പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 23/09/2023)

 

സംഘാടക സമിതി രൂപീകരണ യോഗം 30 ന്
ജില്ലയിലെ ശിശുദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി 30 ന് ഉച്ചയ്ക്ക് 2:30 ന് എഡിമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ അറിയിച്ചു.

 

പരിശീലനം സംഘടിപ്പിക്കും
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  ശാസ്ത്രീയ ആട് വളര്‍ത്തലും അതിന്റെ പരിചരണവും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു.  സെപ്റ്റംബര്‍ 26ന്  തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍, സെപ്റ്റംബര്‍ 25ന്  വൈകുന്നേരം 3 ന് മുമ്പായി 8078572094 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ആഫീസില്‍    25ന്  രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും.  വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്.  താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 25ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. ഫോണ്‍: 0468 2322762


അപേക്ഷ ക്ഷണിച്ചു

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക്2023 – 2024 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന ്ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.
2023 – 2024 അധ്യായന വര്‍ഷത്തില്‍ എട്ട്,ഒമ്പത്,10, എസ്എസ്എല്‍സി ക്യാഷ്അവാര്‍ഡ്/ പ്ലസ് വണ്‍ /ബി.എ./ ബി.കോം / ബി.എസ് .സി / എം .എ / എം.കോം/ (പാരലല്‍സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല ) എം.എസ് .ഡബ്ലിയു / എം.എസ് .സി./ ബി.എഡ് / പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിംഗ് / എം.ബി.ബി.എസ് / ബി.ഡി.എസ് /ഫാംഡി / ബി .എസ്.സി.നഴ്‌സിംഗ് / പ്രൊഫഷണല്‍പി .ജി.കോഴ്‌സുകള്‍ / പോളിടെക്നിക ്ഡിപ്ലോമ /  ടി .ടി .സി./ ബി.ബി.എ / ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് / പാരാമെഡിക്കല്‍ കോഴ്‌സ് / എംസിഎ / എംബിഎ / പിജിഡിസിഎ / എഞ്ചിനീയറിംഗ് (ലാറ്ററല്‍എന്‍ട്രി ) അഗ്രിക്കള്‍ച്ചറല്‍ / വെറ്ററിനറി / ഹോമിയോ /ബി.ഫാം / ആയുര്‍വേദം / എല്‍എല്‍ബി (3 വര്‍ഷം , 5  വര്‍ഷം ) ബിബിഎം / ഫിഷറീസ് / ബിസിഎ / ബി.എല്‍ .ഐ .എസ് .സി./ എച്ച് .ഡി.സി. ആന്‍ഡ് ബിഎം / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് / സി.എ.ഇന്റര്‍മീഡിയറ്റ് /  മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്‌കോച്ചിംഗ്,സിവില്‍ സര്‍വീസ് കോച്ചിംഗ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.  മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഡിസംബര്‍ 20ന്  അഞ്ചുവരെ www.labourwelfarefund.in എന്നെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി  സമര്‍പ്പിക്കണം. ഓഫ്‌ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

മത്സരങ്ങള്‍  സംഘടിപ്പിക്കുന്നു
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ കേരള വനം വന്യജീവി വകുപ്പ് സംസ്ഥാന/ജില്ലാതലത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍  സംഘടിപ്പിക്കുന്നു. പത്തനംതിട്ട ജില്ലാതല മത്സരങ്ങള്‍ തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും.  എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്ററി/കോളേജ് വിഭാഗം വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ്, എച്ച്.എസ്, ഹയര്‍ സെക്കന്ററി/കോളേജ് വിഭാഗം വിദ്യാര്‍ഥികള്‍ക്കായി  ഉപന്യാസ രചന  മത്സരം എന്നിവ ഒക്‌ടോബര്‍ 2 നും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി/ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍   ഒക്‌ടോബര്‍ 3 നും രാവിലെ 9 മുതല്‍ നടത്തും.   മത്സരത്തില്‍ പങ്കടുക്കുവാന്‍ താല്‍പ്പര്യമുളള കുട്ടികള്‍ പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  മത്സര വിജയികള്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കുളള സംസ്ഥാനതല മത്സരങ്ങള്‍ ഒക്‌ടോബര്‍ 8 ന് നടക്കും.ഫോണ്‍: 0468-2243452, 8547603707

ഉത്ഘാടനം ചെയ്തു
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്  ഗാന്ധി ജയന്തി  ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്‌പെഷ്യല്‍ റിബേറ്റ്  മേളയുടെ  ജില്ലാതല ഉത്ഘാടനം  റാന്നി- ചേത്തോങ്കരയില്‍  പ്രവര്‍ത്തിക്കുന്ന  ഖാദി ഗ്രാമസൗഭാഗ്യയില്‍ റാന്നി-പഴവങ്ങാടി  പഞ്ചായത്ത് പ്രസിഡന്റ്  അനിത അനില്‍കുമാര്‍ നിര്‍വഹിച്ചു.  സെപ്തംബര്‍  23 മുതല്‍    ഒക്ടോബര്‍ 3 വരെയാണ്   സ്‌പെഷ്യല്‍ റിബേറ്റ് മേള നടക്കുക.ജില്ലാ ഖാദി ഗ്രമവ്യവസായ ബോര്‍ഡിന്റെ  കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട(അബാന്‍ജംഗ്ഷന്‍), റവന്യൂ ടവര്‍ അടൂര്‍,  റാന്നി-ചേത്തോങ്കര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദിഗ്രാമസൗഭാഗ്യകളില്‍   മേളയോടനുബന്ധിച്ച്  വിപുലമായ  ഖാദി വസ്ത്ര ശേഖരം ക്രമീകരിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക്  0468  2362070 എന്ന നമ്പരില്‍  ബന്ധപ്പെടാം. വാര്‍ഡ് മെമ്പര്‍  വി.സി. ചാക്കോ  അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോജക്ട് ആഫീസര്‍ എം.വി.മനോജ് കുമാര്‍. അസി. രജിസ്ട്രാര്‍  ടി.എസ്. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഗോത്ര സാരഥി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും, നിരപ്പായ സ്ഥലങ്ങളില്‍ താമസിച്ചു വരുന്നതും, സ്‌കൂള്‍ തലത്തില്‍ പഠിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ പട്ടികവര്‍ഗ കുട്ടികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളില്‍ നിന്നും, വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ നാലിന് വൈകിട്ട് മൂന്നു വരെ. ഫോണ്‍: 04735 227703
(പിഎന്‍പി 3237/23)

ലാബ് ടെക്‌നീഷ്യന്‍ (ബ്ലഡ് ബാങ്ക്) നിയമനം
കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സോസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ (ബ്ലഡ് ബാങ്ക്) തസ്തികയിലേക്ക് താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.ഒഴിവുകളുടെ എണ്ണം ഒന്ന.്
യോഗ്യത : ഡിഎംഎല്‍ടി (പ്ലസ് ടു പൂര്‍ത്തീകരിച്ചവര്‍), പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അല്ലെങ്കില്‍ ബിഎസ്‌സി എംഎല്‍ടി /എംഎസ്‌സി എംഎല്‍ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ബ്ലഡ് ബാങ്കിംഗില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.
അപേക്ഷകര്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ അംഗീകാരമുളള സര്‍വകലാശാലകളില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകര്‍ യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അടക്കം ചെയ്ത അപേക്ഷകള്‍ സെപ്റ്റംബര്‍ 29 ന്  വൈകുന്നേരം അഞ്ചിന് മുമ്പായി കോന്നി ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ അടക്കം ചെയ്തിരിക്കുന്ന കവറിന്റ പുറത്ത് തസ്തികയുടെ പേര് എഴുതണം. ഫോണ്‍ : 0468 2952424

അപേക്ഷ ക്ഷണിച്ചു
തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്‌സുകള്‍ പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2023-24ലെ പ്രൊഫഷണല്‍ കോഴ്‌സ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. അര്‍ഹരായ വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക് അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ജില്ലാ സൈനികക്ഷേമ ഓഫീസ്, പത്തനംതിട്ടയില്‍  ബന്ധപ്പെടാം.ഫോണ്‍: 0468-2961104.

കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി വര ഉത്സവം : തട്ട ഗവ എല്‍ പി സ്‌കൂളില്‍ വര ഉത്സവം നടത്തി
പ്രീ പ്രൈമറി കുട്ടികളുടെ നൈസര്‍ഗ്ഗികമായ വരക്കുവാനുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന വര ഉത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

വര ഉത്സവത്തില്‍ പങ്കെടുത്ത രക്ഷകര്‍ത്താക്കളും , കുട്ടികളും വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ വരച്ചു.എസ് എം സി ചെയര്‍മാന്‍ അഭിലാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപ്പണിക്കര്‍, ബിപിഒ പ്രകാശ് കുമാര്‍,ബിആര്‍സി ട്രെയിനേഴ്‌സ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജനി,പ്രീ പ്രൈമറി അധ്യാപിക രമാദേവിയമ്മ,രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമിതി രൂപീകരണ യോഗം 30 ന്
ജില്ലയിലെ ശിശുദിനാഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനുമായി 30 ന് രാവിലെ 11ന് എഡിമിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി.പൊന്നമ്മ അറിയിച്ചു.


ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ 15 മണ്ണ് സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍: 0468 22 24070. വെബ് സൈറ്റ് :www.etenders.kerala.gov.in

പേവിഷബാധ നിയന്ത്രണ പദ്ധതി
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ കുറിയന്നൂര്‍ മൃഗാശുപത്രി വഴി നടപ്പാക്കുന്ന പേവിഷബാധ നിയന്ത്രണ പദ്ധതി 25 ന് ആരംഭിക്കും.25, 26 തീയതികളില്‍ ചിറയിറമ്പ് മൃഗാശുപത്രിയിലും ,28,29 തീയതികളില്‍ തോട്ടപ്പുഴശേരി വെറ്ററിനറി സബ് സെന്ററിലും രാവിലെ 10 മുതല്‍ 12 വരെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകള്‍ നടക്കും. ഓമന മൃഗങ്ങള്‍ക്ക് കുത്തിവയ്ക്കപ്പെടുത്ത് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് കൈപ്പറ്റണം. ഒരു കുത്തിവയ്പ്പിന് 45 രൂപയാണ് ചാര്‍ജ് എന്നും കുറിയന്നൂര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

 

എലിപ്പനിക്കെതിരെ മുന്‍ കരുതല്‍വേണം: ഡി.എം.ഒ
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു.

ലെപ്റ്റോസ്പൈറ വിഭാഗത്തില്‍പെട്ട ബാക്ടീരിയ വഴിയാണ് എലിപ്പനി ഉണ്ടാകന്നത്. കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും മറ്റ് മൃഗങ്ങളും ഇതിന്റെ രോഗവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ അത് കലര്‍ന്ന മണ്ണോ ,വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത് . ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍, മലിനജല സമ്പര്‍ക്കത്തില്‍  ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മലിനമായ തോടുകളിലും ജലാശയങ്ങളിലും മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ തുടങ്ങിയവരില്‍ രോഗ സാധ്യത കൂടുതലാണ്. മലിനജലത്തില്‍ നിന്നും ശരീരത്തിലെ ചെറിയ മുറിവുകളില്‍ കുടിയോ, കണ്ണ്, മൂക്ക്, വായ എന്നിവ വഴിയോ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളായ കയ്യുറ, കാലുറകള്‍ എന്നിവ ഉപയോഗിക്കണം. കൂടാതെ ശരീര ഭാഗങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനമായ വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടാകാതെ നോക്കണം.

പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, ഓക്കാനം, കണ്ണിന് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ .തുടക്കത്തിലേ രോഗ നിര്‍ണയം നടത്താതിരുന്നാല്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളേയും ബാധിക്കും. ഇവയെല്ലാം മരണ കാരണമായേക്കാം. എലിപ്പനിക്കെതിരെയുള്ള മുന്‍കരുതല്‍ മരുന്നും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവര്‍ തങ്ങളുടെ തൊഴില്‍ പശ്ചാത്തലം ഡോക്ടറോട് പറയുന്നത് രോഗനിര്‍ണയം എളുപ്പമാക്കും. രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഗുളിക ( 100 മില്ലി ഗ്രാമിന്റെ രണ്ടെണ്ണം) ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കുക. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭ്യമാണെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

പ്രതിരോധമാര്‍ഗങ്ങള്‍

പനി, തലവേദന, ശരീരവേദന എന്നിവ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുക.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക.

ശരീരത്തില്‍ മുറിവുള്ളപ്പോള്‍ മലിന ജലത്തില്‍ ഇറങ്ങാതിരിക്കുക.
ആഹാരവും കുടിവെള്ളവും എലി മൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവെക്കുക.
ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കുക.
കാലിത്തൊഴുത്തിലെ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍സംസ്‌കരിക്കുക.
വീടും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെ വൃത്തിയായി സൂക്ഷിക്കുക.


അപേക്ഷ ക്ഷണിച്ചു

പ്രമാടം ഗ്രാമപഞ്ചായത്തിലെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗവ.എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് കലാപരിശീലനം ( ചിത്ര രചന, സംഗീതം ) നല്‍കുന്നതിന് അടിസ്ഥാന യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ നാലിന് വൈകിട്ട് നാല് വരെ പ്രമാടം ഗവ.എല്‍പി സ്‌കൂളില്‍ സ്വീകരിക്കും. കൂടിക്കാഴ്ച ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് പ്രമാടം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവര്‍ അന്നേദിവസം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0468 2335340, 9497228170

അപേക്ഷ ക്ഷണിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയിലെ ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന യൂസര്‍ ഫീയുടെ 90 ശതമാനം തുക പ്രതിഫലമായി നല്‍കും.വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഏഴു ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.പ്രായപരിധിയില്ല. ഫോണ്‍: 0468 2362037


കശുവണ്ടി വ്യവസായ ബന്ധസമിതി യോഗം 26 ന്

സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായി കശുവണ്ടി വ്യവസായ ബന്ധസമിതി യോഗം 26 ന് ഉച്ചയ്ക്ക് 12ന് കൊല്ലം ആശ്രാമം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. യോഗത്തില്‍ പത്തനംതിട്ട ജില്ലയിലുള്ള കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു

 

വിദ്യാകിരണം പദ്ധതി അവലോകനയോഗം: മാതൃകാപരമായ പ്രവൃത്തികള്‍ കാഴ്ച വയ്ക്കുന്ന ആദ്യ ഇടം വിദ്യാലയങ്ങള്‍ : ജില്ലാ കളക്ടര്‍

മാതൃകാപരമായ പ്രവൃത്തികള്‍ കാഴ്ച വയ്ക്കുന്ന ആദ്യ ഇടം വിദ്യാലയങ്ങളാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിദ്യാകിരണം പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ഹരിതവിദ്യാലയങ്ങള്‍ എന്ന ആശയം മുന്‍നിര്‍ത്തി തദ്ദേശഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് എസ്പിസി , എന്‍എസ്എസ്, എന്‍സിസി ഗ്രൂപ്പുകളുടെ സഹായത്തോടെ വിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവൃത്തികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികളിലെ ശീലവത്ക്കരണം പ്രധാനപ്പെട്ടതാണ്.

ബ്രഹ്‌മപുരം മാലിന്യപ്രശ്നം ഒരു മുന്നറിയിപ്പാണ്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ജനകീയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് പ്രാധാന്യം നല്‍കണം. സമഗ്രഗുണമേന്മാപദ്ധതിയുടെ കൃത്യമായ അവലോകനം എഇഒമാര്‍ നടത്തണം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എഇഒമാരുടെ ഇടപെടലുകളുണ്ടാകണം. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നത് തടയണം. അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും വിദ്യാകിരണം പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ എത്രയും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ രാജു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഇന്‍കല്‍, കില പ്രോജക്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!