പട്ടയം കിട്ടാന്‍ 10000 രൂപ കൈക്കൂലി; വില്ലേജ് ഓഫീസറും സീനിയര്‍ ക്ലര്‍ക്കും പിടിയില്‍

 

വസ്തുവിന്‍റെ പട്ടയം കിട്ടാന്‍ ഉടമയില്‍ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറും സീനിയര്‍ ക്ലര്‍ക്കും പിടിയില്‍. പാലക്കാട് ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത്ത് ജി. നായരും, വെള്ളിനേഴി വില്ലേജ് ഓഫീസർ കെ.പി. നജുമുദ്ദീനുമാണ് വിജിലൻസിന്റെ പിടിയിലായത്.

വെള്ളിനേഴി സ്വദേശിയായ പരാതിക്കാരിയുടെ പേരിലുള്ള വസ്തുവിന്റെ പട്ടയം ലഭിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിൽ ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, പട്ടയം നൽകണമെങ്കിൽ വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ തൊട്ടടുത്ത പുരയിടക്കാരായ രണ്ടുപേരുടെ സമ്മതപത്രം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പരാതിക്കാരി സമ്മതപത്രവുമായി വെള്ളിനേഴി വില്ലേജ് ഓഫീസിൽ സാക്ഷ്യപ്പെടുത്തുന്നതിന് പലപ്രാവശ്യം ചെന്നിരുന്നു. എന്നാൽ, വില്ലേജ് ഓഫിസർ സമ്മതപത്രം നൽകാതെ ഓരോ കാരണങ്ങൾ പറഞ്ഞ് പരാതിക്കാരിയെ തിരിച്ചയക്കുകയായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ കാണാനെത്തിയപ്പോള്‍ സമ്മതപത്രം നൽകണമെങ്കിൽ 12,000 രൂപ കൈക്കൂലി നൽകണമെന്ന് പരാതിക്കാരിയോട് ആവശ്യപ്പെട്ടു. ഇത്രയും പണം എന്തിനാണെന്ന് ചോദിച്ചപ്പോൾ തനിക്ക് മാത്രമല്ല പട്ടയം അനുവദിക്കുന്നതിന് ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലുള്ളവർക്കും കൂടി കൈക്കൂലി നൽകാനാണെന്ന് അറിയിച്ചു. തുടർന്ന് പരാതിക്കാരി 10,000 രൂപ നൽകാമെന്ന് സമ്മതിച്ചു. പിന്നാലെ പരാതിക്കാരി ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി എസ്. ഷംസുദീനെ അറിയിച്ചു.

വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വില്ലേജ് ഓഫീസറെ കണ്ട് പരാതിക്കാരി കൈക്കൂലി കൊണ്ടുവന്നിട്ടുണ്ടെന്ന് അറിയച്ചതിനെത്തുടർന്ന് സമ്മതപത്രം ഒപ്പിട്ടു. അതിന് ശേഷം സമ്മതപത്രവും കൈക്കൂലിയായ 10,000 രൂപയും, ഒറ്റപ്പാലം ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലെ സീനിയർ ക്ലർക്ക് ശ്രീജിത് ജി. നായരെ ഏൽപിക്കണമെന്ന് പറഞ്ഞതനുസരിച്ച് പരാതിക്കാരി ഉച്ചക്ക് ഒരുമണിയോടെ ഒറ്റപ്പാലം ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലെത്തി.

സമ്മതപത്രവും പണവും ശ്രീജിത്തിന് ഓഫീസിൽ വച്ച് നൽകിയപ്പോൾ സമ്മതപത്രം വാങ്ങിയ ശേഷം ആളുകൾ നിൽക്കുന്നതിനാൽ പണം ഓഫീസിന് പുറത്തുവച്ചിട്ടുള്ള ബൈക്കിന്റെ ടാങ്ക് കവറിൽ വെക്കാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം പരാതിക്കാരി 10,000 രൂപ ഓഫീസിന് പുറത്ത് ശ്രീജിത്ത് പറഞ്ഞ ബൈക്കിൽ വെക്കുകയും ചെയ്തു.

അൽപസമയത്തിന് ശേഷം പുറത്തിറങ്ങിയ ശ്രീജിത്ത് പരാതിക്കാരി ബൈക്കില്‍ വെച്ച രൂപ എടുത്ത് പോക്കറ്റിലിട്ട സമയം ഡി.വൈ.എസ്.പി. എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ശ്രീജിത്ത്.ജി.നായരെയും, തുടർന്ന് വെള്ളിനേഴി വില്ലേജ് ഓഫീസർ കെ.പി.നജുമുദീനെയും പിടികൂടി. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

error: Content is protected !!