പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 03/10/2023)

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ;ജില്ലാതല സമ്മേളനവും ഡിജിറ്റല്‍ ഹോം സര്‍വേയും ഉദ്ഘാടനം

പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ജില്ലാതല സമ്മേളനത്തിന്റേയും പട്ടികജാതി കുടംബങ്ങളുടെ ഡിജിറ്റല്‍ ഹോം സര്‍വേയുടേയും ഉദ്ഘാടനം (4) രാവിലെ ഒന്‍പതിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തു ഹാളില്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിളള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും.ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐക്യദാര്‍ഢ്യ സന്ദേശം നല്‍കും.അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ് പ്രതിഭകളെ ആദരിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സംസ്ഥാന-ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ബോധവല്‍കരണ സെമിനാറുകളും കലാപരിപാടികളും നടക്കും.

കിസിമം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

റാന്നി നിയോജക മണ്ഡലത്തിലെ കിസിമം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി (ഒക്ടോബര്‍ 4) രാവിലെ 11 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ ിച്ചിരിക്കുന്നത്. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അമൃത് കലശ് യാത്ര സംഘടിപ്പിച്ചു

മേരി മാട്ടി മേരാ ദേശ്’ – എന്റെ മണ്ണ് എന്റെ രാജ്യം പരിപാടിയുടെ ഭാഗമായി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തില്‍ അമൃത് കലശ് യാത്ര സംഘടിപ്പിച്ചു.പത്തനംതിട്ട നെഹ്‌റുയുവകേന്ദ്രയും വിശ്വഭാരതി സാംസകാരിക വേദി തട്ടയില്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഒരിപ്പുറത്തുനിന്നും മണ്ണ് ശേഖരിച്ചു പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിദ്യാധരപ്പണിക്കര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ നെഹ്റു യുവ കേന്ദ്ര കേരള സ്റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി സി സന്തോഷ് കുമാര്‍, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ പി.സന്ദീപ് കൃഷ്ണന്‍ , വാര്‍ഡ് അംഗം ശ്രീകല, വിശ്വഭാരതിയുടെ രക്ഷാധികാരി വി കെ ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് തിരികെ സ്‌കൂളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തില്‍ നടന്ന തിരികെ സ്‌കൂളില്‍
പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പെരുനാട് ബഥനി ഹൈസ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍ നിര്‍വഹിച്ചു. ആറ് ഡിവിഷനായി 50 കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്തു. റിസോഴ്‌സ് പേഴസണ്‍മാര്‍ ക്ലാസുകള്‍ നയിച്ചു.25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിനു കുടുംബശ്രീ നടപ്പാക്കിയ പദ്ധതിയാണ് തിരികെ സ്‌കൂളില്‍ കാമ്പയിന്‍. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീലമ്മ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജം ടീച്ചര്‍, ഹെഡ്മിസ്ട്രസ് ഉഷ കുമാരി, ഡോ.രജനി മാത്യൂ, ശോഭന മോഹന്‍, സിസിഡിസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സായംപ്രഭ വയോജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ”സായംപ്രഭ” വയോജന കൂട്ടായ്മ പദ്ധതിയുടെ ഉദ്ഘാടനവും വയോജനങ്ങളെ ആദരിക്കലും നാരങ്ങാനം സെന്റ് തോമസ് മര്‍ത്തോമ പള്ളി ഓഡിറ്റോറിയത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി നിര്‍വഹിച്ചു. സമൂഹത്തിന്റെ വിവധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള വയോജനങ്ങളെ ആദരിച്ചു.

കൗണ്‍സിലര്‍ മാജീദ മാഹിന്‍ ജെറിയാട്രിക് പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസ്സെടുത്തു. അടൂര്‍ കാരുണ്യ കണ്ണാശുപത്രിയുടെയും അടൂര്‍ ദേവി സ്‌കാന്‍ ആന്‍ഡ് ലാബോറട്ടറീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ നിര്‍ണയവും സൗജന്യ പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്യാമ്പും നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം പി തോമസ്,നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ദേവസ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് വിശ്വനാഥ്, പി വി അന്നമ്മ , അജി അലക്സ്, ജിജി ചെറിയാന്‍, നാരങ്ങാനം പഞ്ചായത്ത് അംഗം അഖില്‍ നന്ദന്‍, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ജെ.ഗിരിജ , എം.ബി രഘു, റവ. ഡോ പി പി തോമസ് ,വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ അബ്ദുള്‍ ബാരി,ഇലന്തൂര്‍ ബ്ലോക്ക് വനിതാ ശിശുവികസന പദ്ധതി ഓഫീസര്‍ വി. താര തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു

വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനുളള ധനസഹായം(പ്രൊഫഷണല്‍ കോഴ്‌സുകള്‍) പടവുകള്‍’2023-24 സാമ്പത്തിക വര്‍ഷത്തേക്ക് അനുവദിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 31. ഫോണ്‍. 0468 2966649

ശുദ്ധീകരണ യജ്ഞം നടത്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും വൃത്തിയാക്കി. ദേശവ്യാപക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി നടത്തിയ ശ്രമദാന ചടങ്ങ് പത്തനംതിട്ട ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ പി.എല്‍ ബിന്ദു ലക്ഷ്മി ശുദ്ധീകരണ പ്രക്രിയ്ക്ക് നേതൃത്വം നല്‍കി.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 7 ന്

ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ വിവിധ ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം ഒക്ടോബര്‍ ഏഴിന് രാവിലെ 10 ന് ഐടിഐ യില്‍ നടക്കും. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം.

ട്രേഡുകള്‍ : ടൂള്‍ ആന്റ് ഡൈ മേക്കര്‍, മെക്കാനിക് ട്രാക്ടര്‍, വയര്‍മാന്‍, മെക്കാനിക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്റ് അപ്ലയന്‍സ്, സര്‍വേയര്‍, ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍, ഫിറ്റര്‍.

യോഗ്യത : ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും /ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും /ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഫോണ്‍ ; 0479 2452210, 2953150.

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം 9 ന്
ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 10 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9446283678, 9496398131

കരാര്‍ നിയമനം
കേരള മീഡിയ അക്കാദമി വെബ്‌സെറ്റ് നവീകരണം, യൂടൂബ് ചാനല്‍, ന്യൂമീഡിയ പ്രചാരണം തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നതിന് യോഗ്യരായവരെ നിയമിക്കുന്നു. യോഗ്യത : ബിരുദം, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ (മാധ്യമ സ്ഥാപനങ്ങളില്‍) 15 വര്‍ഷത്തില്‍ കുറയാത്ത പരിചയം, ഫ്രീ സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയര്‍ രംഗത്തെ മികവ്, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ 10 വര്‍ഷമെങ്കിലും പരിചയം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16. വിലാസം :സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍ : 0484-2422275,0484-2422068.

പുതിയ അക്ഷയകേന്ദ്രത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ഒഴിവുള്ള നാലു ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ഥലങ്ങളുടെ പേര് ചുവടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് ബ്രായ്ക്കറ്റില്‍. കരിയിലമുക്ക് ജംഗ്ഷന്‍ (കോയിപ്രം), ചേര്‍തോട് ജംഗ്ഷന്‍ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷന്‍ (തിരുവല്ല നഗരസഭ), പാലച്ചുവട് ജംഗ്ഷന്‍ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം

http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ ഓഫീസ്, ഹെലന്‍ പാര്‍ക്ക്,പത്തനംതിട്ട-689645) തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322706.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8078140525.

(പിഎന്‍പി 3323/23)കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം 7 ന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ ഏഴിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

error: Content is protected !!