സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു

 

konnivartha.com/ പത്തനംതിട്ട : നഗരസഭ രണ്ടാം വാർഡിൽ നിർമ്മിച്ച സാംസ്ക്കാരിക നിലയവും വാർഡ് സേവാകേന്ദ്രവും ലൈബ്രറിയും നഗരസഭാ ചെയർമാൻ അഡ്വ.റ്റി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

വികസന പദ്ധതികൾ നാടിൻറെ സാമൂഹ്യവും സാംസ്കാരികവുമായ പുരോഗതിയെ ലക്ഷ്യം വെച്ച് ആകണം എന്ന ഉറച്ച ബോധ്യത്തോടെയാണ് നഗരസഭ ഭരണസമിതി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടുകൂടി നടത്തുന്നതിന്റെ മാതൃകയാണ് നഗരസയിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

വാർഡ് കൗൺസിലർ പി കെ അനീഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത്കുമാർ, പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരമണിയമ്മ, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, മുൻ നഗരസഭ അധ്യക്ഷൻ അഡ്വ. എ സുരേഷ് കുമാർ, കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, കൗൺസിലർമാരായ എം സി ഷരീഫ്, ആർ സാബു, ശോഭ കെ മാത്യു, സി കെ അർജുനൻ, വിമല ശിവൻ, മുൻ ബുക്ക് മാർക്ക് സെക്രട്ടറി എ ഗോകുലേന്ദ്രൻ, എഡിഎസ് ചെയർപേഴ്സൺ ജോളി ആന്റണി, സിഡിഎസ് അംഗം ബിനി ഫിലിപ്പ്, യൂത്ത് കോഡിനേറ്റർ അജിൻ വർഗ്ഗീസ്,സിപിഐ(എം) സൗത്ത് ലോക്കൽ സെക്രട്ടറി എം ജെ രവി, തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭാ ഭരണ സമിതിയുടെയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൂർത്തീകരിക്കുന്ന പദ്ധതികളുടെ ഭാഗമാണിത്. ജനങ്ങൾക്ക് നഗരസഭയുടെ വിവിധ സേവനങ്ങൾ വാർഡിൽ ലഭ്യമാക്കുക, പൊതുപരിപാടികൾക്കും മറ്റ് സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും ഇടമൊരുക്കുക, വായനാശീലം വളർത്തുന്നതിന് ജനങ്ങൾക്ക് ഉപയുക്‌തമാകുന്ന തരത്തിൽ ഗ്രന്ഥശാല പ്രവർത്തനം വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങൾ പൊതുജന പങ്കാളിത്തത്തോടെയാണ് സമാഹരിച്ചത്.

നഗരസഭാ പ്ലാൻ ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. കൗൺസിലറുടെ വാർഡ് തല കാര്യാലയം എന്ന നിലയിൽ പ്രവർത്തിക്കുന്ന സേവാ കേന്ദ്രം നഗരസഭയിൽ ആദ്യമായാണ് പ്രവർത്തനം ആരംഭിക്കുന്നത്. നഗരസഭയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾക്കൊപ്പം കൗൺസിലറുടെയും ഭരണസമിതിയുടെയും ശ്രദ്ധയിൽ പെടുത്തേണ്ട മറ്റ് ആവശ്യങ്ങളും പൊതുജനങ്ങൾക്ക് സേവാ കേന്ദ്രം മുഖേന അറിയിക്കാനാകും. സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി കേന്ദ്രത്തിൽ ഒരു ഫെസിലിറ്ററെ ചുമതലപ്പെടുത്തും. ഒപ്പം പ്രദേശത്തിൻറെ സാംസ്കാരിക കേന്ദ്രമായി ഇത് പ്രവർത്തിക്കും.

error: Content is protected !!