പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ /വാര്‍ത്തകള്‍ ( 17/08/2023)

ജില്ലയില്‍ ഓണത്തിന് 119 പഴം പച്ചക്കറി വിപണികള്‍
കൃഷിവകുപ്പിന്റെ കീഴില്‍ ജില്ലാതല ഏകോപന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഓമല്ലൂര്‍ ശങ്കരന്റെ  അധ്യക്ഷതയില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും ഓരോ മാര്‍ക്കറ്റ് വീതവും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 46 മാര്‍ക്കറ്റുകളും വിഎഫ്പിസികെ യുടെ നേതൃത്വത്തില്‍ 16 മാര്‍ക്കറ്റുകളും ചേര്‍ന്ന് 119 മാര്‍ക്കറ്റുകള്‍ നടത്തും.   ഈ മാസം 25  മുതല്‍ 28 വരെയായിരിക്കും മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.  കര്‍ഷകരില്‍ നിന്നും  10 ശതമാനം അധിക വിലയില്‍ നേരിട്ട് സംഭരിക്കുന്ന പഴം പച്ചക്കറി ഇനങ്ങള്‍ വിവിധ വിപണികള്‍ മുഖാന്തിരം സബ്സിഡി നിരക്കില്‍ വില്‍പ്പന നടത്തും. ലഭ്യതക്കുറവുളള പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് വഴി വിപണികളിലെത്തിക്കാന്‍ നടപടി സ്വീകരിക്കും.  ഈ വര്‍ഷം നാടന്‍ ശര്‍ക്കര വളളിക്കോട്, കോട്ടാങ്ങല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ കര്‍ഷക സംഘടനകള്‍ വഴി ലഭ്യമാക്കുന്നതിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് മായാ അനില്‍കുമാര്‍,  കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ വി.ജെ റെജി,  സി.ആര്‍ രശ്മി, വിഎഫ്പിസികെ ജില്ലാ മാനേജര്‍ ഷൈലാപിളള, ഹോര്‍ട്ടികോര്‍പ്പ് മാനേജര്‍, മാത്യു എബ്രഹാം, കൃഷിക്കൂട്ടം പ്രതിനിധി രാജന്‍ മാത്യു തുടങ്ങിയവര്‍  പങ്കെടുത്തു.

ചെങ്കണ്ണ് പടരുന്നു – ശ്രദ്ധ വേണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജില്ലയില്‍ പല ഭാഗത്തും ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. എല്‍. അനിതകുമാരി. അറിയിച്ചു. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ കഴിയും. ചെങ്കണ്ണുണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണം.

എന്താണ് ചെങ്കണ്ണ്?
കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണു ബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ ് എന്നിവ മൂലം രോഗം ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സക്ക് ഡോക്ടറെ സമീപിക്കണം.

രോഗലക്ഷണങ്ങള്‍
കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍.

എത്ര ദിവസം വിശ്രമിക്കണം
ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ ഏഴ് ദിവസം വരെയും രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരെയും നീണ്ടുനില്‍ക്കാം. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെങ്കണ്ണ് വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വമാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗം. രോഗം ബാധിച്ച
വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവല്‍ തുടങ്ങിയവമറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം . വീട്ടില്‍ ചെങ്കണ്ണ് ബാധിച്ചവ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാക്കുന്ന ജോലികള്‍ ചെയ്യരുത്.

സ്വയം ചികിത്സിക്കേണ്ട.
സ്വയം ചികിത്സ ഒഴിവാക്കണം. മുലപ്പാല്‍, പച്ചില മരുന്നുകള്‍ എന്നിവയും ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ മരുന്ന് വാങ്ങിയും കണ്ണിലൊഴിക്കരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിന് ചികിത്സ ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കര്‍ഷകദിനാചരണം ഉദ്ഘാടനം ഇന്ന് (17)
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തആഭിമുഖ്യത്തില്‍ നടത്തുന്ന കര്‍ഷകദിനാചരണത്തിന്റെ  ഉദ്ഘാടനം ഇന്ന് (17) രാവിലെ ഒന്‍പതിന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിക്കും.  വിളംബര ഘോഷയാത്രയും കാര്‍ഷിക സെമിനാറും സംഘടിപ്പിക്കും. കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും കുടുംബശ്രീയുടെയും കാര്‍ഷിക സ്റ്റാളുകള്‍ ഒരുക്കും.
ആത്മ പ്രോജക്ട് ഡയറക്ടര്‍ ജോയിസി കെ കോശി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വിശദീകരണം നടത്തും.
വിളകളുടെ ഉത്പാദനവര്‍ധനവിന് മണ്ണ് പരിശോധനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ജില്ലാ മണ്ണ് പരിശോധന കേന്ദ്രം അസിസ്റ്റന്റ് സോയില്‍ കെമികിസ്റ്റ് എസ്. പുഷ്പ ക്ലാസ് നയിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കര്‍ഷകരെ ആദരിക്കും.

ആറന്മുള ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന്
ചരിത്രപ്രസിദ്ധ ആറന്മുള ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാറന്മുള ക്ഷേത്രക്കടവില്‍ നടക്കും. എ, ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങളാണ് മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നത്. എ ബാച്ചിന്റെ ഹീറ്റ്സ്, സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളും ബി ബാച്ചിന്റെ ഹീറ്റ്സ്, ഫൈനല്‍ മത്സരങ്ങളുമാണ് നടക്കുന്നത്.
ജലോല്‍സവത്തിന് മുന്നോടിയായുള്ള ജലഘോഷയാത്ര ഒരു മണിക്ക് ആരംഭിക്കും. 12:30 ന് മുന്‍പായി എല്ലാ പള്ളിയോടങ്ങളും ജലഘോഷയാത്രയ്ക്ക് തയാറായി സത്രം പവലിയന് താഴെ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എത്തിച്ചേരണം. സമയം കഴിഞ്ഞെത്തുന്ന പള്ളിയോടങ്ങളെ ജലഘോഷയാത്രയില്‍ നിന്നും മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുന്നതാണ്. ജലഘോഷയാത്രയില്‍ ഏറ്റവും മുന്നിലായി തിരുവോണത്തോണിയും അതിനു പിന്നിലായി എ ബാച്ച് പള്ളിയോടങ്ങളും തുടര്‍ന്ന് ബി ബാച്ച് പള്ളിയോടങ്ങളും പങ്കെടുക്കും. ജല ഘോഷയാത്രയില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങള്‍ സത്രക്കടവില്‍ നിന്നും പരപ്പുഴക്കടവില്‍ വരെ ശ്രീപത്മനാഭ….എന്ന വെച്ചു പാട്ടിന്റെ താളത്തിലാണ് തുഴയേണ്ടത്.
കര്‍ശനമായ നിബന്ധനകള്‍ പാലിച്ചാണ് ഇത്തവണത്തെ ജലോത്സവം സംഘടിപ്പിക്കുന്നത്. ക്ലബുകാരെയും പുറമെ നിന്നുള്ള തുഴച്ചില്‍ക്കാരെയും ഇത്തവണ പൂര്‍ണമായും ഒഴിവാക്കുമെന്ന് പള്ളിയോട സേവാസംഘം അറിയിച്ചു. പള്ളിയോടത്തില്‍ കയറുന്ന തുഴച്ചില്‍കാരുടെ തിരിച്ചറിയല്‍ രേഖ, ഫോട്ടോ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ പള്ളിയോട സേവാസംഘം ഓഫീസില്‍ ആഗസ്റ്റ് 25ന് മുന്‍പ് നല്‍കണം. പള്ളിയോട സേവാ സംഘത്തിന്റെ നിയമാവലിയും റേസ് കമ്മിറ്റിയുടെ തീരുമാനങ്ങളും അനുസരിച്ച് ജലോത്സവത്തില്‍ പങ്കെടുക്കുമെന്നുള്ള സമ്മതപത്രവും എഴുതി നല്‍കണം.
പള്ളിയോട സേവാ സംഘത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പള്ളിയോടങ്ങളെ അയോഗ്യരായി പ്രഖ്യാപിക്കും. മത്സരവള്ളംകളി പൂര്‍ണമായും റെക്കാര്‍ഡ് ചെയ്യും.
2017 ന് ശേഷം ആദ്യമായിട്ടാണ് ആറന്മുളയില്‍ പരമ്പരാഗത ശൈലിയിലുള്ള മത്സരവള്ളംകളി നടക്കുന്നതെന്ന് പള്ളിയോട സേവാ സംഘം സെക്രട്ടറി പാര്‍ത്ഥസാരഥി ആര്‍ പിള്ള , റേസ് കമ്മിറ്റി കണ്‍വീനര്‍ പി.ആര്‍ ഷാജി എന്നിവര്‍ അറിയിച്ചു.

കര്‍ഷകദിനാചരണം ഉദ്ഘാടനം ഇന്ന് (17)
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെയും സര്‍വീസ് സഹകരണ ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് (17) 10 ന് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുതിര്‍ന്ന കര്‍ഷകരെയും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി കര്‍ഷക തൊഴിലാളികളെയും ആദരിക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിക്കന്ന ചടങ്ങില്‍ ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

കര്‍ഷകദിനാചരണം ഉദ്ഘാടനം ഇന്ന് (17)

മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെയും  സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം  ഇന്ന് (17) രാവിലെ 10 ന്  നെടിയകാല മേനോന്‍ സ്മാരക ഗ്രന്ഥശാല ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കര്‍ഷകരെ ആദരിക്കും.


കര്‍ഷകദിനാചരണം ഉദ്ഘാടനം ഇന്ന് (17)

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷകദിനാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് (17) രാവിലെ 10.30 ന് ഇരവിപേരൂര്‍ വൈ.എം.സി.എ ഹാളില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കാര്‍ഷിക സെമിനാറും കര്‍ഷകരുടെ വിവിധ കലാപരിപാടികളും നടക്കും. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരന്‍ പിള്ള അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു കര്‍ഷകരെ ആദരിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് കാര്‍ഷിക വിളകളുടെ തൈ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


നശാ 
  മുക്ത്ഭാരത് അഭിയാന്‍ പദ്ധതി ഉദ്ഘാടനം നടത്തി
രാജ്യം ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍, സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന  നശാ  മുക്ത്ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല ഔദ്യോഗിക പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറസ് ഹാളില്‍ നിര്‍വഹിച്ചു. പദ്ധതി മുഖേന ജില്ലയില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിക്കായി സ്‌കൂള്‍  കോളജ് വിദ്യാര്‍ഥികളുടെ പങ്കാളിത്തം പദ്ധതിയില്‍ അനിവാര്യമാണെന്ന്  ജില്ലാ കളക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ലഹരിയുടെ പ്രലോഭനങ്ങളില്‍ വീണുപോകരുതെന്ന് കളക്ടര്‍ ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍  ജില്ലാ കളക്ടര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ്, ഇലന്തൂര്‍ ആര്‍ട്സ്് ആന്റ് സയന്‍സ് കോളജിലെ എന്‍എസ്എസ് വോളന്റിയേഴ്സ് ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍  ജെ.ഷംലാ ബീഗം, ജില്ലാ സാമൂഹ്യനീതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എം. ശിവദാസ,് ജില്ലാ സാമൂഹ്യനീതി ഉദ്യോഗസ്ഥരായ റ്റി.സുദീപ് കുമാര്‍, എസ്.യു. ചിത്ര, ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.

 
സൂക്ഷമസംരംഭ കണ്‍സള്‍ട്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കുടുംബശ്രീ ബ്ലോക്ക് നോഡല്‍ സൊസൈറ്റി മുഖേന മല്ലപ്പള്ളി ബ്ലോക്കില്‍ നടപ്പാക്കുവാന്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം( എസ്വിഇപി) പദ്ധതിയിലേക്കായി ഫീല്‍ഡ്തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷമസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു. മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുള്ള കുറഞ്ഞത് പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി ഗ്രൂപ്പ്  അംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഹോണറേറിയം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭ മേഖലകളില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍  പരിശീലനത്തില്‍ പങ്കെടുക്കണം.  പൂരിപ്പിച്ച അപേക്ഷയും സ്വയംസാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അയല്‍ക്കൂട്ട/ ഓക്സിലറി ഗ്രൂപ്പ് അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം  കുടുംബശ്രീ  ജില്ലാ മിഷന്‍ ഓഫീസില്‍  ആഗസ്റ്റ് 23 നു വൈകിട്ട് അഞ്ചിന് മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  മല്ലപ്പള്ളി ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ്.  ഓഫീസുമായി  ബന്ധപ്പെടാം.

പറക്കോട് ബ്ലോക്കിലെ റോഡുകള്‍ ഇനി കൂടുതല്‍ സുന്ദരമാവും
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കി പത്തനംതിട്ട ജില്ലയെ സമ്പൂര്‍ണ ശുചിത്വ ജില്ലയാക്കി മാറ്റുവാന്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച സുന്ദര ഗ്രാമം സുന്ദര നഗരം സുന്ദര ജില്ല ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ആദ്യ ശുചിത്വ ബ്ലോക്ക് ആയി പറക്കോട് ബ്ലോക്കിനെ ആഗസ്റ്റ് 19 ന് പ്രഖ്യാപിക്കും. അതിന് മുന്നോടിയായി ബ്ലോക്കിലെ തിരഞ്ഞെടുത്ത റോഡുകളുടെ സൗന്ദര്യ വല്‍ക്കരണം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കും. പറക്കോട് ബ്ലോക്കിലും അടൂര്‍ മുനിസിപ്പാലിറ്റി പരിധിയിലും ഉള്‍പ്പെടുന്ന 2183 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി അംഗങ്ങളായ 33617 പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവും.  വിവിധ ഭാഗങ്ങളിലായി തെരഞ്ഞെടുത്തിരിക്കുന്ന റോഡുകളുടെ ഇരു വശങ്ങളിലും ഓഗസ്റ്റ് 15 ന് രാവിലെ ചെടികള്‍ വെച്ച് പിടിപ്പിക്കും. ഓരോ മേഖലയുടെയും പരിപാലന ചുമതല റോഡിന് ഇരു വശങ്ങളിലുമുള്ള അയല്‍ക്കൂട്ട യൂണിറ്റുകള്‍ക്കാണ് നല്‍കിയിട്ടുള്ളത്. റോഡിന്റെ വശങ്ങള്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സൗന്ദര്യ വല്‍ക്കരണത്തിനായി കൊടുമണ്‍ പഞ്ചായത്തിലെ കൊടുമണ്‍ അങ്ങാടിക്കല്‍ റോഡ്, സ്റ്റേഡിയം ജംഗ്ഷന്‍ ആനന്ദപ്പള്ളി റോഡ്, ഏഴംകുളം പഞ്ചായത്തിലെ ഏഴംകുളം ഏനാത്ത് റോഡ്, ഏനാദിമംഗലം പഞ്ചായത്തില്‍ കെ.പി റോഡ്, മങ്ങാട് പുതുവല്‍ റോഡ്, കടമ്പനാട് പഞ്ചായത്തിലെ ഏനാത്ത്  കടമ്പനാട് റോഡ്, കലഞ്ഞൂര്‍ പഞ്ചായത്തില്‍ കലഞ്ഞൂര്‍ കാരുവയല്‍ റോഡ്, മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പാലം മുതല്‍ അമ്പലം പടി വരെയുള്ള റോഡ്, ഏറത്ത് പഞ്ചായത്തിലെ വടക്കേടത്തുകാവ,് ചൂരക്കോട് റോഡ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്തിട്ടുള്ളത്.

ഓണവിപണി ആരംഭിക്കും
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ കുടുംബശ്രീ മുഖേന വിപണി ഇടപെടലിന്റെ ഭാഗമായി ജില്ലയില്‍ 57  ഓണച്ചന്തകള്‍  ആരംഭിക്കുന്നു.  കൃഷിവകുപ്പ് നേരിട്ട് സംഘടിപ്പിക്കുന്ന ഓണവിപണികള്‍ കൃഷിഭവനുകളില്‍ ഒന്ന് എന്ന തോതില്‍ നടത്തും. കൃഷിഭവന്‍ പരിധിയില്‍  ഞങ്ങളും കൃഷിയിലേക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി ഉത്പാദനം, സംസ്‌ക്കരണം, വിപണനം  എന്നീ മേഖലകളില്‍ രൂപീകരിച്ച കൃഷിക്കൂട്ടങ്ങളുടെ സഹകരണത്തോടെയാണ് ഓണവിപണികള്‍ സംഘടിപ്പിക്കുന്നത്. ഓണ വിപണിക്കായി കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 10 ശതമാനം  അധികം വില നല്‍കി സംഭരിക്കുകയും ഓണ വിപണികളിലൂടെ വില്‍പ്പന നടത്തുമ്പോള്‍ പൊതു വിപണിയിലെ വിലയേക്കാള്‍ 30 ശതമാനം കുറച്ച് വിപണനം നടത്തുകയും ചെയ്യും.  ആഗസ്റ്റ്   25 മുതല്‍ 28 വരെയാണ് ഓണവിപണി നടത്തപ്പെടുന്നത്.  കൃഷിഭവന്‍, ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഓണ വിപണികള്‍ക്കായി നല്‍കുന്ന  കര്‍ഷകന് അനുമോദന പത്രം നല്‍കും. ഫോണ്‍- 9446340941

സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍-അഭിമുഖം 22 ന്
പത്തനംതിട്ട ജില്ലയിലെ ജില്ലാ സഹകരണ ബാങ്കില്‍ ബ്രാഞ്ച് മാനേജര്‍- പാര്‍ട്ട് ഒന്ന്           (എന്‍.സി.എ.1-ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്‍ഡ്യന്‍) (കാറ്റഗറി നമ്പര്‍. 122/19), (എന്‍.സി.എ.1-ഈഴവ/തിയ്യ/ബില്ലവ) (പാര്‍ട്ട്.2-സൊസൈറ്റി ക്വാട്ട) (കാറ്റഗറി നമ്പര്‍. 125/19) ആന്റ് (എന്‍.സി.എ.1-എസ്.സി) (പാര്‍ട്ട് രണ്ട്-സൊസൈറ്റി ക്വാട്ട) (കാറ്റഗറി നമ്പര്‍. 127/19)  എന്നീ തസ്തികകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി ആഗസ്റ്റ്  22 ന് രാവിലെ ഒന്‍പത് മുതല്‍ പത്തനംതിട്ട ജില്ലാ കെ.പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ്  എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.ഫോണ്‍: 0468 2222665.

ഗതാഗത നിയന്ത്രണം
പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കര ഇലവുംതിട്ട റോഡില്‍ ആറന്മുള പഞ്ചായത്തില്‍ കോട്ട ജംഗ്ഷന് സമീപം നിലവിലുളള കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ ഭാരവാഹനങ്ങള്‍ ഈ വഴി കടന്നുപോകുന്നത് നിരോധിച്ചതായി  കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുളക്കുഴ വഴി കോട്ട-എലിമുക്ക് കാരിത്തോട്ട-കിടങ്ങന്നൂര്‍ വഴി പോകേണ്ട ഭാരവാഹനങ്ങള്‍ പൊയ്കമുക്കില്‍  നിന്നും തിരിഞ്ഞു കുറിച്ചിമുട്ടം -വല്ലന വഴി പോകണം.  കിടങ്ങന്നൂര്‍ -കാരിത്തോട്ട വഴികോട്ട-മുളക്കുഴ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങള്‍ മണപ്പളളി-വല്ലന കുറിച്ചിമുട്ടം തിരിഞ്ഞു പൊയ്കമുക്ക് വഴി പോകണം.

കെല്‍ട്രോണ്‍ ഇന്റേണ്‍ഷിപ്പ്
എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി കെല്‍ട്രോണിന്റെ 2023-24 അധ്യയന വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം ആരംഭിച്ചു. ഒന്നു മുതല്‍ നാല് ആഴ്ച വരെ നീണ്ടു നില്‍ക്കുന്ന പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 8078140525, 0469 2961525.

പ്രീഡിഡിസി യോഗം 19 ന്
ജില്ലാ വികസന സമിതി പ്രീഡിഡിസി യോഗം  ആഗസ്റ്റ് 19 ന് രാവിലെ 11 ന് ഓണ്‍ലൈനായി

സി-ഡിറ്റ് പരിശീലനം   
സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോര്‍ജ്ജ സാങ്കേതിക വിദ്യയില്‍ രണ്ടു ദിവസത്തെ പരിശീലനം സെപ്റ്റംബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങള്‍ സി-ഡിറ്റ് വെബ്‌സൈറ്റായ www.cdit.org ല്‍ നിന്ന് ലഭിക്കും. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ഓണ്‍ലെനായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895788233.

സ്പോട്ട് അഡ്മിഷന്‍
നാക് എപ്ലസ്പ്ലസ്  അംഗീകാരമുളള കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുളള നിയന്ത്രണത്തിലുളള എംബിഎ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മാനേജ്മെന്റ് അടൂര്‍ സെന്ററില്‍ ഒഴിവുളള എംബിഎ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഏതെങ്കിലും വിഷയത്തിലുളള ബിരുദം, 50 ശതമാനം മാര്‍ക്കോടെ പാസായ ജനറല്‍ വിഭാഗത്തിനും  48 ശതമാനം മാര്‍ക്കോടെ പാസായ ഒബിസി വിഭാഗത്തിനും  പാസ് മാര്‍ക്ക് നേടിയ എസ്സി/എസ്ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും  എംബിഎ അഡ്മിഷന്‍ നേടാം. എന്‍ട്രന്‍സ് പരീക്ഷകള്‍ പാസാകത്തവര്‍ക്കും അപേക്ഷിക്കാം. അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യു.ഐ.എംഅടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9400300217, 7560992525.

error: Content is protected !!