മുതിര്‍ന്ന പൗരന്മാരെ ബഹുമാനിക്കുന്ന സംസ്‌കാരം വളര്‍ത്തിയെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

യുവജനങ്ങള്‍ മുതിര്‍ന്ന പൗരന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രീതിയിലുള്ള സംസ്‌കാരം വളര്‍ത്തി എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുളള അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ബോധവത്ക്കരണ ദിനാചരണം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും കൂടുതല്‍ വയോജനങ്ങളുള്ള ജില്ലയാണ് പത്തനംതിട്ട.

പത്തനംതിട്ട ജില്ലയെ വയോജന സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്തും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു. അടൂര്‍ മെയിന്റനന്‍സ് ട്രൈബ്യൂണലും റവന്യൂ ഡിവിഷണല്‍ ഓഫീസറുമായ എ. തുളസീധരന്‍ പിളള ദിനാചരണ സന്ദേശം നല്കി. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ഗവ. ഓള്‍ഡ് ഏജ് ഹോം സൂപ്രണ്ട് എസ്. ജയന്‍, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ പ്രേമ ദിവാകരന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിളള, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ ഡോ. ഗോകുല്‍ ജി നായര്‍, എസ്എച്ച്ഒ ജിബു ജോണ്‍, ഹെഡ് അക്കൗണ്ടന്റ് എം.റ്റി. സന്തോഷ് എന്നിവര്‍ സംസാരിച്ചു. റിട്ട അസി. ജനറല്‍ മാനേജര്‍ ഫെഡറല്‍ ബാങ്ക് & കണ്‍സിലിയേഷന്‍ ഓഫീസര്‍ ഉമ്മന്‍ റേ വര്‍ഗീസ് മുതിര്‍ന്ന പൗരന്മാരും നിയമ സംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസെടുത്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്‍എസ്എസ് വോളന്റിയേഴ്സ്, സ്‌കൂള്‍ കൗണ്‍സിലേഴ്സ്, ക്ഷേമ സ്ഥാപനത്തിലെ കെയര്‍ടേക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരത്തില്‍ വാഹന പ്രചാരണ ജാഥ നടത്തി. വാഹനപ്രചാരണ ജാഥയോടൊപ്പം പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും സംഘടിപ്പിച്ചു. പത്തനംതിട്ട എസ്എച്ച്ഒ ജിബു ജോണ്‍ ഫ്ളാഷ് മോബ് ഉദ്ഘാടനം ചെയ്തു.

error: Content is protected !!