വനം വകുപ്പ് ജീവനക്കാരുടെ ഭീഷണി: ഗൃഹനാഥൻ ആത്മഹത്യ ചെയ്തതായി പരാതി

 

konnivartha.com: വനം വകുപ്പ് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് കോന്നിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തുവെന്ന് പരാതി. തേക്കുതോട് താഴേപൂച്ചക്കുളം മേനംപ്ലാക്കൽ രാധാകൃഷ്ണനെയാണ് (60) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മാസം പന്നിപ്പടക്കംവച്ചു മ്ലാവിനെ കൊന്ന കേസിൽ 4 പേർ വനം വകുപ്പിന്റെ പിടിയിലായിരുന്നു. ഈ കേസിൽ ഒളിവിലുള്ള ഒന്നാം പ്രതി അനിൽകുമാറിന്റെ വീടിനു സമീപമാണ് രാധാകൃഷ്ണൻ താമസിച്ചിരുന്നത്.രാധാകൃഷ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച തോക്കു കണ്ടെത്താൻ സഹായിച്ചില്ലെങ്കിൽ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും അതിന്റെ മനോവിഷമത്തിലാകാം രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു .

 

രാധാകൃഷ്ണൻ വീട്ടിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരി വൈകിട്ട് 7 മണിയോടെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനാൽ ജനലിലൂടെ ടോർച്ച് തെളിച്ചു നോക്കിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ രാധാകൃഷ്ണനെ കണ്ടെത്തുകയുമായിരുന്നു.അതേസമയം ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെതിനെ തുടർന്നാണു രാധാകൃഷ്ണൻ ജീവനൊടുക്കിയതെന്ന ആരോപണം വനംവകുപ്പ് നിഷേധിച്ചു.

error: Content is protected !!