കൂടൽ ഇഞ്ചപ്പാറ കാരക്കാകുഴി ജനവാസ മേഖലയിൽ നാലു പുലികള്‍

 

konnivartha.com: കൂടൽ ഇഞ്ചപ്പാറ കാരക്കാകുഴി ജനവാസ മേഖലയിൽ നാലു പുലിയെ കണ്ടതായി പ്രദേശവാസി.പ്രദേശവസിയായ മഠത്തിലേത്ത് ബാബുവിന്‍റെ പശുക്കിടാവിനെ പുലി പിടിച്ചു . രണ്ടുദിവസം മുമ്പ് ബാബുവിന്‍റെ കിടാവിനെ കാണാതായിരുന്നു . തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കിടാവിനെ സമീപത്ത് കണ്ടെത്തുകയായിരുന്നു. പുലിപിടിച്ചതാകാം എന്ന സംശയത്തിൽ കിടാവിന്‍റെ ബാക്കി ഭാഗം അവിടെ തന്നെ ഇട്ടു . പുലി ഇത് ഭക്ഷിക്കാൻ എത്തുമെന്ന് ഉറപ്പിച്ച് കുടുംബം കഴിഞ്ഞ രാത്രി വീടിന് സമീപം കാവൽ കിടക്കുകയും ചെയ്തു.

ഏഴരയോടെ ഈ ഭാഗത്ത് പട്ടി കുരക്കുന്ന ശബ്ദം കേൾക്കുകയും ബാബു ടോർച്ച് അടിച്ച് നോക്കുകയും ചത്ത പശു കിടാവിന്‍റെ സമീപത്ത് നാല് പുലികളെ കാണുകയും ചെയ്തു. പാടത്ത് നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.പശു കിടാവിനെ പുലി പൂർണ്ണമായും തിന്ന അവസ്ഥയിലാണ്.

പ്രദേശത്ത് പലരും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടിരുന്നു.ഒരു വർഷം മുൻപ് കൂടൽ ഇഞ്ചപാറ ഭാഗത്ത് പുലി സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.നിരവധി പേരുടെ വളർത്തു മൃഗങ്ങളെ പിടിക്കുകയും, പുലിയുടെ മുന്നിൽ നിന്നും നിരവധി പേര് തല നാരിയയ്ക്ക് രക്ഷപ്പെടുകയും, മുറിഞ്ഞകൽ ഭാഗത്ത് വീട്ടിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിയുകയും ചെയ്തിരുന്നു.

പിന്നീടുണ്ടായ വലിയ പ്രതിഷേധത്തിനൊടുവിൽ കോന്നി എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പ്രദേശത്ത് കൂട് സ്ഥാപിക്കുകയും ഹെലിക്യാം ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.എന്നാൽ പുലിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇതിനുശേഷമാണ് ഒരു വർഷത്തിന് ശേഷം ഈ ഭാഗത്ത് വീണ്ടും പുലി സാന്നിധ്യം ഉണ്ടായത്. പ്രദേശത്ത് പലഭാഗങ്ങളിലും വലിയ കാടുവളർന്ന നിലയിലാണ്. ഇത് തെളിക്കാൻ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് പ്രദേശവാസികൾ പറഞ്ഞു

error: Content is protected !!