മൊബൈല്‍ ലാബിന്‍റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു

 

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. ബി.എസ്.എല്‍. ലെവല്‍ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്.

കൂടുതല്‍ നിപ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ ഈ മൊബൈല്‍ ലാബ് കൂടി സജ്ജമാക്കിയതോടെ സാധിക്കുന്നതാണ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കല്‍, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളില്‍ നിപ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്. ഇതുകൂടാതെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ സേവനം കൂടി ലഭ്യമാക്കുന്നത്.

ഒരേ സമയം 96 സാമ്പിളുകള്‍ വരെ പരിശോധിക്കാനുള്ള സംവിധാനം ഈ മൊബൈല്‍ ലാബിലുണ്ട്. 3 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം ലഭ്യമാകും. വൈറല്‍ എക്‌സ്ട്രാക്ഷന്‍, റിയല്‍ ടൈം പി.സി.ആര്‍. എന്നിവ ലാബില്‍ ചെയ്യാന്‍ കഴിയും. ടെക്‌നിക്കല്‍ സ്റ്റാഫ്, ഇലക്ട്രിക്കല്‍ തുടങ്ങി 5 പേരുടെ സംഘമാണ് ലാബിലുണ്ടാകുക.

 

പോസിറ്റീവായവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ പോലീസ് സഹായം തേടും

ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കച്ചു

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താൻ പോലീസ് സഹായം തേടാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിപ അവലോകന യോഗത്തിൽ നിർദേശം നൽകി. ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമായും ധരിക്കണം. എൻ.ഐ.വി. പൂനെയുടെ മൊബൈൽ ടീം സജ്ജമായിട്ടുണ്ട്. കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ മൊബൈൽ ടീമും എത്തുന്നുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യമുണ്ടായാൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താൻ കെ.എം.എസ്.സി.എല്ലിന് മന്ത്രി നിർദേശം നൽകി.

മന്ത്രിമാരായ വീണാ ജോർജ്, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം ചേർന്നത്. നാളെ വിപുലമായ യോഗം ചേരുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കേന്ദ്ര സംഘവും കോഴിക്കോട് സന്ദർശനം നടത്തി. കേന്ദ്രസംഘം പ്രവർത്തനങ്ങൾ വിലയിരുത്തുകയും തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

നിപ സർവയലൻസിന്റെ ഭാഗമായി വ്യാഴാഴ്ച പുതുതായി 234 പേരെ കൂടി കണ്ടെത്തി. ആകെ 950 പേരാണ് ഇപ്പോൾ നിപ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 213 പേരാണ് ഹൈ റിസ്സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവർത്തകർ സമ്പർക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള 4 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തിലുള്ളത്. 17 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും നിരീക്ഷണത്തിലുണ്ട്. ബുധനാഴ്ച പോസ്റ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചു.

എക്സ്പേർട്ട് ടീം, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിൽ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഫീൽഡിൽ സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു. ടെലിമനസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ഹൈ റിസ്‌കിലുള്ളവരെ വിളിച്ച് മാനസിക പിന്തുണ ഉറപ്പാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, കോഴിക്കോട് ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!