സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്

 

സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത്; സംഘാടക സമിതി രൂപീകരിച്ചു
ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേള മികച്ചതാക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ കായിക വളർച്ചയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുവെന്നും മറ്റേത് വിഷയം പോലെ തന്നെ പ്രാധാന്യമുള്ളതാണ് കായിക വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ കായിക മത്സരങ്ങൾ സഹായിക്കും.

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായികോത്സവം നടക്കുക. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കായികോത്സവത്തിൽ 98 ഇനങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ(പെൺ/ആൺ) വിഭാഗങ്ങളിലായി 2000 ത്തോളം കായികതാരങ്ങൾ പങ്കെടുക്കും.

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു യോഗത്തിൽ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ വാസു സി.കെ, തിരുവനന്തപുരം ഡി.എം.ഒ (ആരോഗ്യം) രശ്മി. എസ്, എ.സി.പി പ്രതാപൻ നായർ, തിരുവനന്തപുരം എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ. പ്രമോദ്, എസ്.ഐ.എം.സി ഡയറക്ടർ ജൻസി വർഗീസ്, വി.എച്ച്.എസ്.സി ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) മിനി ഇ.ആർ, എന്നിവർ പ്രസംഗിച്ചു.

error: Content is protected !!