പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 26/07/2023)

സ്വാതന്ത്ര്യസമര സേനാനികളെയും കുടുംബാംഗങ്ങളെയും ആദരിക്കുന്നു
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിക്കുന്നത്.
സ്വാതന്ത്ര്യസമര സേനാനി കോഴഞ്ചേരി ഈസ്റ്റ് ശ്യാം നിവാസില്‍ പി.സി. പൊന്നമ്മയെ(94) ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിക്കും. ജൂലൈ 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് സ്വാതന്ത്ര്യസമര സേനാനി അടൂര്‍ പള്ളിക്കല്‍ ആനയടി പുതുവ വീട്ടില്‍ കരുണാകരന്‍ പിള്ളയുടെ ഭാര്യ എസ്. പ്രസന്നയെ(68) അടൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ. തുളസീധരന്‍പിള്ള ആദരിക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് സ്വാതന്ത്ര്യസമര സേനാനി തിരുവല്ല പാലിയേക്കര പടിഞ്ഞാറേ കൊട്ടാരത്തില്‍ ഇ. കേരള വര്‍മ്മ രാജയുടെ ഭാര്യ സരോജിനി തമ്പുരാട്ടിയെ(96) അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ ആദരിക്കും.
ജൂലൈ 28ന് ഉച്ചയ്ക്ക് 12ന് സ്വാതന്ത്ര്യസമര സേനാനി മല്ലപ്പള്ളി കീഴ്‌വായ്പൂര് വൈക്കത്ത് വീട്ടില്‍ രാഘവന്‍പിള്ളയുടെ ഭാര്യ ദേവകി അമ്മയെ(98) അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ആദരിക്കും. ഓഗസ്റ്റ് രണ്ടിന് രാവിലെ 11ന് സ്വാതന്ത്ര്യസമര സേനാനി പുറമറ്റം ഓലശേരില്‍ വീട്ടില്‍ ഇടിക്കുള ഉമ്മന്റെ ഭാര്യ റേച്ചല്‍ ഉമ്മനെ(99) തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍ ആദരിക്കും. ഓഗസ്റ്റ് മൂന്നിന് വൈകുന്നേരം നാലിന് സ്വാതന്ത്ര്യസമര സേനാനി ആറന്‍മുള പരമൂട്ടില്‍ ഹൗസില്‍ ടി.എന്‍ പദ്മനാഭപിള്ളയുടെ ഭാര്യ ഗൗരിയമ്മ വനജാക്ഷിയമ്മയെ(96) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിക്കും.

ഡയറി പ്രമോട്ടര്‍ നിയമനം
ക്ഷീരവികസന വകുപ്പ് തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയുടെ ഭാഗമായി ഇലന്തൂര്‍ ക്ഷീരവികസന യൂണിറ്റില്‍ ഡയറി പ്രമോട്ടറെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള ഇലന്തൂര്‍ ബ്ലോക്ക് പരിധിയിലെ സ്ഥിരതാമസക്കാരായ അപേക്ഷകര്‍ ഇലന്തൂര്‍ ക്ഷീരവികസന യൂണിറ്റില്‍ അപേക്ഷ നല്‍കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 11. പ്രായപരിധി – 18 – 50.യോഗ്യത- എസ് എസ് എല്‍ സി.പ്രതിമാസ ഇന്‍സെന്റീവ്- 8000 രൂപ.അഭിമുഖം നടത്തുന്ന സ്ഥലം- ക്ഷീരവികസനവകുപ്പ്‌ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കളക്ടറേറ്റ് മൂന്നാം നില, പത്തനംതിട്ട.അഭിമുഖം നടത്തുന്ന തീയതി- ആഗസ്റ്റ് 16 ന് രാവിലെ 11 ന്.  അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വയസ്, യോഗ്യത, ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലന്തൂര്‍ ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
ഫോണ്‍ : 0468  2223711.

പരീക്ഷാഫലം പ്രഖ്യാപിച്ചു
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ്   ഡിപ്ലോമ കോഴ്‌സ് 2023-24 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം അക്കാദമി വെബ്‌സൈറ്റായ keralamediaacademy.org യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെട്ടിടങ്ങളുടെ വിവര ശേഖരണം, ഡാറ്റാ എന്‍ട്രി

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍  നിലവിലുള്ള കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐറ്റിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവരെ താല്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് രണ്ടിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് പ്രീമെട്രിക് ഹോസ്റ്റലുകളിലെ (അടൂര്‍, പത്തനംതിട്ട, മല്ലപ്പളളി, റാന്നി, പന്തളം, തിരുവല്ല) വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ  2023 ആഗസ്റ്റ് മുതല്‍ 2024 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ 12,000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നു. ബിരുദവും, ബിഎഡും ഉളളവരെയാണ് പരിഗണിക്കുന്നത്. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടുവരെയായിരിക്കും. ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ആഗസ്റ്റ് നാലിന്  രാവിലെ 10.30 ന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചക്കായി ഹാജരാകണം.
ഫോണ്‍  – 0468 2322712.

മത്സ്യതൊഴിലാളി വനിതകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
ഫിഷറീസ്വകുപ്പിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍) നടപ്പാക്കുന്ന ഡിഎംഇ പദ്ധതിയില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യതൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
 മത്സ്യതൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുള്ള മത്സ്യതൊഴിലാളി – അനുബന്ധ മത്സ്യതൊഴിലാളി വനിതകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 20 നും 40 നും മധ്യേ പ്രായമുള്ള രണ്ട് മുതല്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പുകളായിരിക്കണം അപേക്ഷകര്‍. ട്രാന്‍സ്ജെന്റര്‍, വിധവ, ശാരീരിക വൈകല്യമുള്ള കുട്ടികള്‍ ഉള്ളവര്‍ എന്നിവര്‍ക്ക്  50 വയസുവരെയാകാം. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം  ബാങ്ക്ലോണും  5 ശതമാനം ഗുണഭോക്തൃവിഹിതവുമായിരിക്കും.
ഒരംഗത്തിന് പരമാവധി ഒരു ലക്ഷംരൂപ നിരക്കില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന്  അഞ്ച് ലക്ഷംരൂപ വരെ സബ്സിഡിയായി ലഭിക്കും.  ഡ്രൈ ഫിഷ്യൂണിറ്റ്, ഹോട്ടല്‍ ആന്‍ഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്ളോര്‍മില്‍, ഹൗസ്‌കീപ്പിംഗ്, ഫാഷന്‍ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങള്‍, ഫിഷ്വെന്‍ഡിംഗ് കിയോസ്‌ക്, പ്രൊവിഷന്‍ സ്റ്റോര്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍-ഡിടിപി സെന്റര്‍, ഗാര്‍ഡന്‍ സെറ്റിങ് ആന്‍ഡ് നഴ്സറി, ലാബ് ആന്റ് മെഡിക്കല്‍ ഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകള്‍ ആരംഭിക്കാം. മത്സ്യ ഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷ ഫാറം ലഭിക്കും.പൂരിപ്പിച്ച അപേക്ഷകള്‍  ആഗസ്ററ് 10 നകം സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി തെക്കേമല പന്നിവേലിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഫിഷറീസ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2967720,7994132417.

ക്രാഫ്റ്റ്, ഡാന്‍സ്, ആര്‍ട്സ് തസ്തികയില്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികളുടെ കലാ കായിക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ക്രാഫ്റ്റ്, ഡാന്‍സ്, ആര്‍ട്സ് തസ്തികയില്‍  ഒരു അധ്യയന വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് പരിസരവാസികളായ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും നേരിട്ട് അപേക്ഷ ക്ഷണിച്ചു.യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ  തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സൂപ്രണ്ട്, ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ് വയലത്തല, പത്തനംതിട്ട-689 672 എന്ന വിലാസത്തിലോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും നിയമനം. ഫോണ്‍ : 9744034909

ക്രഷെ ബാലസേവികമാര്‍, ആയമാര്‍ എന്നിവര്‍ക്കുള്ള
ദ്വിദിന ശില്‍പ്പശാല പത്തനംതിട്ടയില്‍

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പത്തനംതിട്ട, സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് എന്നിവയുടെ സഹകരണത്തോടെ  ജില്ലയിലെ ക്രഷെകളിലെ ബാലസേവികമാര്‍, ആയമാര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള ദ്വിദിന ശില്‍പ്പശാല ജൂലൈ 27നും 28 നും പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലുള്ള നവമി ഹാളില്‍ നടക്കും.
ജൂലൈ 27ന് രാവിലെ പത്തിന് ജില്ലാ വനിത ശിശുക്ഷേമ ഓഫീസര്‍ വി. അബ്ദുല്‍ ബാരി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ആദില എസ്. മുഖ്യപ്രഭാഷണം നടത്തും. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി. പൊന്നമ്മ ശില്‍പ്പശാലയില്‍ അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനുപ  കാര്യപരിപാടി വിശദീകരണം നടത്തും.
‘ ക്രഷെകളും ശൈശവ കാല വിദ്യാഭ്യാസവും ‘ എന്ന വിഷയത്തെപ്പറ്റി ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. അജിത് കുമാറും, ‘ കുട്ടികളും നിയമങ്ങളും’ എന്ന വിഷയത്തെ അസ്പദമാക്കി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിതാ ദാസും, കുടുംബശ്രീ ജില്ലാ മിഷന്‍ കൗണ്‍സിലര്‍ ട്രീസാ എസ്. ജെയിംസ്  കൗണ്‍സിലിംഗ് ക്ലാസും, ശിശുക്ഷേമസമിതി ജില്ലാ എക്സിക്യൂട്ടിവ് അംഗം സുമാ നരേന്ദ്ര ‘കുട്ടികളും  ആക്ഷനും ‘ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുക്കും.
ജൂലൈ 28ന് രാവിലെ പത്തിന് കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല റീഹാബിലിയേഷന്‍ സ്പെഷ്യലിസ്റ്റ് ഡോ. ആര്‍.ജെ. ധനേഷ് കുമാര്‍ ‘ ശിശുക്കളും വികാസവും’ എന്ന വിഷയത്തെപ്പറ്റിയും, മോണ്ടിസോറി ട്രെയിനര്‍ അശ്വതി ദാസ് ‘ സമഗ്രശിശു വികസനത്തിന്റെ വശങ്ങള്‍’ എന്ന വിഷയത്തെപ്പറ്റിയും ക്ലാസെടുക്കും. ആക്ഷന്‍ പ്ലാന്‍ തയാറാക്കലും ആക്ഷന്‍ പ്ലാന്‍ അവതരണവും നടക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ശിശുക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപി ഉദ്ഘാടനം ചെയ്യും.  (പിഎന്‍പി 2695/23)

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐഎച്ച്ആര്‍ഡി) വിവിധ കേന്ദ്രങ്ങളില്‍  ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.

പി.ജി.ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് ,ഡി.സി.എഫ്.എ ,എ.ഡി.ബി.എം.ഇ,  ഡി.എല്‍.എസ്.എം, പി.ജി.ഡി.ഇ.ഡി, സി.സി.എന്‍.എ തുടങ്ങിയ കോഴ്സുകള്‍ക്ക് നിശ്ചിത യോഗ്യതയുളളവര്‍ക്ക്  അപേക്ഷിക്കാം. അപേക്ഷകര്‍ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളില്‍ ആഗസ്റ്റ്  10 ന് വൈകുന്നേരം  നാലിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0471 2322985, 2322501.
(പിഎന്‍പി 2696/23)

സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ പദ്ധതി
കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ (കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി -സ്മാം). ഈ പദ്ധതിയുടെ കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്‌ക്കരണ മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കിവരുന്നു.

വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക്  40 ശതമാനം മുതല്‍  60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ്പിഒ കള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വായക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷീനറിബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിയ്ക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കുന്നു. ഈ പദ്ധതിയില്‍ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ :  04734-294949, 7510250619, 9496836833, 6282516897.   (പിഎന്‍പി 2697/23)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ (എന്‍സിസി, ടൂറിസം, എക്സൈസ്, പോലീസ്, എസ് ഡബ്ല്യൂഡി ആന്റ് ട്രാന്‍സ്പോര്‍ട്ട് എന്നിവ ഒഴികെ) ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച് ഡി വി) (കാറ്റഗറി നം. 17/2021) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.


റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് -ഡയറക്ട് (കാറ്റഗറി നം. 527/19), ഫസ്റ്റ് എന്‍സിഎ എസ്ഐയുസി നാടാര്‍ (കാറ്റഗറി നം. 598/2019), ഫസ്റ്റ് എന്‍സിഎ ഹിന്ദു നാടാര്‍ (കാറ്റഗറി നം. 600/19), ഫസ്റ്റ് എന്‍സിഎ ധീവര നാടാര്‍ (കാറ്റഗറി നം. 601/2019), ഫസ്റ്റ് എന്‍സിഎ വിശ്വകര്‍മ നാടാര്‍ (കാറ്റഗറി നം. 602/19) എന്നീ തസ്തികകളുടെ  റാങ്ക് പട്ടികകള്‍ നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരം; അപേക്ഷാ തീയതി നീട്ടി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2022-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടി.
വ്യക്തിഗത പുരസ്‌ക്കാരത്തിനായി 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം.  സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം(പ്രിന്റ്മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം(വനിത), കായികം(പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 10 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യാം.
അതാത് മേഖലയിലെ വിദഗ്ദ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000  രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.  കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബുകള്‍ക്ക് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ഓരോ വിഭാഗത്തിലും അതത് ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷഫോറവും, മാര്‍ഗനിര്‍ദ്ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍:0468 2231938 ,9847545970.   (പിഎന്‍പി 2700/23)

കിക്മ എംബിഎ ഇന്റര്‍വ്യൂ  (27)
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   തിരുവനന്തപുരത്തെ   കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍  (കിക്മ)  എംബിഎ.   (ഫുള്‍ടൈം) 2023-25 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍  ( ജൂലൈ 27 ന് ) രാവിലെ 10 മുതല്‍  12 വരെ ആറന്മുള പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ നടത്തും. 50 ശതമാനം  മാര്‍ക്കില്‍  കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാം.  ഫോണ്‍ : 9447002106, 8547618290.  വെബ്‌സെറ്റ് : www.kicma.ac.in    (പിഎന്‍പി 2701/23)


വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ് ), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു.  ആഗസ്റ്റ് ഒന്നു മുതല്‍ 11 വരെ എറണാകുളം കളമശേരിയില്‍ ഉള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രൊമോഷന്‍, സര്‍ക്കാര്‍ സ്‌ക്രീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ച് ആര്‍ മാനേജ്മന്റ്, കമ്പനി രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2421 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്‌സൈറ്റായ www.kied.info ല്‍ ജൂലൈ 29 നു മുന്‍പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:  0484 2532890, 2550322, 7012376994

error: Content is protected !!