സ്വര്‍ണ്ണക്കപ്പ് കോഴിക്കോടിന്: കണ്ണൂരും പാലക്കാടും രണ്ടാമത്, ചാമ്പ്യന്‍ സ്കൂളായി ഗുരുകുലം

കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി. ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂള്‍ 90 പോയിന്‍റോടെ ഒന്നാമതെത്തി. 71 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗാ എച്ച് എസ് എസിനാണ് ഹയര്‍ സെക്കന്‍ററിയിലെ ഒന്നാം സ്ഥാനം. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഗായിക കെ എസ് ചിത്രയായിരുന്നു മുഖ്യാതിഥി. അടുത്ത വർഷത്തെ കലോൽസവത്തിന്‍റെ ഭക്ഷണ മെനുവിൽ മാംസാഹാരവും ഉണ്ടാകുമെന്ന പ്രഖ്യാപനവും കലോൽസവ മാനുവൽ പരിഷ്കരണവും സമാപന വേദിയിലും വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ചു

 

കേരള സ്കൂൾ കലോത്സവം : ആരോഗ്യ

വിഭാഗം താങ്ങായത് ആയിരത്തോളം

പേർക്ക്

സംസ്ഥാന സ്കൂൾ കലോത്സവ നഗരിയിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ആയിരത്തോളം പേർക്ക് താങ്ങായി ആരോഗ്യവകുപ്പ്. അലോപ്പതി വിഭാഗത്തിൽ അഞ്ഞൂറിലധികം പേർക്കും ഹോമിയോ വിഭാഗത്തിൽ നൂറിലധികം പേർക്കും ആയുർവേദ വിഭാഗത്തിൽ നൂറോളം പേർക്കും മെഡിക്കൽ സംഘം ചികിത്സ നൽകി. ആവശ്യമുള്ളവർക്ക് മരുന്നുകൾ സൗജന്യമായി നൽകി.

 

വ്യത്യസ്തമായ ചികിത്സാ സജ്ജീകരണവുമായി അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ മെഡിക്കൽ സംഘങ്ങളുടെ സേവനം കലോത്സവ നഗരിയിൽ മുഴുവൻ സമയവും ലഭ്യമായിരുന്നു. ഒന്നാം വേദിയായ വിക്രം മൈതാനിയിൽ മെഡിക്കൽ സേവനത്തിനായി വിപുലമായ സംവിധാനമാണ് ഒരുക്കിയത്. അഞ്ച് ഡോക്ടർമാർ, നഴ്സുമാർ, കിടത്തി ചികിത്സിക്കാൻ സാധിക്കുന്ന മൂന്ന് മൊബൈൽ ഐസിയു എന്നിവ ഒന്നാം വേദിയിൽ മുഴുവൻ സമയവും പ്രവർത്തിച്ചിരുന്നു.

 

കൂടാതെ മത്സരം നടന്ന മുഴുവൻ വേദികളിലും ഡോക്ടർമാർ, നേഴ്സുമാർ, ആംബുലൻസ് സൗകര്യം എന്നിവ സജ്ജമാക്കി. ആരോഗ്യപ്രശ്നങ്ങൾക്ക് പുറമെ മാനസിക സമ്മർദ്ദം കുറക്കുന്നതിനായി ശിശുക്ഷേമ വകുപ്പിന് കീഴിൽ ജോലി ചെയ്യുന്ന കൗൺസിലർമാരെ ഉപയോഗിപ്പെടുത്തിക്കൊണ്ട് വേദികളിൽ രണ്ട് കൗൺസിലർമാരും പ്രവർത്തിച്ചു. പൊതുജനങ്ങള്‍ക്കായി പ്രമേഹം, രക്തസമ്മർദ്ദം എന്നിവ അറിയുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

 

വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘം പ്രവർത്തിച്ചത്. സേവനങ്ങൾ പൂർണമായും സൗജന്യമായിരുന്നു.

കലോത്സവ ദിവസങ്ങളിൽ

തടസ്സങ്ങളില്ലാതെ വൈദ്യുതി വിതരണം

ചെയ്ത് കെ എസ് ഇ ബി

കലോത്സവ രാവുകൾക്ക് തടസ്സങ്ങളില്ലാതെ വൈദ്യുതി എത്തിച്ച ആശ്വാസത്തിൽ കെ എസ് ഇ ബി. ജനുവരി മൂന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ കലോത്സവം അരങ്ങേറിയ ഫറോക്ക് ഡിവിഷൻ,കോഴിക്കോട് ഡിവിഷൻ എന്നിവക്ക് കീഴിലെ ഏഴ് സെക്ഷനുകളിലാണ് തടസ്സം കൂടാതെ വൈദ്യുതി വിതരണം ചെയ്യാൻ കെ എസ് ഇ ബിക്ക് സാധിച്ചത്.

 

നടക്കാവ്, കാരപ്പറമ്പ്, വെസ്റ്റ്ഹിൽ, മാങ്കാവ്, പൊറ്റമ്മൽ, ബീച്ച്, സെൻട്രൽ തുടങ്ങിയ സെക്ഷന് കീഴിൽ 24 മണിക്കൂറും വൈദ്യുതി നിലച്ചിരുന്നില്ല. വൈദ്യുതി മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക ചുമതല നൽകി കെ എസ് ഇ ബി ജീവനക്കാരെ നിയോഗിക്കുകയും ചെയ്തിരുന്നു.

 

കലോത്സവത്തിൻ്റെ 24 വേദികളുടെയും സംഘാടക സമിതി ഓഫീസിൻ്റെയും പരിസരം, മത്സരാർത്ഥികളുടെ താമസം ഒരുക്കിയിരിക്കുന്ന സ്കൂളുകൾ, പ്രധാന പാർക്കിങ് ഒരുക്കിയ സ്ഥലം, നഗരപരിധിയിലെ റോഡുകൾ എന്നിവിടങ്ങളിലെ വെളിച്ചവും കെ എസ് ഇ ബി ഉറപ്പാക്കിയിരുന്നു.കൂടാതെ കലോത്സവ രാവുകളിൽ നഗരം പ്രകാശ പൂരിതമാകാനായി കെഎസ്ഇബി കോർപ്പറേഷൻ്റെ സഹകരണത്തോടെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിരുന്നു.

 

വേദികളുടെ പരിസരപ്രദേശങ്ങളിലുൾപ്പടെ വെളിച്ചം പകരുക എന്നതിനൊപ്പം കെഎസ്ഇബിയുടെ എക്സിബിഷൻ സ്റ്റാളും കലോത്സവ നഗരിയോട് ചേർന്ന് ഒരുക്കിയിരുന്നു. കെഎസ്ഇബിയുടെ വിവിധ പദ്ധതികളെക്കുറിച്ചും കെഎസ്ഇബിയുടെ സേവനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമെല്ലാം ജനങ്ങളെ അറിയിക്കുന്നതിനുള്ള സ്റ്റാളായിരുന്നു സാമൂതിരി സ്കൂൾ മൈതാനത്ത് ഒരുക്കിയത്. നിരവധി പേരായിരുന്നു ഈ സ്റ്റാൾ സന്ദർശിച്ചത്.

കേരള സ്കൂൾ കലോത്സവം: മുഴുവൻ സമയ

പങ്കാളികളായി ജില്ലാ ഇൻഫർമേഷൻ

ഓഫീസും

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ മുഴുവൻ സമയവും പങ്കാളികളായി ജില്ലാ ഇൻഫർമേഷൻ ഓഫീസും. പ്രധാന വേദിക്കരികിലും സാമൂതിരി സ്കൂൾ ഗ്രൗണ്ടിലെ വേദിയിലും ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രദർശനങ്ങൾ ഏറെ ശ്രദ്ധ നേടി.

ലഹരിക്കെതിരെ അണിചേർന്നുകൊണ്ട് പ്രധാന വേദിയിൽ സജ്ജീകരിച്ച ഗോൾ പോസ്റ്റിൽ ഗോളടിക്കാനായി എത്തിയത് നിരവധി പേരാണ്.

 

വിവിധ വേദികളിലായി സജ്ജീകരിച്ച വകുപ്പുകളുടെ സേവനങ്ങൾ, കലോത്സവ വാർത്തകൾ എന്നിവ സംബന്ധിച്ച വാർത്ത കുറിപ്പും സമയബന്ധിതമായി നൽകാൻ ഇൻഫർമേഷൻ ഓഫീസിന് സാധിച്ചു. കലോത്സവത്തിൽ ഉടനീളം പരിപാടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി.

 

തളി സാമൂതിരി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഫോട്ടോ പ്രദർശനത്തിൽ ജില്ലയിൽ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ ഇൻഫർമേഷൻ ഓഫീസും കാലിക്കറ്റ് പ്രസ്സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച കലോത്സവ ചരിത്ര പ്രദർശന സ്റ്റാൾ സന്ദർശകർക്ക് അത്ഭുതവും ആവേശവും ആയി മാറിയിരുന്നു.

കോഴിക്കോടിന്റെ മഹോത്സവമായി

കേരള സ്കൂൾ കലോത്സവം മാറി – പ്രതിപക്ഷ

നേതാവ് വി. ഡി സതീശൻ

കേരള സ്കൂൾ കലോത്സവം കോഴിക്കോടിന്റെ മഹോത്സവമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ പെരുമയും തനിമയും ഒരുമയും എല്ലാം വിളിച്ചോതിയ കലോത്സവമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരള സ്കൂൾ കലോത്സവ മത്സരങ്ങൾ പരാതികൾ ഇല്ലാതെ മികച്ചരീതിയിൽ സമയബന്ധിതമായി നടപ്പാക്കാൻ സാധിച്ചുവെന്ന്

അദ്ദേഹം പറഞ്ഞു. കോവിഡ് വരുത്തിയ ഇടവേളക്ക് ശേഷം വന്നെത്തിയ കേരള സ്കൂൾ കലോത്സവം റിവഞ്ച് സ്കൂൾ കലോത്സവമായി ജനങ്ങൾ ഏറ്റെടുത്തു. കമ്മിറ്റികൾ, അധ്യാപക, വിദ്യാർത്ഥി സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, കോർപ്പറേഷൻ, വിവിധ വകുപ്പുകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനങ്ങൾ തുടങ്ങി എല്ലാവരും ഒന്നിച്ചു നിന്ന് കലോത്സവത്തെ വിജയിപ്പിച്ചു.

 

ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശുചിത്വ തൊഴിലാളികൾ, വാഹന സൗകര്യം ഒരുക്കിയ ഓട്ടോ തൊഴിലാളികൾ, ദിവസേന കാൽലക്ഷം പേർക്ക് ഭക്ഷണം വിളമ്പിയ ഭക്ഷണ കമ്മിറ്റി, വളണ്ടിയർമാർ, പോലീസ്, വിവിധ കമ്മിറ്റികൾ എന്നിവർ നടത്തിയത് മാതൃകാപരമായ പ്രവർത്തനമാണ്. ഏവരുടെയും ചടുലവും സമയബന്ധിതവുമായ ഇടപെടൽ കലോത്സവത്തെ പരാതികളില്ലാതെ മാതൃകാപരമായി നടപ്പാക്കാൻ സഹായിച്ചുവെന്നും മന്ത്രി പറഞ്ഞു.

 

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി സമ്മാനദാനം നിർവഹിച്ചു. കലോത്സവ നാളുകളിൽ ഇത്രയും വിദ്യാർത്ഥികൾ അടങ്ങുന്ന സമൂഹത്തെ ഊട്ടുന്നത് ചരിത്രമാകുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തവണ വേൾഡ് റെക്കോർഡ് അധികൃതരെ അറിയിച്ച് കലോത്സവം നടത്താം എന്നാണ് കരുതുന്നത്. ഭക്ഷണത്തിലെ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കും വിധമുള്ള നടപടികൾ അടുത്ത കലോത്സവം മുതൽ ഉണ്ടാകും.

എല്ലാവരുടെ ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്നും കൃത്യസമയം പാലിച്ച് മേള നടത്താനായി എന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

 

സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പിന്തുണകൊണ്ടും ഉജ്ജ്വല വിജയം നേടിയ കലോത്സവമാണിതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട സുവനീർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

ക്യാപ്റ്റൻ വിക്രമിന്റെ മാതാപിതാക്കളെ ചടങ്ങിൽ മന്ത്രിമാരായ പി. എ മുഹമ്മദ് റിയാസ്, വി. ശിവൻ കുട്ടി എന്നിവർ ചേർന്ന് ആദരിച്ചു. തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് വിവിധ സബ്കമ്മിറ്റികളുടെ കൺവീനർമാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഉപഹാരം നൽകി.

 

ഗായിക കെ. എസ് ചിത്ര പ്രത്യേക ക്ഷണിതാവായിരുന്നു.

എം. കെ രാഘവൻ എം. പി, എളമരം കരീം എം. പി, എം. എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഡ്വ. കെ എം സച്ചിൻ ദേവ്, ടി. പി രാമകൃഷ്ണൻ, ഇ. കെ വിജയൻ, കെ. പി കുഞ്ഞമ്മദ് കുട്ടി, ലിന്റോ ജോസഫ്, മേയർ ഡോ. ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ, പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, പോലീസ് കമ്മീഷണർ രാജ്‌ പാൽ മീണ, ചലച്ചിത്ര താരം വിന്ദുജ മേനോൻ

തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ടി. ഭാരതി നന്ദിയും പറഞ്ഞു.

കലാ മാമാങ്കത്തിന് തിരശ്ശീല വീണു

അഞ്ച് ദിവസം 24 വേദികളിലായി നടന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് ആവേശകരമായ പരിസമാപ്തി. കോവിഡ് കവർന്ന രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംഘടിപ്പിച്ച കലോത്സവം സംഘാടന മികവു കൊണ്ടും സമയ കൃത്യത കൊണ്ടും ശ്രദ്ധേയമായി. ചരിത്രത്തിൽ പുതിയ ഏടുകൾ തീർത്താണ് സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങിയത്.

 

മുഴുവൻ വേദികളിലും സമയ ബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാൻ സംഘാടകർക്ക് സാധിച്ചു.അപ്പീലുകളിലൂടെ എത്തിയ മത്സരാർത്ഥികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.

 

21 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും നടത്തിയത്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും സ്വാഗത സംഘം ചെയർമാനും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും കലോത്സവം ആരംഭിക്കുന്നതിന് മുമ്പുതന്നെ നിറ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു. പരാതികളുയരാത്ത തരത്തിൽ മികച്ച രീതിയിൽ കലോത്സവം സംഘടിപ്പിക്കാനായത് കമ്മിറ്റിയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണെന്ന് മന്ത്രിമാർ പറഞ്ഞു.

 

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ കലാപ്രതിഭകളുടെ സുഗമമായ യാത്രയ്ക്കായി ഒരുക്കിയ കലോത്സവ വണ്ടികളുടെ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിഭിന്നമായാണ് ഇത്തരത്തിലൊരു പുത്തൻ ആശയം കൈകൊണ്ടത്. പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒട്ടോറിക്ഷ തൊഴിലാളികളുമെത്തിയതോടെ സംഭവം ഹിറ്റായി.

 

വേദികളുടെ പൂർണ്ണ നിയന്ത്രണം അധ്യാപികമാർക്ക് നൽകി കലോത്സവത്തിൽ പുതുചരിത്രം രചിക്കാൻ കോഴിക്കോട് നടന്ന കേരള സ്കൂൾ കലോത്സവത്തിന് സാധിച്ചു. സ്റ്റേജ് മാനേജ്മെന്റ്, ആങ്കറിംഗ് ഉൾപ്പെടെ 24 വേദികളിലും അവർ നിറഞ്ഞു നിന്നു. ശിൽപം, മണൽ ശില്പം, ഗിറ്റാർ ആകൃതിയിലുള്ള കൊടിമരം, തുടങ്ങി വ്യത്യസ്തമായ നിരവധി ആശയങ്ങളാണ് കലോത്സവം മുന്നോട്ട് വെച്ചത്.

 

ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർണ്ണമായും ഹരിത ചട്ടം പാലിച്ചാണ് കലോത്സവം സംഘടിപ്പിച്ചത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കുടിവെളള വിതരണത്തിനായി മൺകൂജകളാണ് ഒരുക്കിയത്. രാപ്പകലില്ലാതെ കോർപ്പറേഷന്റെയും ഗ്രീൻ ബ്രിഗേഡിന്റെയും സേവനവും ലഭ്യമായിരുന്നു.

 

കലോത്സവം ആരംഭിച്ച ജനുവരി മൂന്ന് മുതൽ ഏഴ് വരെ മുഴുവൻ വേദികളും ജനസാഗരമായ കാഴ്ചയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരങ്ങളാണ് ഓരോ ദിവസവും കലോത്സവം കാണാൻ ഒഴുകിയെത്തിയത്. കലോത്സവത്തെ ജനങ്ങൾ ഏറ്റെടുത്തു എന്ന് വ്യക്തമാക്കുന്നതായിരുന്നു

രാവിലെ മുതൽ രാത്രി വരെ വേദികളെല്ലാം ജനനിബിഡമായ കാഴ്ച. കലാ പ്രകടനങ്ങളുമായി മത്സരാർത്ഥികൾ വേദികൾ കീഴടക്കിയപ്പോൾ ഹർഷാരവത്തോടെയാണ് കാണികൾ അവ നെഞ്ചിലേറ്റിയത്.

 

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. ദിനംപ്രതി 25000 ഓളം ആളുകളാണ് ഭക്ഷണത്തിനായി ചക്കരപന്തലിലെത്തിയത്.

മെഡിക്കൽ സേവനങ്ങളുമായി ആരോഗ്യ വിഭാഗവും, പോലീസ്, ഫയർ ഫോഴ്സ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, എൻ.സി.സി, എസ്.പി.സി കേഡറ്റുകൾ, യുവജന ക്ഷേമ ബോർഡിന്റെ ടീം കേരള വളണ്ടിയർമാർ ഉൾപ്പെടെയുള്ളവർ കർമ്മ നിരതരായി എല്ലാ വേദികളിലുണ്ടായിരുന്നു.

 

error: Content is protected !!