വയോജന ദിനത്തില്‍ നൂറ്റൊന്ന്കാരി ശോശാമ്മയ്ക്ക് പത്തനംതിട്ട ജില്ലയുടെ ആദരം: ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു

 

konnivartha.com: മോളെന്നെ കാണാന്‍ വന്നതില്‍ ഒത്തിരി സന്തോഷം. എല്ലാവരേയും ഈശ്വരന്‍ രക്ഷിക്കും എന്നു ജില്ലാ കളക്ര്‍ ഡോ.ദിവ്യ എസ് അയ്യരോടു പറയുമ്പോള്‍ ശോശാമ്മ സക്കറിയയുടെ കണ്ണുകളില്‍ ആനന്ദാശ്രു പൊഴിയുകയായിരുന്നു.

ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം 100 വയസു കഴിഞ്ഞ വോട്ടര്‍മാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടില്‍ ശോശാമ്മ സക്കറിയ (101)യുടെ വീട്ടില്‍ കളക്ടര്‍ നേരിട്ടെത്തിയത്.

കുട്ടികളെപ്പോലെ സന്തോഷവതിയായിരുന്നു ശോശാമ്മ. മരിച്ചു പോയ ഭര്‍ത്താവ് ചാക്കോസക്കായിയും താനും കര്‍ഷകരായിരുന്നെന്നും, മക്കള്‍ മൂന്നു പേരും എക്‌സ് സര്‍വീസ്മാന്‍മാരായിരുന്നുവെന്നും, കുട്ടികളെ മികച്ച രീതിയില്‍ വളര്‍ത്തി പഠിപ്പിച്ചുവെന്നും പറയുമ്പോള്‍ ശോശാമ്മയ്ക്ക് അഭിമാനം.

 

തന്റെ നൂറു വര്‍ഷത്തെ കഥകള്‍ ചിരിച്ചും ചിന്തിപ്പിച്ചും അമ്മ പറഞ്ഞു കൊണ്ടേയിരുന്നു. കുട്ടികളുടെ കൗതുകത്തോടെ കളക്ടര്‍ അതു കേട്ടിരുന്നു. മൂന്നു മക്കള്‍, അവരുടെ മരുമകള്‍, അഞ്ചു കൊച്ചു മക്കള്‍, അവരുടെ മക്കള്‍ എന്നിങ്ങനെ നാലു തലമുറയെ കണ്ടു ജീവതം തുടരുകയാണ് ശോശാമ്മ.

ഓരോ രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയുമാണ് അടുത്ത തലമുറ നല്ല രീതിയില്‍ ജീവിക്കാനാവുന്ന തരത്തിലുള്ള സ്ഥിതിയിലെത്തുന്നത്. അതിനാല്‍ത്തന്നെ ജീവിതത്തിന്റെ സായാഹ്ന ഘട്ടത്തിലേക്ക് കടന്ന വയോജനങ്ങള്‍ക്ക് താങ്ങാകേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് കളക്ടര്‍ പറഞ്ഞു. പൊന്നാട അണിയിച്ച് ആദരിച്ച കളക്ടര്‍ ശോശാമ്മയോടെപ്പം കേക്കുമുറിച്ച് മധുരം പങ്കിട്ടു. ശോശാമ്മയെ മാറോടണച്ച് മുത്തവും നല്‍കി മാതൃവാത്സല്യവും നുകര്‍ന്നാണ് കളക്ടര്‍ മടങ്ങിയത്.

ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, അടൂര്‍ തഹസീല്‍ദാര്‍ ജോണ്‍ സാം, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സജീവ്, വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ്, ബി എല്‍ ഒ വി. ബീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!