പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 02/06/2023)

പഞ്ചായത്തില്‍ സത്യവാങ്മൂലം നല്‍കണം
മൈലപ്ര ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിട നമ്പര്‍ നല്‍കിയശേഷം കെട്ടിടത്തിന്റെ തറ വിസ്തീര്‍ണത്തിലോ ഉപയോഗ ക്രമത്തിലോ മാറ്റം വരുത്തിയിട്ടുള്ള കെട്ടിട ഉടമകള്‍ ഫോറം 9-ബിയില്‍ രേഖാമൂലം  പഞ്ചായത്തില്‍ സത്യവാങ്മൂലം നല്‍കണം. അല്ലാത്തപക്ഷം നിയമാനുസൃത പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ആശാതാരം ജില്ലാ ആശാ സംഗമം  മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട ജില്ലയിലെ ആശാപ്രവര്‍ത്തകരുടെ ജില്ലാ സംഗമം ആശാതാരം  2023 ജൂണ്‍ മൂന്നിന് രാവിലെ 10.30 ന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ  ജോര്‍ജ് ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും.

പൊതുജനാരോഗ്യ  മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിവരുന്ന ജനകീയ ആരോഗ്യ സന്നദ്ധ  സേനയാണ്  ആശാ പ്രവര്‍ത്തകര്‍. ജില്ലയില്‍ 920 വാര്‍ഡുകളിലായി 1000 പേര്‍ ഗ്രാമപ്രദേശങ്ങളിലും 41 പേര്‍ നഗര പ്രദേശങ്ങളിലും ആശാ പ്രവര്‍ത്തകരായി  സേവനം ചെയ്യുന്നു. മാതൃശിശു സംരക്ഷണം ഉറപ്പാക്കുക, പ്രാഥമിക വൈദ്യസഹായം  എത്തിക്കുക, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, അനുബന്ധ സ്ഥാപനങ്ങളുമായി ചേര്‍ന്ന്  താഴെത്തട്ടില്‍ ഉള്ളവര്‍ക്ക് സേവനം ഉറപ്പാക്കുക തുടങ്ങി  ആരോഗ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ആശാ പ്രവര്‍ത്തകര്‍ നടത്തുന്നത്.
ആശാ  പ്രവര്‍ത്തകരിലെ കലാസാംസ്‌കാരിക അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കി സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ ജില്ലയിലെ 1041 ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

യോഗത്തില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥി ആകും. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്  അയ്യര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, പത്തനംതിട്ട നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്സ്, നഗരസഭ കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം ) ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ  ഡോ. സി.എസ്. നന്ദിനി,  ഡോ. ഐപ്പ് ജോസഫ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍  ഡോ. അംജിത്ത് രാജീവന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സേതുലക്ഷ്മി, ജില്ലാ  മാസ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. കലാ മത്സരങ്ങളില്‍ വിജയികളാകുന്ന ആശാ  പ്രവര്‍ത്തകര്‍ക്കുള്ള സമ്മാനദാനം വൈകിട്ട് 5.30ന് നടക്കും.

കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ പതിനേഴിലേക്ക് മാറ്റി
എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കായി പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജൂണ്‍ മൂന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന  കരിയര്‍ ഗൈഡന്‍സ് ക്ലാസ് ജൂണ്‍ പതിനേഴിലേക്ക് മാറ്റി.

പതിനേഴിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ  പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  നടക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് എസ്സിഇആര്‍ടി  കേരള റിസര്‍ച്ച് ഓഫീസര്‍ രഞ്ജിത്ത് സുഭാഷ് നയിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. രജിസ്ട്രേഷനും, വിശദ വിവരങ്ങള്‍ക്കും 8547716844, 8157094544 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

അപേക്ഷ ക്ഷണിച്ചു
പാലക്കാട് ജില്ലയിലെ അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍(ഐഎച്ച്ആര്‍ഡി) ബിഎസ്സി ഇലക്ട്രോണിക്സ്, ബിഎസ് സി കംപ്യൂട്ടര്‍ സയന്‍സ്,  ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള  കോളേജില്‍ 50 ശതമാനം യൂണിവേഴ്സിറ്റിയും 50 ശതമാനം സീറ്റ് കോളേജുമാണ് മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കുന്നത്്.  www.admission.uoc.ac.in  എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം കോളേജും കോഴ്സുകളും തെരഞ്ഞെടുക്കാം . കോളേജിന്റെ 50 ശതമാനം സീറ്റില്‍ അഡ്മിഷന്‍വേണ്ടവര്‍ https://ihrdadmissions.org  എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷയുടെ പ്രിന്റൗട്ട് ഈമാസം 12 ന്  മുമ്പ് കോളേജില്‍ സമര്‍പ്പിക്കണം.ഫോണ്‍ : 9447711279,9446829201,04923 241766.

പ്രതിരോധ കുത്തിവെയ്പിനെത്തുന്നവര്‍ ശ്രദ്ധിക്കുക
പ്രതിരോധ കുത്തിവെയ്പ്പുകള്‍ എല്ലാം ഏകീകൃത പോര്‍ട്ടലായ യൂവിനില്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഗര്‍ഭിണികളുടേയും, കുട്ടികളുടേയും രോഗപ്രതിരോധ കുത്തിവെയ്പിനായി ആരോഗ്യ സ്ഥാപനങ്ങളില്‍ എത്തുമ്പോള്‍ കോവിഡ് വാക്സിനേഷന്‍ സമയത്ത് രജിസ്ട്രേഷനായി നല്‍കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണമെന്നും പ്രതിരോധ കുത്തിവെയ്പ് കാര്‍ഡ് കൊണ്ടുവരണമെന്നും ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)  ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ്  ഡവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832959175, 8547005043), നാദാപുരം (04962556300, 8547005056),  നാട്ടിക (04872395177, 8547005057) തിരുവമ്പാടി (04952294264,8547005063), വടക്കാഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവള്ളൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243, 8547005025),   കൊടുങ്ങലൂര്‍ (04802816270,8547005078),  എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 17അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2023-24 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍  നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.ടി 250രൂപ) രജിസ്ട്രേഷന്‍ ഫീസ്  ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വെബ്സൈറ്റ് : www.ihrd.ac.in .

 

പുന്നോണ്‍ പാടശേഖര ഫാം റോഡ് ഉദ്ഘാടനം  (ജൂണ്‍ 3)
നാരാങ്ങാനം ഗ്രാമപഞ്ചായത്തിലെ പുന്നോണ്‍ പാടശേഖര ഫാം റോഡ് ഉദ്ഘാടനം  (ജൂണ്‍ 3) രാവിലെ 9 ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പുന്നോണ്‍ പാടശേഖര സമിതി പ്രസിഡന്റ് എം.വി. സന്‍ജു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും.

ആറന്മുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജിന്റെ ശ്രമഫലമായാണ് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പുന്നോണ്‍ ഭാഗവും പതിനാലാം വാര്‍ഡിലെ വാഴത്തോപ്പില്‍ പ്രദേശവും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം സാക്ഷാത്കരിച്ചത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച 43 ലക്ഷം രൂപയ്ക്കാണ് ഫാം റോഡും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദേവി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, പുന്നോണ്‍ പാടശേഖര സമിതി വൈസ് പ്രസിഡന്റ് ഈപ്പന്‍ മാത്യു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോഴഞ്ചേരി താലൂക്ക് തല  കെ-സ്റ്റോര്‍ ഉദ്ഘാടനം  (ജൂണ്‍ 3)
കോഴഞ്ചേരി താലൂക്ക് തല  കെ-സ്റ്റോര്‍ ഉദ്ഘാടനം  (ജൂണ്‍ 3) രാവിലെ 10 ന് ചെന്നീര്‍ക്കര ഐടിഐക്ക് സമീപമുള്ള 49-ാം നമ്പര്‍ റേഷന്‍ ഡിപ്പോയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും.
പൊതു വിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദസേവനങ്ങള്‍ നല്‍കുവാന്‍ ഉതകും വിധം മാറ്റി എടുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരളാ സ്റ്റോര്‍ (കെ-സ്റ്റോര്‍). ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ റേഷന്‍ കടകള്‍ കെ-സ്റ്റോറുകളായി മാറും. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അഭിലാഷ് വിശ്വനാഥ്,  ജില്ലാ സപ്ലൈ ഓഫീസര്‍ എം അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജി. ലേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുക്കും.

കലുങ്കല്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം  (ജൂണ്‍ 3)
നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കലുങ്കല്‍ വാര്‍ഡ് ഒന്‍പതിലെ 64-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഉദ്ഘാടനം  (ജൂണ്‍ 3) ഉച്ചയ്ക്ക് 12.15 ന് ആരോഗ്യവനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനില്‍കുമാര്‍ മുഖ്യാതിഥി ആകും.

ശിശുസൗഹൃദവും കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിനും ഉതകുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ അങ്കണവാടി കല്ലുങ്കല്‍ ഓതറപറമ്പില്‍ ഒ.ജെ. വര്‍ഗീസ്, മറിയാമ്മ വര്‍ഗീസ് ദമ്പതികള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് നിര്‍മിച്ചിരിക്കുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വര്‍ണക്കൂടാരം പ്രീ സ്‌കൂള്‍ ഉദ്ഘാടനം  (ജൂണ്‍ 3)
ആറന്മുള മാലക്കര ഗവ.എല്‍ പി സ്‌കൂളിലെ നവീകരിച്ച പ്രീപ്രൈമറി വിഭാഗം വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം  (ജൂണ്‍ 3) 2.30ന് ആരോഗ്യവനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി അധ്യക്ഷത വഹിക്കും.

അന്താരാഷ്ട്ര നിലവാരമുള്ള പ്രവര്‍ത്തന ഇടങ്ങളോടു കൂടിയ കുട്ടികളുടെ സര്‍വോതോന്മുഖമായ വികസനം ലക്ഷ്യമാക്കിയാണ് എല്‍ പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗമായ വര്‍ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, ഹെഡ്മിസ്ട്രസ് എസ്. റീജാമോള്‍, ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജെ. നിഷ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എട്ടാം ക്ലാസുകാര്‍ക്ക് ലിറ്റില്‍ കൈറ്റ്സ്  അംഗമാകാന്‍ ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം
സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍ – എയിഡഡ് ഹൈസ്‌കൂളുകളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ എട്ടു വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളില്‍ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തില്‍ ജൂണ്‍ 13ന് നടക്കും.

സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തില്‍ കുട്ടികള്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ മൂന്ന്, നാല്,അഞ്ച് തീയതികളില്‍ രാവിലെ 6.30 നും രാത്രി എട്ടിനും പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും.

അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹാര്‍ഡ് വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബര്‍ സുരക്ഷ, മൊബൈല്‍ആപ്പ് നിര്‍മാണം, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ഇ-ഗവേണന്‍സ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. പുതിയതായി യൂണിറ്റുകള്‍ക്ക് വിതരണം ചെയ്തിട്ടുള്ള ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവര്‍ത്തനങ്ങളും ബ്ലെന്‍ഡര്‍ സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്തിയുള്ള ത്രീഡി ആനിമേഷന്‍ തയാറാക്കല്‍ തുടങ്ങിയവ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളായിരിക്കും. സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങള്‍ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്.

ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റില്‍ കൈറ്റ്സ്’ ഐടി ക്ലബില്‍ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 12940 കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനം, ഡിജിറ്റല്‍ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്‌കൂള്‍ വാര്‍ത്തകള്‍, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കല്‍, സ്‌കൂള്‍ ടിവി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ നടത്തിവരുന്നുണ്ട്.വിശദാംശങ്ങള്‍ www.kite.kerala.gov.in ല്‍ ലഭ്യമാണ്.

ലഹരിയ്ക്കെതിരെ ഒരു മരം പദ്ധതി
വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവല്‍കരണത്തിന്റെ ഭാഗമായിലോക പരിസ്ഥിതി ദിനത്തില്‍ കേരള എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി സഹകരിച്ച് ലഹരിയ്ക്കെതിരെ ഒരു മരം പദ്ധതി നടത്തും.

എല്ലാ സ്‌കൂളുകളിലും ഒരു വൃക്ഷതൈ നട്ട് സ്‌കൂളുകളിലെ വിമുക്തി ക്ലബ് , എസ്പിസി എന്നിവരുടെ മേല്‍നോട്ടത്തില്‍ പരിപാലിക്കുകയാണ് ലക്ഷ്യം. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന്  രാവിലെ ഒന്‍പതിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളില്‍ നടക്കും.

ഏവിയേഷന്‍ മാനേജ്മെന്റ് ആന്റ് ടിക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് കോഴ്സിന് അപേക്ഷിക്കാം
ചെന്നീര്‍ക്കര ഗവ.ഐടിഐ യില്‍ ഐ.എം.സി ക്ക് കീഴില്‍ പ്ലസ് ടു ബിരുദ യോഗ്യതയുളളവര്‍ക്കായി ചുരുങ്ങിയ ചെലവില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ പ്ലേസ്മെന്റ് സപ്പോര്‍ട്ടോടുകൂടി  ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഏവിയേഷന്‍ മാനേജ്മെന്റ് ആന്റ് ടിക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുളളവര്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍ : 8301830093, 9745424281.

 

ബിസിനസ്സ് ഇന്‍ഷ്യേഷന്‍ പ്രോഗ്രാം
പുതിയ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന  സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ  കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്), 10 ദിവസത്തെ  ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം  സംഘടിപ്പിക്കും.

ജൂണ്‍ 19  മുതല്‍ 31  വരെ കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ്  പരിശീലനം. പുതിയ  സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍,ഐഡിയ ജനറേഷന്‍, പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്ന വിധം, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് തുടങ്ങി നിരവധി സെഷനുകളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5900 രൂപയാണ് 10 ദിവസത്തെ പരിശീലനത്തിന്റെ ഫീസ് (കോഴ്‌സ് ഫീ ,സെര്‍റ്റിഫിക്കേഷന്‍ ,ഭക്ഷണം , താമസം, ജി.എസ്.ടി ഉള്‍പ്പടെ ). താല്‍പര്യമുള്ളവര്‍ കീഡി ന്റെ വെബ്‌സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി ജൂണ്‍ 15  ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 2532890/2550322/7012376994.

സ്‌കോള്‍ കേരള; യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് ക്ലാസ് ജൂണ്‍ നാലിന് തുടങ്ങും
സ്‌കോള്‍ കേരള  മുഖേനയുളള ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗ കോഴ്സ്
പ്രവേശനത്തിന്  ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ഇതിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ  രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പഠനകേന്ദ്രം അനുവദിച്ചിട്ടുണ്ട്.

രജിസ്ട്രേഷന്‍ സമയത്ത് അനുവദിച്ചിട്ടുളള ആപ്ലിക്കേഷന്‍ നമ്പര്‍, യൂസര്‍ നെയിം ആയും ജനനതീയതി പാസ്വേഡായും ഉപയോഗിച്ച് www.scolekerala.org എന്ന വെബ് സൈറ്റില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത്  അനുവദിച്ച പഠന കേന്ദ്രം കോഡിനേറ്റിംഗ് ടീച്ചര്‍ മുമ്പാകെ സമര്‍പ്പിച്ച് മേലൊപ്പ് വാങ്ങി ജൂണ്‍ നാലുമുതല്‍ ആരംഭിക്കുന്ന സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
(പിഎന്‍പി 1989/23)

വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു
സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2023-24 വര്‍ഷത്തിലേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പിലാക്കുന്നു.

 

തേക്ക്,  ചന്ദനം, മഹാഗണി,  ആഞ്ഞിലി,  പ്ലാവ്,  ഈട്ടി,  കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷത്തൈകള്‍ നട്ടു വളര്‍ത്തുന്നതിനാണ്  പദ്ധതി വിഭാവനം ചെയ്യുന്നത്.  ഒരു വര്‍ഷം വളര്‍ച്ചയെത്തിയ 50 തൈകള്‍ എങ്കിലും ഉണ്ടായിരിക്കണം. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളും,  അപേക്ഷ ഫോറവും പത്തനംതിട്ട ജില്ലയിലെ  എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.    പൂരിപ്പിച്ച അപേക്ഷകള്‍  ജൂണ്‍ 30 ന് അകം പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.

error: Content is protected !!