പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

നവകേരളം കര്‍മ പദ്ധതി 2: പരിശീലനം തുടങ്ങി
നവകേരളം കര്‍മ പദ്ധതി 2 ഇന്റേണ്‍ഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും നാലു ദിവസത്തെ പരിശീലന പരിപാടിക്ക്  തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തില്‍ തുടക്കമായി. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള സമൂഹം നവകേരള സൃഷ്ടിയുടെ പാതയില്‍ മുന്നേറുന്ന ഈ ഘട്ടത്തില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ യുവതലമുറക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ഡോ.ജോയ് ഇളമണ്‍ പറഞ്ഞു. നവകേരളം കര്‍മപദ്ധതി 2 മാര്‍ഗരേഖയെ അടിസ്ഥാനമാക്കി നടക്കുന്ന പരിശീലന പരിപാടിയില്‍ 14 ജില്ലകളില്‍ നിന്നുമുള്ള ഇന്റേണ്‍ഷിപ്പ് ട്രെയിനിമാര്‍ പങ്കെടുക്കുന്നു.

ഹരിതകേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം തുടങ്ങി വികസന മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം പരിസ്ഥിതി പുനസ്ഥാപനം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, നീര്‍ച്ചാലുകളുടെ പുനരുജ്ജീവനവും അനുബന്ധ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. നവകേരളം കര്‍മ്മ പദ്ധതി പ്രവര്‍ത്തന മേഖലകളില്‍ നേരിട്ടുള്ള സന്ദര്‍ശനവും പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്. വികസന രംഗത്ത് യുവജനങ്ങളില്‍ നിന്നും പുതിയ നേതൃനിരയെ സൃഷ്ടിക്കുകയും നൂതന ആശയങ്ങളും അവയുടെ ആവിഷ്‌ക്കാരവും സാധ്യമാക്കുകയും ചെയ്യുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് നവകേരളം കര്‍മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ പറഞ്ഞു. കിലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 29 ന് സമാപിക്കും.

 

ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന വികസന ക്ഷേമ പരിപാടികളുടെ ഉദ്ഘാടനം, ജില്ലാതല പരിപാടികള്‍, വാരാചരണങ്ങള്‍, റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ഫേയ്സ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു പരിപാടി ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.

 

ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.

 

സ്വയം തൊഴില്‍ ബോധവല്‍ക്കരണ ഏകദിന ശില്പശാല ഇന്ന് (27)
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ഏകദിന ശില്പശാല ഇന്ന്( 27 ) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ട നഗരസഭ 30-ാം വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിക്കും.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളുടെ പരിചയപ്പെടുത്തല്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പ്ലേസ്‌മെന്റ്) സി ഖദീജാബീവിയും സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിഗും എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് ചീഫ് മാനേജര്‍ സിറിയക് തോമസും ശില്‍പശാല നയിക്കും. സ്വയം തൊഴില്‍ വായ്പാ പദ്ധതികളുടെ അപേക്ഷാ ഫോറം ശില്‍പശാലയില്‍ വച്ച് വിതരണം ചെയ്യും.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കിവരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് തൊഴില്‍ രഹിതരില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും ബാങ്കിംഗ് മേഖലയുമായി സംരംഭകരെ പരിചയപ്പെടുകയുമാണ് ശില്‍പശാലയുടെ ലക്ഷ്യം.

 

ചിലമ്പൊലി 2022 ജില്ലാ തല ബഡ്‌സ് കലോല്‍സവത്തിന്  തുടക്കമായി
പത്തനംതിട്ട ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ പഠന, പരിശീലന കേന്ദ്രങ്ങളായ ബഡ്‌സ്/ബി.ആര്‍.സികളിലെ കുട്ടികളുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ഗോല്‍സവം ചിലമ്പൊലി 2022ന് തിരശീല ഉയര്‍ന്നു. ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്നായി നൂറ്റിഅന്‍പതോളം പേര്‍ രണ്ട് ദിവസങ്ങളിലായി അരങ്ങിലെത്തും.
വിഭിന്നശേഷിയുള്ള കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും കുട്ടികളുടെ മാനസിക ബൗദ്ധിക വികാസം, തൊഴില്‍പരിശീലനം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കി കുടുംബശ്രീയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള കേന്ദ്രങ്ങളാണ് ബഡ്‌സ്/ബി.ആര്‍.സികള്‍. അഞ്ച് വയസ് മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ബഡ്‌സ് സ്‌കൂളുകള്‍ വഴി വിദ്യാഭ്യാസവും  18 വയസിനു മുകളിലുള്ളവര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍ മുഖേന പകല്‍ പരിപാലനവും തൊഴില്‍ പരിശീലനവുമാണ് നല്‍കുന്നത്.
ലളിതഗാനം, പ്രച്ഛന്നവേഷം, ഉപകരണ സംഗീതം, ഒപ്പന, എംബോസ് പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, എന്നിവയാണ് ആദ്യദിനമായ  ബുധനാഴ്ച്ച അരങ്ങിലെത്തിയത്. രണ്ടാം ദിനമായ വ്യാഴാഴ്ച മിമിക്രി, നാടോടി നൃത്തം, നടോടി ഗാനം, സംഘനൃത്തം, ക്രയോണ്‍ പെയിന്റിംഗ് എന്നിവ നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പൊന്നമ്മ ശശി, പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, സാമൂഹ്യ നീതി ജില്ലാ ഓഫീസര്‍ ഏലിയാസ് തോമസ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സ്മിത തോമസ്,  ജില്ലാ പ്രോഗാം മാനേജര്‍ (ട്രൈബല്‍) ടി.കെ. ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

 

സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല
മല്ലപ്പള്ളി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തുന്നു. മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 ന് നടത്തുന്ന ശില്‍പ്പശാലയില്‍ സ്വയംതൊഴില്‍ പദ്ധതികളുടെ അപേക്ഷാ ഫോറ വിതരണം ഉണ്ടായിരിക്കും. താല്‍പ്പര്യമുള്ള മല്ലപ്പള്ളി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കണം.

ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2022-23 വര്‍ഷത്തില്‍ 2022 നവംബര്‍ ഒന്നു മുതല്‍ 2023 ഒക്ടോബര്‍ 31 വരെ ഒരു വര്‍ഷകാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ തത്പരരായ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ നാലിന് പകല്‍ 12 വരെ. ഫോണ്‍ : 04734 256765.

ടെന്‍ഡര്‍
റാന്നി റ്റിഡിഒയുടെ പ്രവര്‍ത്തന പരിധിയിലുളള പട്ടിക വര്‍ഗക്കാരായ യുവതീ യുവാക്കള്‍ക്ക് വിവിധ പിഎസ്സി മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിന് പരിശീലനം നല്‍കുന്നതിന് മികച്ച സേവന പാരമ്പര്യമുളള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഏഴിന് പകല്‍ മൂന്നു വരെ. ഫോണ്‍ : 04735 227703.

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
പത്തനംതിട്ട കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന്  ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഏതെങ്കിലും ഗസ്റ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പെന്‍ഷന്‍ ബുക്ക്/കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഇവയില്‍ ഒരു രേഖയുടെ  പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി  2022 നവംബര്‍ ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ സമര്‍പ്പിക്കണം.  രേഖകള്‍ രജിസ്റ്റേര്‍ഡ് തപാല്‍ വഴിയും സ്വീകരിക്കും. തപാല്‍ വഴി അയയ്ക്കുന്നതിനുള്ള വിലാസം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍  ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട – 689645, ഫോണ്‍- 0468 2324947.


അപേക്ഷിക്കാനുള്ള തീയതി നീട്ടി

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്)  ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന്  അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.kttisedu.org എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ 0471 – 2329468/2339178 എന്ന നമ്പരിലോ ബന്ധപ്പെടുക.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷാ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 31.03.2022  വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്കുളള 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബര്‍ 31 ല്‍ നിന്നും നവംബര്‍ 15 വരെ നീട്ടി. വാര്‍ഷിക പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളള എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയിരിക്കണം.  അപേക്ഷാഫോം ജില്ലാ ഓഫീസിലും  www.kmtwwfb.org എന്ന വെബ് സൈറ്റിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം നവംബര്‍ 15 നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04682 320158.

error: Content is protected !!