രണ്ട് പോക്സോ കേസുകളിലായി 26 കാരനായ പ്രതിക്ക് നൂറ്റിപത്തര വർഷം കഠിന തടവും, ആറ് ലക്ഷം രൂപ പിഴയും

 

konnivartha.com/ പത്തനംതിട്ട : പോക്സോ കേസിൽ 26 വയസ്സുള്ള പ്രതിക്ക് അറുപത്തിഅഞ്ചര വർഷം കഠിന തടവും 355,000 രൂപ പിഴയും ശിക്ഷവിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.

അടൂർ പോലീസ് സ്റ്റേഷനിൽ 2021ൽ രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക്
പുല്ലുവിള അമ്പനാട്ട് എസ് എസ് ഭവനിൽ സുരേഷിന്റെ  മകൻ സുധീഷി(26)നെയാണ് കോടതി ശിക്ഷിച്ചത്. ജൂലൈ ആദ്യം വിധി പ്രഖ്യാപിച്ച മറ്റൊരു പോക്സോ കേസിൽ ഇയാൾക്ക് 45 വർഷം കഠിന തടവും 2,50,000 രൂപ പിഴയും ഇതേ കോടതി ശിക്ഷിച്ചിരുന്നു.

അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജി എ സമീറാണ് ഇരുവിധികളും പ്രസ്താവിച്ചത്. രണ്ടു പോക്സോ കേസുകളിലായി പ്രതിക്ക് ആകെ നൂറ്റിപത്തര വർഷം കഠിന തടവും, ആറ്
ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്.

ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലയളവ് വരെ പ്രതിയുടെ വീട്ടിൽ വച്ചും കുട്ടിയുടെ വീട്ടിൽ വച്ചും പലതവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ടി ഡി പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും പോക്സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് പി സ്മിത ജോൺ ഹാജരായ കേസിൽ വിവിധ വകുപ്പുകളിലായി പ്രതിക്ക് അറുപത്തിഅഞ്ചര വർഷം കഠിനതടവും, മൂന്നു ലക്ഷത്തി അമ്പത്തിയ്യായിരം രൂപ പിഴയും വിധിച്ചു , തുക അടക്കാത്ത പക്ഷം 43 മാസം കൂടി അധിക തടവ് അനുഭവിക്കണം.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും, കൂടാതെ പുനരധിവാസത്തിന് വേണ്ട ചിലവുകളും നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പ്രത്യേക നിർദ്ദേശവും വിധി
ന്യായത്തിൽ പറയുന്നു.

നേരത്തെ ഇയാളെ കോടതി ശിക്ഷിച്ച കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ രണ്ടും മൂന്നും
പ്രതികളായിരുന്നു. ഒന്നാം പ്രതി അതിജീവിതയെ ലൈംഗികമായി ഉപദ്രവിച്ച വിവരം യഥാസമയം പോലീസിൽ അറിയിച്ചില്ല എന്നത് ആയിരുന്നു ഇവർക്കെതിരായ കുറ്റം.

4 വയസ്സു മാത്രം പ്രായം ഉണ്ടായിരുന്ന അതിജീവിത എൽ കെ ജിയിൽ പഠിക്കുന്ന
2019 നവംബറിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയം വീട്ടിൽ വച്ചാണ് പീഡനം നടന്നത്. ഈ കേസും അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് അടൂർ എസ് എച്ച് ഓ ആയിരുന്ന ടി ഡി പ്രജീഷായിരുന്നു. കേസിൽ രണ്ടാം പ്രതി ആയ പിതാവിനെ 6 മാസം ശിക്ഷിച്ച് ജയിലിൽ കിടന്ന കാലാവധി വകവച്ചും മാതാവിനെ ശാസിച്ചും കോടതി
വിട്ടയച്ചിരുന്നു.

അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ എം മനീഷ്, ബിജു ജേക്കബ്,
സി പി ഓമാരായ റോബി ഐസക്, സൂരജ് ആർ കുറുപ്പ്, ശ്രീജിത്ത് എസ്, അനൂപ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

error: Content is protected !!