡ്വ. ആര്‍. വൈഗ
ഡോ. ടി. ഗീന കുമാരി

*കലാപരിപാടികള്‍*

സെന്‍ട്രല്‍ സ്റ്റേഡിയം
6:30 പി എം
കലാമണ്ഡലം കലാകാരന്മാരുടെ ഡാന്‍സ് ഫ്യൂഷന്‍

നിശാഗന്ധി
6:00 പി എം
ബാന്‍ഡ് മേളം
ഇന്ത്യന്‍ നേവിയുടെ ബാന്‍ഡ് സെറ്റ്
7:00 പി എം
അര്‍ദ്ധനാരീശ്വരഅഷ്ടകം
ഭരതനാട്യം:  ചൈത്ര ഉദയരാജ്
7:30 പി എം
നാഗതത്വം
മോഹിനിയാട്ടം: ജയപ്രഭ മേനോനും സംഘവും

ടാഗോര്‍ തിയേറ്റര്‍
3:30 പി എം
വിജ്ഞാനകേരളം വിജയ കേരളം
ക്വിസ് :സംസ്ഥാന സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റ്യൂട്ട്

പുത്തരിക്കണ്ടം
6:30 പി എം
കൈരളീരവം
കലാസന്ധ്യ:  വജ്രജൂബിലി കലാകാരന്മാര്‍

സെനറ്റ് ഹാള്‍
6:30 പി എം
പണ്ട് രണ്ട് കൂട്ടുകാരികള്‍
നാടകം: കോഴിക്കോട് രംഗമിത്ര

സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ട്
5:00 പി എം
അശ്വാരൂഢ അഭ്യാസപ്രകടനവും എയ്റോ  മോഡല്‍ ഷോയും
എന്‍.സി.സി
6:00 പി എം
ചരട്കുത്തികളി
വജ്രജൂബിലി കലാകാരന്മാര്‍

ഭാരത് ഭവന്‍, മണ്ണരങ്ങ്
7:00 പി എം
ഉരുള്‍
കുട്ടികളുടെ നാടകം: കോട്ടയം നവായുഗ് തിയേറ്റര്‍

ഭാരത് ഭവന്‍ എ സി ഹാള്‍
6:00 പി എം
ലഹരി വിരുദ്ധ സന്ദേശം
തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും
പത്മശ്രീ രാമചന്ദ്ര പുലവരും സംഘവും

വിവേകാനന്ദ പാര്‍ക്ക്
6:00 പി എം
യോഗനൃത്തം
6:30 പി എം
കേരളനടനം
8:00 പി എം
ട്രയോ പെര്‍ഫോമന്‍സ്

കെല്‍ട്രോണ്‍ കോംപ്ലക്സ്
6:30 പി എം
നവദുര്‍ഗ
നൃത്തം: നടരാജ സ്‌കൂള്‍ ഓഫ് ഡാന്‍സ്
7:30 പി എം
വില്‍ കലാമേള

ബാലഭവന്‍
6:15 പി എം
കുടമാറ്റം 2023
ബാലഭവന്‍, തൃശ്ശൂര്‍

പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍
5:30 പി എം
ചങ്ങാതി
ഡോക്യു ഡ്രാമ: പുല്ലംപാറ ഗ്രാമപഞ്ചായത്തിന്റെ കുട്ടികളുടെ നാടകം
8:00 പി എം
ചിന്താവിഷ്ടയായ സീത -നൃത്തം

മ്യൂസിയം റേഡിയോ പാര്‍ക്ക്
6:30 പി എം
തായമ്പക
7:30 പി എം
പഞ്ചാരിമേളം

സൂര്യകാന്തി ഓഡിറ്റോറിയം
6:30 പി എം
മംഗലംകളി
7:00 പി എം
കുടച്ചോഴികളി
7:30 പി എം
മണ്ണാന്‍കൂത്ത്

യൂണിവേഴ്സിറ്റി കോളേജ്
3:30 പി എം
സ്ത്രീപക്ഷഭാവനയും ഭാവുകത്വവും
വനിതാ എഴുത്തുകാരുടെ സംഗമം
6:30 പി എം
എംജി യൂണിവേഴ്സിറ്റി കലാപ്രതിഭ പരിപാടി

എസ് എം വി സ്‌കൂള്‍
6:00 പി എം
സര്‍പ്പം പാട്ട്
7:00 പിഎം
ചാക്യാര്‍കൂത്ത്

ഗാന്ധി പാര്‍ക്ക്
6:00 പി എം
ദാരുകാസുര നിഗ്രഹം- വില്‍പാട്ട്
7:00 പി എം
ശ്രീനാരായണ ഗുരുദേവന്‍
കഥാപ്രസംഗം :അയിലം ഉണ്ണികൃഷ്ണന്‍
അവസാന 30 മിനിട്ട് തെയ്യാട്ടങ്ങള്‍

വിമന്‍സ് കോളജ്
6:30 പി എം
ഗുരുദേവന്റെ കൃതികള്‍ ആസ്പദമാക്കിയ നൃത്താവിഷ്‌കാരം

*ജനകീയ വേദികള്‍*

മാനവീയം വീഥി-പെരിയാര്‍
6:00 പി എം
സാംസ്‌കാരിക പ്രഭാഷണം-എസ് ജോസഫ്
6:30 പി എം-7:30 പി എം
പൊയ്ക്കാല്‍ രൂപങ്ങളും താള വാദ്യങ്ങളും
7:30 പി എം-8:30 പി എം
തെരുവ് നാടകം

ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ക്ക്-തേജസ്വിനി
6 പി എം-7:00 പി എം
മയൂരനൃത്തം
7:00 പി എം- 8:00 പി എം
സ്ട്രീറ്റ് മാജിക്

എല്‍ എം എസ് കോമ്പൗണ്ട്-നെയ്യാര്‍ സ്മൃതി ഗാനസന്ധ്യകള്‍
7:00 പി എം-9:00 പി എം
‘ദക്ഷിണാമൂര്‍ത്തി- ഒ.എന്‍.വി’-സംഗീത സായാഹ്നം
സത്യജിത്ത് റായ് ഫിലിം സൊസൈറ്റി

രക്തസാക്ഷി മണ്ഡപം-കബനി
6:00 പി എം-7:00 പി എം
കാര്‍ട്ടൂണ്‍ പാവകളും താളമേളങ്ങളും
7:30 പി എം-8:00 പി എം
മയൂരനൃത്തം

കണ്ണിമാറ മാര്‍ക്കറ്റ്-ചാലിയാര്‍
6:00 പി എം-7:00 പി എം
തെരുവ് നാടകം
7:00 പി എം-8:00 പി എം
വെന്റിലോക്കിസവും മാജിക്കും

സെനറ്റ് ഹാള്‍ മുന്‍വശം-കണ്ണാടിപ്പുഴ
6:00 പി എം-7:00 പി എം
വെന്റിലോക്കിസവും മാജിക്കും

യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസ്-നിള
6 30 പി എം
തെരുവ് നാടകം

സെക്രട്ടേറിയേറ്റ് മുന്‍വശം-(ആല്‍മരചുവട്)മണിമലയാര്‍
6:00 പി എം-7:00 പി എം
തായമ്പക
7:00 പി എം-8:00 പി എം
കാര്‍ട്ടൂണ്‍ പാവകളും താളമേളങ്ങളും
8:00പി എം-9:00 പി എം
വെന്റിലോക്കിസവും മാജിക്കും

ആയുര്‍വേദ കോളേജ് മുന്‍വശം- ഭവാനി
6:00 പി എം – 7:30 പി എം
തിരിയുഴിച്ചില്‍

എസ് എം വി സ്‌കൂള്‍ മുന്‍വശം -കല്ലായി
6:00 പി എം- 7:00 പി എം
വാന്‍ഡറിങ് മാജിക

7:00 പി എം – 8 പി എം
പുള്ളുവന്‍ പാട്ട്

ഗാന്ധി പാര്‍ക്ക് – പമ്പ
8:30 പി എം – 9:30 പി എം നാടന്‍ കലകള്‍

*ചലച്ചിത്ര മേള*

കൈരളി
9:45 എ എം
വചനം
12:45 പി എം
മദനോത്സവം

3:45പി എം
കിരീടം
7:30
1921

ശ്രീ

9:30 എ എം
പെരുവഴിയമ്പലം
12:30 പി എം
സ്വപ്നാടനം
3:30 പി എം
സ്വയംവരം
7:15 പി എം
വാസ്തുഹാര

നിള
9:15 എ എം
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു
11:45 എ എം
എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക്
3:00 പി എം
ബൊണാമി
ഡോക്യൂമെന്ററികള്‍
രാമുകാര്യാട്ട്:സ്വപ്നവും സിനിമയും
വള്ളത്തോള്‍ മഹാകവി
7:00 പി എം
ഒറ്റാല്‍

കലാഭവന്‍
9:45 എ എം
മാന്‍ഹോള്‍
12:15 പി എം
ഒറ്റമുറി വെളിച്ചം
3:00 പി എം
19(1) (എ)
7:30 പി എം
ചട്ടക്കാരി

*ഫുഡ്ഫെസ്റ്റ്*
വേദി: സൂര്യകാന്തി
ഫുഡ് ലൈവ് ഷോ-ഷെഫ് പിള്ള
സമയം:  2.00 പി.എം.

*ബി.ടു.ബി. മീറ്റ്*
വേദി: പുത്തരിക്കണ്ടം മൈതാനം
സമയം: 2.00 പി.എം.
ഒ.എന്‍.ഡി.സി. നെറ്റ്വര്‍ക്കിംഗ്,
എം.എസ്.എം.ഇ. പ്രോഡക്ട്ലോഞ്ച്

 

കേരളീയം’ സ്പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്തു

കേരള കൗമുദിയുടെ  ‘കേരളീയം’ സ്പെഷ്യല്‍ പതിപ്പ്  പ്രകാശനം ചെയ്തു. ടാഗോര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്  പ്രകാശനം നിര്‍വഹിച്ചു. കേരള രൂപീകരണം മുതല്‍ വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച പുരോഗതിയും രാജ്യത്തിനാകെ മാതൃകയായ നൂതന സംരംഭങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ വി. സലിന്‍, കേരള കൗമുദി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍. ചന്ദ്രദത്ത്, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ വിമല്‍ കുമാര്‍, അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ രതീഷ് എം എസ് എന്നിവരുംപങ്കെടുത്തു.

 

കനകക്കുന്നില്‍ പൂക്കാലം; ബൊക്കെ നിര്‍മാണം കാണാനും മത്സരിക്കാനും തിരക്ക്

കനകക്കുന്ന് കൊട്ടാര വളപ്പില്‍ ഒരുക്കിയിരിക്കുന്ന കട്ട് ഫ്ളവര്‍ പുഷ്പവേദിയില്‍ കാഴ്ചക്കാരുടെ തിരക്ക്. ദിവസങ്ങളോളം വാടാതെ നില്‍ക്കുന്ന ഓര്‍ക്കിഡ്, ജിഞ്ചര്‍ ജില്ലി, ആന്തൂറിയം, ഹെലികോനിയ, ടൂലിപ്സ്, ഹൈഡ്രാഞ്ചിയ തുടങ്ങിയ പുഷ്പങ്ങള്‍ വിവിധ തരത്തിലാണ് ഇവിടെ അലങ്കരിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കേരളീയത്തില്‍ ഏറെ ജനകീയമായ വേദികളിലൊന്നാണിത്.പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയാണ് പ്രദര്‍ശനം. തടിയില്‍ പണിത ചുണ്ടന്‍ വള്ളത്തിലും ഈറ കൊണ്ടുണ്ടാക്കിയ മുറം, പായ, വട്ടി എന്നിവയിലുമാണ്  വ്യത്യസ്തങ്ങളായ  ബൊക്കെകള്‍ തീര്‍ത്തിരിക്കുന്നത് .

ഇതിനു പുറമെ കട്ട് ഫ്ളവര്‍ അറേഞ്ച്മെന്റ് മത്സരമായും ഇവിടെ നടത്തുന്നുണ്ട്. പരിപാടിയുടെ ആദ്യ രണ്ടു ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്കും ശനിയും ഞായറും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുമാണ് മത്സരം. തിങ്കളാഴ്ച വെജിറ്റബിള്‍ കാര്‍വിംഗ് മത്സരമാണ്. ഇതിനു പുറമെ കനകക്കുന്നിലെ പ്രവേശനകവാടം മുതല്‍ ചെടികളുടെ വിപുലമായ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഫ്ളവര്‍ ഷോ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ പുഷ്‌പോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളീയത്തില്‍ ഉണര്‍ന്നു കരകൗശല ഗ്രാമങ്ങള്‍

കേരളത്തിലെ തനത് കരകൗശല ഗ്രാമങ്ങള്‍ പുന:സൃഷ്ടിച്ച് കേരളീയം വേദി. ബേപ്പൂര്‍, പയ്യന്നൂര്‍, ആറന്‍മുള എന്നിങ്ങനെ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് എത്തിയ 15 തനത് കരകൗശല വിദഗ്ധ സംഘമാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലെത്തി തത്സമയം കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നത്.

പരമ്പരാഗത സംഗീതോപകരണങ്ങള്‍, ബേപ്പൂര്‍ ഉരുവിന്റെ മാതൃക എന്നിവയുടെ നിര്‍മാണം, മ്യൂറല്‍ ആര്‍ട്ട്, തഴപ്പായ, വൈക്കോല്‍ ഉല്‍പ്പന്നങ്ങള്‍, തോല്‍പ്പാവ, പയ്യന്നൂര്‍ കുഞ്ഞിമംഗലത്തെ വെങ്കല ശില്‍പങ്ങള്‍, കന്യാകുമാരിയിലെ സീഷെല്‍  നിര്‍മാണം, കഥകളി കോപ്പ്, കൈത്തറി നെയ്ത്ത്, ആറന്മുള കണ്ണാടി, തൃശ്ശൂരില്‍ നിന്നുള്ള നെറ്റിപ്പട്ടം, വുഡ് കാര്‍വിങ്ങ്, ടെറാകോട്ട, പൂരം ക്രാഫ്റ്റ്, ഗ്രാമീണ കുരുത്തോല ഉത്പന്നങ്ങള്‍ എന്നിവയുടെ ലൈവ് നിര്‍മാണമാണ് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഒരുക്കിയ പ്രദര്‍ശനത്തിലുള്ളത്.