ബ്രഹ്മപുരം വിഷപ്പുകയും മരവിച്ച പൊതു സമൂഹവും

konnivartha.com : ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീ പിടുത്തത്തെ തുടർന്ന് കൊച്ചി നഗരം ഗ്യാസ് ചേമ്പറായി മാറിയെന്ന ബഹു. കേരള ഹൈക്കോടതിയുടെ നിരീക്ഷണം അത്യന്തം ഗൗരവത്തോടെ വിലയിരുത്തണം.

കേരളത്തിലെ മഹാ നഗരങ്ങളും കൊച്ചു പട്ടണങ്ങളുമെല്ലാം മാലിന്യ ഭീഷണിയുടെ കരിനിഴലിലാണ്. ചരിത്ര നഗരമായ കോഴിക്കോട്, മാലിന്യ സംസ്ക്കരണ കാര്യത്തിൽ കുറ്റകരമായ അലംഭാവവും വീഴ്ചയും വരുത്തിയതിനെ തുടർന്ന് ആയിരങ്ങൾ രോഷാകുലരായി തെരുവിലിറങ്ങിയതും അധികാരികൾ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അവരെ നേരിട്ടതും സമീപകാലത്താണ്.അഗ്നിബാധയുണ്ടാവാൻ സാധ്യതയുള്ള 29 മാലിന്യ മലകൾ കേരളത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടു കൾ സൂചിപ്പിക്കുന്നത്.ഇത് ഞ്ഞെട്ടിപ്പിക്കുന്ന കണക്കാണ്.

ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലുണ്ടായ തീപ്പിടുത്തം സൃഷ്ടിച്ച പാരിസ്ഥിതിക ആഘാതവും ജനങ്ങൾ അനുഭവിക്കുന്ന ദുരിതവും മുൻ നിർത്തി ശക്തമായി രംഗത്ത് വരേണ്ട സാമൂഹിക- രാഷ്ടീയ പ്രസ്ഥാനങ്ങളും പരി സ്ഥിതി സംഘടനകളും പാടെ പരാജയപ്പെട്ട സാഹചര്യവും ഓർത്തെടുക്കുക.

മാലിന്യം കത്തി വിഷപ്പുക പടരുന്നത് സംബന്ധിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് നൽകിയ കത്തിനെ തുടർന്നാണ് , കേരള ഹൈക്കോടതി നേരിട്ട് കേസ്സെടുക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തീരുമാനിച്ചത്.

പ്രതീക്ഷയറ്റ ഒരു സമൂഹത്തിന്റെ ദൈന്യതയിൽ പങ്കു ചേർന്ന്, അവർക്ക് ആശ്വാസമായി ജുഡീഷ്യറി രംഗത്ത് വന്നുവെന്നതിൽ നീതി ബോധവും നിയമ വാഴ്ചയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന മൂഴുവൻ ആളുകളും അഭിമാനിക്കുന്നു. തുടരെത്തുടരെ നീതി നിഷേധവും ക്രമക്കേടുകളും നടക്കുമ്പോൾ , വെളിച്ചത്തിന്റെ പൊട്ടായി ജുഡീഷ്യറിയുണ്ട് എന്നത് മാത്രമാണ് ആശ്വാസം.

ബ്രഹ്‌മ പുരം മാലിന്യ പ്ളാന്റിലെ ദുരന്തം മനുഷ്യ നിർമ്മിതമാണ്. സമൂഹ ഗാത്രത്തിൽ പടർന്ന് കേറിക്കൊണ്ടിരിക്കുന്ന ജീർണ്ണതയുടെ ഉദാഹരണമായി ഇതിനെ കാണണം.

രാഷ്ടീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ ഒത്താശയോടെ സമൂഹത്തിൽ അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ അന്ത:പുരങ്ങളാണ് തുറന്നു കാട്ടപ്പെടുന്നത്. കേരള രാഷ്ടീയ നേതൃത്വത്തിലെ പലരും ഇത്രയേറെ തടിച്ചു കൊഴുത്തത് എങ്ങിനെയെന്ന് അന്വേഷിക്കപ്പെടാതെ പോവുകയാണ്. അവരുടെ അവിഹിത സമ്പാദ്യത്തെക്കുറിച്ചും ധനാഗമ മാർഗ്ഗങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ഒരു അന്വേഷണ ഏജൻസിക്കും താൽപ്പര്യമില്ല.

അന്വേഷണം നടത്തി കൃത്യമായ തെളിവുകളോടെ നൽകിയ റിപ്പോർട്ടുകൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മുമ്പിൽ പൊടി പിടിച്ചു കിടക്കുകയാണ്. അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയും അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യവും തകർക്കപ്പെടുന്നു. വിട്ടു വീഴ്ചകളുടെയും ഒത്തുതീർപ്പുകളുടെയും രാഷ്ട്രീയം ഇവിടെ അരങ്ങു തകർക്കുകയാണ്.

സമൂഹമാകട്ടെ, കൺമുമ്പിൽ അറപ്പുളവാക്കുന്ന അഴിമതി നടക്കുമ്പോഴും മരവിച്ചു നിൽക്കുന്നു. ഒരു സോഷ്യൽ ഓഡിറ്റിങ്ങിന് പോലും തയ്യാറാകുന്നില്ലെന്നതാണ് ഏറെ അത്ഭുത പ്പെടുത്തുന്നത്. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ! ?

മുല്ലപ്പള്ളി രാമചന്ദ്രൻ

error: Content is protected !!