കോന്നി കരിയാട്ടം: കേരളത്തിൽ ഓണക്കാലത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ടൂറിസം മേളയാകും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

 

konnivartha.com/കോന്നി:കോന്നി കരിയാട്ടം കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായി മാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടം നടത്തിപ്പിനായി രൂപീകരിച്ച വിവിധ സംഘാടകസമിതി യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.
ആഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെ 15 ദിവസക്കാലമാണ് കോന്നി കരിയാട്ടം സംഘടിപ്പിച്ചിരിക്കുന്നത്.

 

കോന്നിയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനും, കോന്നിയിലേക്ക് കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനും കരിയാട്ടം സഹായകമാകും.
കരിയാട്ടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാർ, ആരോഗ്യ പ്രവർത്തകരുടെ സംഗമം, കാഴ്ച പരിമിതരുടെ ഓണാഘോഷം ,പ്രവാസി സംഗമം, ഓണം കലാ-കായിക മത്സരങ്ങൾ തുടങ്ങിയവയുടെ സംഘാടകസമിതികളാണ് രൂപീകരിച്ചത്.

 

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി ആഗസ്ത് 26 ന് രാവിലെ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ കായിക ലഹരി എന്ന സെമിനാർ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും. സെമിനാറിന്റെ സംഘാടകസമിതിയുടെ ചെയർമാനായി കോന്നി എസ് എ എസ് എസ് എൻ ഡി പി യോഗം കോളേജ് പ്രിൻസിപ്പൽ കിഷോർ കുമാർ, കൺവീനറായി കോന്നി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്.സന്ധ്യയും പ്രവർത്തിക്കും. പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർ, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയവർ രക്ഷാധികാരികളായിക്കും.

സെമിനാറിന്റെ ഭാഗമായി ആഗസ്റ്റ് 15ന് മുൻപ് സ്കൂൾ കോളേജ് ക്യാമ്പസുകളിൽ ലഹരിക്ക് എതിരായി വിദ്യാർത്ഥികളുടെ പോസ്റ്റർ രചന മത്സരവും സംഘടിപ്പിക്കും.
പ്രവാസി സംഗമത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിക്കും. രഘുനാഥ് ഇടത്തിട്ട ചെയർമാനായും പി എൻ സദാശിവൻ കൺവീനറുമായുള്ള സംഘാടകസമിതി രൂപീകരിച്ചു.
ആരോഗ്യ പ്രവർത്തകരുടെ സംഗമത്തിൽ മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകർ പങ്കെടുക്കും.. എൻ സി ഡി വിവാ ക്യാമ്പ്, യു എച്ച് ഐഡി കാർഡ് വിതരണം, എൻ സി ഡി സ്ക്രീനിങ്, മെഡിക്കൽ എക്സിബിഷൻ, ആരോഗ്യ സെമിനാർ, ആരോഗ്യപ്രവർത്തകരുടെ കലാ പരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എസ്.ശ്രീകുമാർ ചെയർമാനായും ലേഡി ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് എം.പി.ഷൈബി കൺവീനറായും പ്രവർത്തിക്കും.
ടൂറിസം സെമിനാറിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കുന്നു. സെമിനാറിന്റെ സംഘാടക സമിതിയുടെ ചെയർമാനായി ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് കൺവീനറായും പ്രവർത്തിക്കും.
കരിയാട്ടത്തിന്റെ ഭാഗമായി കാഴ്ച പരിമിതരുടെ സംസ്ഥാന തല സംഗമത്തിൽ കാഴ്ച പരിമിതരുടെ കലാകായിക മത്സരങ്ങളും സെമിനാറും സംഘടിപ്പിക്കും. സാജു മണിദാസ് ചെയർമാനായും ബ്ലൈൻഡ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷിജു കൺവീനറായും പ്രവർത്തിക്കും.

കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവോണം അവിട്ടം ചതയം ദിവസങ്ങളിൽ കുട്ടികൾക്കുള്ള കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും.
കോന്നി കെഎസ്ആർടിസി കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സംഘാടകസമിതി ഓഫീസിൽ ചേർന്ന യോഗങ്ങളിൽ അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ, അധ്യക്ഷത വഹിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇൻ ചാർജ് നീതു ചാർലി, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജഗോപാലൻ നായർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!