വലഞ്ചുഴി ടൂറിസം പദ്ധതിക്ക് ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി വീണാ ജോര്‍ജ്

 

പദ്ധതി ഡിസംബറില്‍ ആരംഭിക്കും
konnivartha.com: പത്തനംതിട്ട ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ നേട്ടമാകുന്ന വലഞ്ചുഴി ടൂറിസം പദ്ധതിക്കായി ആറ് കോടി 98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പൈപ്പിടലിനെ തുടര്‍ന്ന് കരാറുകാരന്റെ അനാസ്ഥ മൂലം താറുമാറായ റോഡ് എത്രയും വേഗത്തില്‍ സഞ്ചാരയോഗ്യമാക്കണം. സെന്റ് പീറ്റേഴ്സ് ജംഗ്ഷന്‍ മുതല്‍ അബാന്‍ വരെ പൂര്‍ത്തീകരിച്ചതായി വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ടെന്നും റോഡിന്റെ ആധുനികവത്ക്കരണം സാധ്യമാക്കുന്നതിന് ശേഷിക്കുന്ന ഭാഗം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

റോഡ് നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാര്‍ സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കണം. പൈപ്പ്‌ലൈനിന് വേണ്ടി റോഡ് കുഴിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് പൂര്‍വസ്ഥിതിയിലാക്കണമെന്നതില്‍ വിട്ടുവീഴ്ച പാടില്ല. സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍ മുതല്‍ അഴൂര്‍ ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ സൗന്ദര്യവത്ക്കരണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം.

പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്ന ക്രമത്തില്‍ ഡ്രൈഡേ ആചരിക്കണം. സ്ഥിരമായ ഹോട്ട്‌സ്‌പോട്ടുകളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും ഒക്ടോബര്‍ 1, 2 തീയതികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.

പുളിക്കീഴ് ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. നെടുങ്കുന്നം കാവനാല്‍ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കുന്നന്താനം ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം ഉടന്‍ നടത്തണം. നിരണം പഞ്ചായത്തിലെ സിഎംഎല്‍ആര്‍പിയില്‍ ഉള്‍പ്പെട്ട നാല് പ്രവൃത്തികള്‍ നിര്‍ത്തി വച്ചതിന്റെ വിശദീകരണം പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ നല്‍കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

ജില്ലയിലെ പ്രധാനറോഡുകളില്‍ പൈപ്പ് ലൈന്‍ ഇടുന്ന പ്രവൃത്തികള്‍ നടത്തിയാല്‍ റോഡിലെ കുഴികള്‍ വേഗത്തില്‍ അടയ്ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.

പ്രകൃതിക്ഷോഭം മൂലവും വിള ഇന്‍ഷുറന്‍സിലൂടെയും കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കുടിശിക തുക എത്രയും വേഗത്തില്‍ ലഭ്യമാക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി അഡ്വ. കെ. ജയവര്‍മ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കണം. റോഡ് അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടി പഞ്ചായത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണം. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ചികിത്സാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. ശാസ്താംകോയിക്കല്‍-എഴുമറ്റൂര്‍ റോഡ്, മൂശാരിക്കവല-പരിയാരം റോഡ്, പത്തനംതിട്ട-വെട്ടിപ്രം റോഡ്, ചക്രശാലക്കടവ്- കദളിമംഗലം റോഡ് എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കണം. തിരുവല്ല റവന്യുടവറിലെ പ്രവര്‍ത്തനരഹിതമായ ലിഫ്റ്റ് മാറ്റണമെന്നും മുത്തൂര്‍ ചുമത്ര റോഡിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം ബി.രാധാകൃഷ്ണന്‍,
തിരുവല്ല സബ്കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഡെപ്യുട്ടി പ്ലാനിംഗ് ഓഫീസര്‍ ജി.ഉല്ലാസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.

error: Content is protected !!