മണ്ണാറക്കുളഞ്ഞി ആശുപത്രി വളവിലെയും രണ്ടാം കലുങ്കിലേയും അപകട വളവുകളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

ജനീഷ് കുമാര്‍ എംഎല്‍എ യോഗം വിളിച്ച് നിര്‍ദേശങ്ങള്‍ നല്‍കി
മണ്ണാറക്കുളഞ്ഞി ആശുപത്രി വളവിലെയും രണ്ടാം കലുങ്കിലേയും അപകട വളവുകളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

 

konnivartha.com : മണ്ണാറക്കുളഞ്ഞി ആശുപത്രി വളവിലെയും രണ്ടാം കലുങ്കിലേയും അപകട വളവുകളില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

പുനലൂര്‍ – മൂവാറ്റുപുഴ റോഡ് പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. രണ്ട് സ്ഥലങ്ങളും കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍ പ്രമോജ് ശങ്കറിനൊപ്പം എംഎല്‍എ സന്ദര്‍ശിച്ചു. ട്രാന്‍സ്‌പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ കൂടിയായ കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ മോട്ടോര്‍ വാഹന വകുപ്പിനോട് രണ്ടുദിവസത്തിനകം സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഈ ഭാഗത്തെ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മിച്ചതോടെ അമിതവേഗത അപകടങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്.
നിര്‍മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന കോന്നി- പുനലൂര്‍ റീച്ചില്‍ കോന്നി നിയോജകമണ്ഡലത്തില്‍ ഇനി നാല് കിലോമീറ്റര്‍ റോഡ് കൂടിയാണ് ടാര്‍ ചെയ്യാനുള്ളത്.

പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും വ്യാപാരി നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉന്നയിച്ച പരാതികള്‍ എംഎല്‍എ യോഗത്തില്‍ കേട്ടു. മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്‍പ് റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമാക്കുവാന്‍ എംഎല്‍എ ഉദ്യോഗസ്ഥരോടും കരാറുകാരോടും നിര്‍ദേശിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ ഇടയുള്ള മാരൂര്‍ പാലത്തിലും വകയാര്‍ പാലത്തിലും നിലവിലുള്ള പാലവും പുതിയതായി നിര്‍മിച്ച പാലവും ഉപയോഗിച്ച് വാഹന ഗതാഗതം സുഗമമാക്കും.

നെടുമണ്‍കാവ് മുതല്‍ ഗാന്ധി ജംഗ്ഷന്‍ വരെയുള്ള തോടിന്റെ വീതി കുറഞ്ഞത് കൈയേറ്റം കണ്ടെത്തി അതിര്‍ത്തി നിശ്ചയിച്ച് സംരക്ഷണഭിത്തി പുനര്‍ നിര്‍മിക്കാന്‍ എംഎല്‍എ നിര്‍ദേശിച്ചു. കോന്നി തഹസില്‍ദാര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ്, കെഎസ്ടിപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്ത പരിശോധന ചൊവ്വാഴ്ച നടത്തുവാന്‍ എംഎല്‍എ നിര്‍ദേശിച്ചു.

വീതി കുറവുള്ള കലഞ്ഞൂര്‍ പാലം വീതി വര്‍ധിപ്പിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. അയ്യപ്പഭക്തര്‍ വിരിവയ്ക്കുന്ന കലഞ്ഞൂര്‍ ആല്‍ത്തറ ജംഗ്ഷനിലേക്കുള്ള ഇരു വഴികളും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കുവാന്‍ എംഎല്‍എ നിര്‍ദേശിച്ചു. കൂടല്‍ ജംഗ്ഷനിലും കൂടല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും കൂടല്‍ ക്ഷേത്രം ജംഗ്ഷനിലും ഓട നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധനയില്‍ കരാറുകാരെ കൂടി ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

ഇഞ്ചപ്പാറ പെട്രോള്‍ പമ്പിന് സമീപം തോട് തടസപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന പാലം പരിശോധിക്കും. കോന്നി ചൈന മുക്കില്‍ ഗുരു മന്ദിരത്തിന് സമീപത്തുകൂടി പോകുന്ന റോഡില്‍ കലുങ്കില്‍ നിന്നുള്ള വെള്ളം ഒഴുകുന്നത് കെഎസ്ടിപിയുടെ ഓടയിലേക്ക് പരസ്പരം ബന്ധിപ്പിക്കാന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. കോന്നി ടൗണില്‍ സെന്റര്‍ ജംഗ്ഷനില്‍ റൗണ്ടാന നിര്‍മിക്കണമെന്ന് എംഎല്‍എ പ്രൊജക്റ്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കോന്നി ടൗണിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി 21- ന് പൂര്‍ണമായും കണക്ഷന്‍ പുനസ്ഥാപിക്കുമെന്ന് കരാറുകാര്‍ അറിയിച്ചു.

 

കോന്നി ടൗണില്‍ പഞ്ചായത്ത് പുറംപോക്ക് ഏറ്റെടുക്കുന്നത് സംയുക്ത പരിശോധന നടത്തി പരിഹരിക്കണമെന്നു കോന്നി പഞ്ചായത്ത് പ്രസിഡന്റിനോട് എംഎല്‍എ നിര്‍ദേശിച്ചു. കോന്നിയില്‍ ട്രാന്‍സ്‌ഫോമര്‍ കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയില്‍ ക്രമീകരിക്കാന്‍ എംഎല്‍എ നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്റെ ഭാഗത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നത് പരിശോധിച്ചു പരിഹരിക്കണമെന്നും എംഎല്‍എ പറഞ്ഞു. യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പ്രൊജക്റ്റ് ഡയറക്ടര്‍ നേരിട്ട് റിവ്യൂ ചെയ്യണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.

കോന്നി പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എയോടൊപ്പം കെഎസ്ടിപി പ്രൊജക്റ്റ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍, കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ കെ. ലിസി, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിന്ദു, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ജിജി സജി, പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഖ വി നായര്‍, ടി.വി. പുഷ്പവല്ലി, ചന്ദ്രിക സുനില്‍, പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ ടി. ജയശ്രീ, കോന്നി തഹസില്‍ദാര്‍ കുഞ്ഞച്ചന്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ മുഹമ്മദ് നവാസ്, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കോശി, കെഐപി അസിസ്റ്റന്റ് എന്‍ജിനീയര്‍ അനന്തു, പഞ്ചായത്ത് സെക്രട്ടറിമാര്‍, കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി നേതാക്കള്‍, ഓട്ടോ ടാക്‌സി നേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!