ഉല്ലാസ യാത്രികരായി കോന്നിയില്‍ എത്തുന്നവര്‍ നദികളില്‍ ഇറങ്ങുന്നത് സൂക്ഷിക്കുക

 

konnivartha.com : അന്യ ജില്ലകളില്‍ നിന്നും കോന്നിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ വിനോദത്തിന് വേണ്ടി അച്ചന്‍ കോവില്‍ നദിയിലും കല്ലാറിലും ഇറങ്ങി കുളിക്കുന്നത് ഏറെ അപകടം ക്ഷണിച്ചു വരുത്തും . നീന്തല്‍ പോലും അറിയാത്ത ആളുകള്‍ ആണ് ഇരു നദികളിലും ഇറങ്ങി കുളിക്കുന്നത് . വേനല്‍ കടുത്തതോടെ നദികളിലെ ജല നിരപ്പ് താഴ്ന്നു എങ്കിലും വലിയ കയങ്ങള്‍ ഈ നദികളില്‍ ഉണ്ട് . കാല്‍ വഴുതി കയത്തിലേക്ക് എത്തപ്പെടുവാന്‍ സാധ്യത ഉണ്ട് . കോന്നി കൊടിഞ്ഞിമൂല കടവിലും മറ്റും ആഴമേറിയ പാറ ഇടുക്കുകള്‍ ഉണ്ട് . നീന്തല്‍ വശം ഉള്ളവര്‍ പോലും ഇതില്‍പ്പെട്ടു മരണപ്പെട്ടിട്ടുണ്ട് .

കോന്നി അഗ്നി ശമന വിഭാഗം അടിയന്തിരമായി ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കണം . കോന്നിയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കണം . നിലവില്‍ കോന്നി എക്കോ ടൂറിസം കേന്ദ്രത്തിലോ അടവി കുട്ട വഞ്ചി സവാരി കേന്ദ്രത്തിലോ കൃത്യമായ നിലയില്‍ ബോധവത്കരണം ഇല്ല .
കോന്നിയിലെ ചില കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ ശരീരം തണുപ്പിക്കാന്‍ നദിയില്‍ ഇറങ്ങുന്നുണ്ട് . നേരത്തെ ഇങ്ങനെ ഇറങ്ങിയ ഒരു വിദ്യാര്‍ത്ഥി മുങ്ങി മരിച്ചിട്ടുണ്ട് . കോളേജുകളില്‍ കൂടി ബോധവത്കരണം നടത്തണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു .
വിനോദ ഉപാധിയായി അന്യ ജില്ലക്കാര്‍ പോലും ചൂണ്ടയിടുവാന്‍ ഈ നദികളില്‍ എത്തുന്നു . ഈ നദിയിലെ ആഴമേറിയ സ്ഥലങ്ങളില്‍ ആണ് ഇവര്‍ എത്തുന്നത്‌ . ഇതില്‍ പലര്‍ക്കും നീന്തല്‍ പോലും വശമില്ല . അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എങ്കില്‍ മുങ്ങി മരണം നമ്മുടെ നാട്ടിലും കൂടുതലായി ഉണ്ടാകും എന്ന് മുന്നറിയിപ്പ് നല്‍കുന്നു.

വന മേഖലയില്‍ കൂടി കടന്നു പോകുന്ന അച്ചന്‍ കോവില്‍ ,കല്ലാര്‍ നദികളില്‍ ധാരാളം വന്യ മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ എത്തുന്നുണ്ട് . ഇവയെ കാണുന്ന മാത്രയില്‍ പലരും വാഹനത്തില്‍ നിന്നും ഇറങ്ങി ഫോട്ടോ എടുത്ത് നില്‍ക്കാറുണ്ട് . ചിലര്‍ ഒച്ച വെച്ച് വന്യ മൃഗത്തെ ഭയപ്പെടുത്തി ഓടിക്കുന്നു . വന പാലകര്‍ പോലും പറഞ്ഞാല്‍ അനുസരിക്കാത്ത ചിലര്‍ ആണ് ഇതൊക്കെ ചെയ്തു കൂട്ടുന്നത്‌ . വിനോദ സഞ്ചാരികള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലവില്‍ കൊടുക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല . കാരണം ടിക്കറ്റ് ഇനത്തിലും കുട്ട വഞ്ചി സവാരി ഇനത്തിലും കിട്ടുന്ന ലക്ഷങ്ങളുടെ വരുമാനത്തില്‍ മാത്രമാണ് അധികാരികളുടെ നോട്ടം . അധികാരികള്‍ തന്നെ കോന്നി എക്കോ ടൂറിസം കേന്ദ്രങ്ങള്‍ക്ക് അപവാദം ഉണ്ടാക്കരുത് എന്ന് അഭിപ്രായം ഉയര്‍ന്നു .

 

error: Content is protected !!