ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 11/12/2022)

 

 

ശബരിമല തീര്‍ഥാടനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കനത്ത തോതിലുള്ള വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. തിങ്കളാഴ്ച രാവില 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം.

പ്രതിദിനം ഒരു ലക്ഷത്തോളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദര്‍ശനത്തിനെത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടു വര്‍ഷമായി തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.

ദര്‍ശന സമയമടക്കമുള്ള കാര്യങ്ങളും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.

 

ശബരിമലയില്‍ തിങ്കളാഴ്ചത്തെ ബുക്കിംഗ് 1,07,260;തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍

ശബരിമലയില്‍ നാളെ (ഡിസംബര്‍ 12) ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേരാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ് വരുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി സെഗ്മെന്റുകളായി തിരിച്ച് ഘട്ടം ഘട്ടമായേ കടത്തി വിടുകയുള്ളൂ. ഇതിനായി ഒരോ പോയിന്റുകളിലും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഭക്തര്‍ തിരക്കില്‍പ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സെഗ്മന്റുകളായി തിരിക്കുന്നത്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പോലീസിന് പുറമെ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കും.

ഡിസംബര്‍ 13 ന് 77,216 പേരും, 14 ന് 64,617 പേരുമാണ് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ഇതുവരെ (ഞായറാഴ്ച വൈകിട്ട്) ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ന് (ശനിയാഴ്ച) വൈകിട്ട് അഞ്ച് വരെ അറുപതിനായിരത്തോളം പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്.

ശബരിമലയിലെ  ചടങ്ങുകള്‍
(12.12.2022)
………
പുലര്‍ച്ചെ 2.30 ന് പള്ളി ഉണര്‍ത്തല്‍
3 ന്…. നട തുറക്കല്‍.. നിര്‍മ്മാല്യം
3.05 ന് ….അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതല്‍ 7 മണി വരെയും 8 മണി മുതല്‍ 11 മണി വരെയും നെയ്യഭിഷേകം
6 മണിക്ക് അഷ്ടാഭിഷേകം
7.30 ന് ഉഷപൂജ
11.30. ന് ..25 കലശാഭിഷേകം
12 മണിക്ക് കളഭാഭിഷേകം
12.30ന് ……ഉച്ചപൂജ
1മണിക്ക് ക്ഷേത്രനട അടയ്ക്കല്‍
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന്… ദീപാരാധന
7 മണിമുതല്‍ പുഷ്പാഭിഷേകം
9.30 മണിക്ക് …അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും.

തിരക്കുള്ള ദിവസങ്ങളില്‍ ക്ഷേത്ര നട രാത്രി 11.30 ന് മാത്രമെ അടയ്ക്കുകയുള്ളൂ.

 

അമിത വില; പാത്രക്കടയ്ക്ക് പിഴ

അയ്യപ്പഭക്തരില്‍ നിന്നും അമിത വില ഈടാക്കിയ സന്നിധാനത്തെ പാത്രക്കടയ്ക്ക് പിഴ ചുമത്തി. സന്നിധാനം ഗവ. ആശുപത്രിക്ക് എതിര്‍വശമുള്ള കടയില്‍ പാത്രങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റവന്യു സ്‌ക്വാഡ് പരിശോധന നടത്തുകയും ക്രമക്കേട് കണ്ടെത്തുകയും
5,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

പിശോധനയ്ക്ക് ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ശ്രീകുമാര്‍, എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ. ഗോപകുമാര്‍, അളവ് തൂക്കവിഭാഗം ഇന്‍സ്പെക്ടര്‍ ഹരികൃഷ്ണക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

കാരുണ്യ സ്പര്‍ശം സന്നിധാനത്തും

സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഏറെ ആശ്വാസം പകരുന്ന സംവിധാനമാണ് സര്‍ക്കാരിന്റെ കാരുണ്യ ഫാര്‍മസി. സര്‍ക്കാര്‍ ആശുപത്രില്‍ ഒരുവിധപ്പെട്ട എല്ലാ മരുന്നുകളും ലഭ്യമാണെങ്കിലും ചിലഘട്ടങ്ങളില്‍ പുറത്തുനിന്നുള്ള മരുന്നകള്‍ ആവശ്യമായി വരും. അങ്ങനെ വരുന്ന രോഗികള്‍ക്ക് കാരുണ്യ ഫാര്‍മസിയെ ആശ്രയിക്കാം. 20 മുതല്‍ 90 ശതമാനം വരെ വിലക്കുറവില്‍ ഇവിടെ നിന്ന് മരുന്നുകള്‍ ലഭ്യമാകും.

ഇന്‍ഹെയ്‌ലറുകള്‍, ഇന്‍സുലിന്‍, മറ്റ് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നുകള്‍ തുടങ്ങിയവ ഇവിടെയുണ്ട്. ശബരിമല കയറി വരുന്ന ഭക്തരില്‍ ചിലര്‍ക്ക് കാല്‍മുട്ട് വേദന, കാല്‍കുഴ വേദനകള്‍ അനുഭവപ്പെടാറുണ്ട്. അവര്‍ക്ക് വേണ്ട വിവധതരം ബാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സാസാമഗ്രികള്‍ ഫാര്‍മസിയില്‍ നിന്ന് ലഭിക്കും.

ശബരിമല സര്‍ക്കാര്‍ ആശുപത്രിയോട് ചേര്‍ന്ന് തന്നെയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസി സജ്ജമാക്കയിട്ടുള്ളത്. പ്രതിദിനം നിരവധിയാളുകളാണ് ഫാര്‍മസിയുടെ സേവനം തേടുന്നത് എന്നും ആവശ്യമരുന്നുകളെല്ലാം തന്നെ ഇവിടെ ലഭ്യമാണെന്നും പമ്പ- സന്നിധാനം ഫാര്‍മസി ഇന്‍ചാര്‍ജ്ജ് ബി.വിനീത് പറഞ്ഞു.രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കാരുണ്യ ഫാര്‍മസി.

error: Content is protected !!