പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 14/03/2023)

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ ഹ്രസ്വകാല/വെക്കേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ്, പൈത്തണ്‍ പ്രോഗ്രാമിംഗ്, ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്റ് സര്‍വെ, സിസിടിവി ടെക്നോളജീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 8136802304.

അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 10 ലക്ഷം രൂപയില്‍ കൂടുതലുളള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്ലുകള്‍ മാറുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നതിനാലാണ് കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നത്. ധനകാര്യ വിഭാഗവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പില്‍ പരിഗണനയില്‍ ഉണ്ടായിരുന്ന ഭാഗിക ബില്ലിന്റെ അനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ഈ അനുമതിയുടെ അടിസ്ഥാനത്തില്‍ അനുബന്ധ ട്രഷറി നടപടികളുടെ പൂര്‍ത്തീകരണത്തോടെ ബില്ലു മാറാന്‍ കഴിയും. ഉടന്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍വഹണ സജ്ജമാകുമെന്ന് ഈ പ്രവൃത്തിയുടെ കരാറുകാരനും അറിയിച്ചിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാന്‍ നിര്‍വഹണ ഏജന്‍സിയായ കെആര്‍എഫ്ബി ക്ക് നിര്‍ദേശം നല്‍കുന്നതിന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതായും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

വ്യോമസേനയില്‍ അഗ്നിവീര്‍ അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ വ്യോമസേന, അവിവാഹിതരായ ഇന്ത്യന്‍ / നേപ്പാളി പൗരന്‍മാരായ സ്ത്രീ/ പുരുഷ ഉദ്യോഗാര്‍ഥികളില്‍ നിന്നും  അഗ്നിവീര്‍വായു തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 2023 മാര്‍ച്ച് 17ന് രാവിലെ 10 മുതല്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
പ്രായം:  2002 ഡിസംബര്‍ 26 നും 2006 ജൂണ്‍ 26 നും  (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. വിശദമായ വിവരങ്ങള്‍ https://Agnipathvayu.cdac.inhttps://careerindianairforce.cdac.in. എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഇമെയില്‍ : casbiaf@cdac.in . ഫോണ്‍: 0484- 2427010, 9188431093.        
യോഗം ചേരില്ല
ജില്ലാ വികസന സമിതി യോഗവും പ്രീഡിഡിസി യോഗവും ഈ മാസം (മാര്‍ച്ച്) ഉണ്ടായിരിക്കുന്നതല്ല എന്ന് പത്തനംതിട്ട ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 809/23)

മെഗാജോബ് ഫെസ്റ്റ് മാര്‍ച്ച് 25ന്
നാഷണല്‍ എപ്ളോയ്മെന്റ് സര്‍വീസി (കേരളം)ന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കായി മെഗാജോബ് ഫെസ്റ്റ് 2023 സംഘടിപ്പിക്കും. സ്വകാര്യ മേഖലയിലെ അമ്പതില്‍പരം ഉദ്യോഗദായകര്‍ മാര്‍ച്ച് 25 ന് തിരുവനന്തപുരം കാര്യവട്ടം എന്‍ജിനീയറിംഗ് കോളേജ് യൂണിവേഴ്സിറ്റി കോളേജ് കാമ്പസില്‍ നടക്കുന്ന മെഗാജോബ് ഫെസ്റ്റില്‍ പങ്കെടുക്കും. എസ്.എസ്.എല്‍.സി ,ഡിപ്ലോമ, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ ഒഴിവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04682222745 ( ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്,പത്തനംതിട്ട) 0471 27417131, 0471 2992609 (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ഇളകൊളളൂര്‍ അപകടത്തിന് കാരണം വാഹനങ്ങളുടെ അമിത വേഗം
കോന്നി ഇളകൊളളൂര്‍ പളളിപടിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇരു വാഹനങ്ങളുടെയും അമിത വേഗമാണ് അപകടത്തിന് കാരണം എന്ന നിഗമനത്തിലെത്തി. കെഎസ്ആര്‍ടിസി വാഹനത്തിന്റെ ഫിറ്റ്നെസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് എന്നീ രേഖകള്‍ക്ക് സാധുതയുണ്ട്. അപകട സമയത്ത് വാഹനത്തിന് സ്പീഡ് ഗവര്‍ണര്‍, ജിപിഎസ് സംവിധാനങ്ങള്‍ ഇല്ലായിരുന്നു. പത്തനംതിട്ടയില്‍ നിന്ന് കോന്നി റൂട്ടിലേക്ക് വന്നിരുന്ന കെഎസ്ആര്‍ടിസി ബസ് അമിത വേഗതയില്‍ റോഡിലെ മഞ്ഞ വര മുറിച്ചു ഇടതു ഭാഗത്തേക്ക് പ്രവേശിക്കുകയും അതേ സമയം കോന്നിയില്‍ നിന്നും പത്തംതിട്ടയിലേക്ക് യാത്ര ചെയ്തിരുന്ന മോട്ടോര്‍ കാര്‍ മഞ്ഞ വര മറി കടന്ന് അമിത വേഗതയില്‍ റോഡിന്റെ വലതു ഭാഗത്തേക്ക് പ്രവേശിച്ചതുമാണ് അപകടത്തിന്റെ പ്രധാന കാരണം. രണ്ടു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് ആര്‍.ടി.ഒ എ.കെ ദിലു അറിയിച്ചു. കെഎസ് ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍, ജിപിഎസ് എന്നിവ വിഛേദിച്ചത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസ് ബസ് കണ്ടക്ടര്‍ക്ക് നല്‍കാനും ആര്‍ടിഒ ഉത്തരവായി. ഇതോടൊപ്പം ബസിന്റെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു.

ക്ഷീര സംഗമം
2022-2023 വര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് ക്ഷീര സംഗമം ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാ ദേവി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യൂ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി അന്നമ്മ, സാലി ലാലു തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ ഡോ.ശുഭ പരമേശ്വരന്‍, സീനിയര്‍ ക്ഷീര വികസന ഓഫീസര്‍ സിവി പൗര്‍ണമി തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിഎല്‍ആര്‍സി യോഗം 18 ന്
ഡിഎല്‍ആര്‍സി യോഗം മാര്‍ച്ച് 18 ന് ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അഭിമുഖം 21 ന്
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി മുഖേന രണ്ടാം വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഫിസിക്സ് വിഷയത്തില്‍ ബ്രിഡ്ജ് കോഴ്സ് നടത്തുന്നതിന് എംഎസ്സി ഫിസിക്സ് ഫസ്റ്റ് ക്ലാസ് നേടിയിട്ടുളള താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 21 ന് രാവിലെ 10 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ : 04734 259634

error: Content is protected !!