സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു

 

സംവിധായകൻ കെ.ജി ജോർജ് (77)അന്തരിച്ചു.കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം.ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം.

രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ച വ്യക്തിയാണ് കെ.ജി ജോർജ്. 1970കൾ മുതൽ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരിൽ ഒരാളായാണ് ജോർജ് കണക്കാക്കപ്പെടുന്നത്.

1975 ൽ സ്വപ്‌നാടനം എന്ന ചിത്രത്തിലൂടെയാണ് കെ.ജി ജോർജ് സ്വതന്ത്ര സംവിധായകനാകുന്നത്. ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന അവാർഡും അദ്ദേഹത്തെ തേടിയെത്തി. ഇതുൾപ്പെടെ 9 സംസ്ഥാന പുരസ്‌കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കി. 2015 ൽ ജെ.സി ഡാനിയേൽ അവാർഡ് നൽകി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.

 

പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു.

 

കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാംവിധം ഉയർത്തി. ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്‌കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സിൽ എന്നും ഇടം പിടിക്കുന്നവയാണ്. വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്ത ഇതുപോലുള്ള സംവിധായകർ അധികം ഉണ്ടാവില്ല. മലയാള ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ് കെ ജി ജോർജിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 

error: Content is protected !!