തിരുവോണം ബംപർ ഒന്നാം സമ്മാനം 25 കോടി: പ്രകാശനം നിർവഹിച്ചു

തിരുവോണം ബംപർ ഒന്നാം സമ്മാനം 25 കോടി, ഒരു കോടി രൂപ 20 പേർക്ക് തിരുവോണം ബംപർ ലോട്ടറി പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി 25 കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതമാണ്.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്പറുകൾക്ക് നൽകും. ഇത്തവണ 5,34, 670 പേർക്ക് സമ്മാനം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം 3,97,911 പേർക്കായിരുന്നു സമ്മാനം നൽകിയത്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 20 നാണ് നറുക്കെടുപ്പ്. ബംപർ ലോട്ടറിയുടെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നിർവഹിച്ചു. സമ്മാനാർഹരുടെ എണ്ണത്തിലെ വർധന ഭാഗ്യക്കുറിയുടെ ജനകീയത കൂട്ടുമെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ 7000 കോടി രൂപ സമ്മാന തുകയായി പ്രതിവർഷം ലോട്ടറി വകുപ്പ് അനുവദിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേർക്ക് ജീവനോപാധിയുമാണ്. കാരുണ്യ പോലെയുള്ള ചികിൽസാ പദ്ധതികൾക്കും ലോട്ടറിയിൽ നിന്നുമുള്ള വരുമാനം പ്രയോജനപ്പെടുത്തുന്നു. സാമ്പത്തിക അഭിവൃദ്ധിയുടെ പ്രതീകമെന്ന നിലയിലാണ് പച്ചക്കുതിരയെ ഭാഗ്യചിഹ്നമാക്കിയത്. ലോട്ടറി മേഖലയിൽ തൊഴിലെടുക്കുന്ന ശാരീരിക പരിമിതികളുള്ളവർക്ക് അനുയോജ്യമായ രീതിയിൽ ലോട്ടറി ഓഫീസുകൾ പരമാവധി താഴത്തെ നിലകളിൽ പ്രവർത്തിക്കുന്നതിനും അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ മുഖ്യാതിഥിയായ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി.പി കുഞ്ഞികൃഷ്ണനെ മന്ത്രി ബാലഗോപാൽ ആദരിച്ചു.

സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യചിഹ്നമായ പച്ചക്കുതിരയുടെ ഒറിഗാമി മോഡൽ ചടങ്ങിൽ വിതരണം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം ആശംസിച്ചു. ജോയിന്റ് ഡയറക്ടർ മനോജ് നന്ദി അറിയിച്ചു.

error: Content is protected !!