തിരിച്ച് പിടിക്കണം കേരളത്തിന്‍റെ  കേരസംസ്കൃതി :ഡെപ്യൂട്ടി സ്പീക്കർ

 

കേരളത്തിന്റെ കേരസംസ്കൃതി തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കേരം തിങ്ങി നിറഞ്ഞ കേരളത്തിലെ വീടുകളിൽ ഇന്ന് തേങ്ങയ്ക്കായി കടകളെ ആശ്രയിക്കണ്ട സ്ഥിതിയാണ് ഉള്ളതെന്നും അത് മാറണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

കൊടുമൺ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി യുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ശ്രീധരന്‍ ചടങ്ങിൽ അധ്യക്ഷനായിരുന്നു. തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ആളുകളുടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ തെങ്ങില്‍ തൈകള്‍ ഉത്പാദിപ്പിക്കുന്ന നഴ്‌സറികള്‍
ആരംഭിച്ചത്‌. ഇടത്തിട്ട മുല്ലോട്ട്‌ ഡാമിന്റെ പരിസരങ്ങളിലായി കാട്‌ മൂടിക്കിടന്ന സ്ഥലം വെട്ടിത്തെളിച്ച് പ്രതിവർഷം 5000 തൈകൾ ഉദ്പാദിപ്പിക്കുന്ന നഴ്‌സറിയാക്കി മാറ്റി. അങ്ങാടിക്കല്‍ തെക്ക്‌ ചാലപ്പറമ്പിൽ കനാല്‍ പുറമ്പോക്ക്‌ കേന്ദ്രീകരിച്ച് 5000 തൈകളും ഐക്കാട്‌ ഗവണ്‍മെന്റ്‌ യുപി സ്‌കൂളിലും അങ്ങാടിക്കല്‍ വടക്ക്‌ എല്‍പി സ്‌കൂളിന്റെ സ്ഥലങ്ങളിലുമായി 690 തൈകളുടെ നഴ്‌സറിയുമാണിപ്പോഴുള്ളത്.

വിവിധ പ്രദേശങ്ങളിലെ നഴ്സറികളിൽ നിന്നായി 11,200 തെങ്ങിൻ തൈകളാണ് ഈ വർഷം ഉത്പാദിപ്പിച്ചത്. രണ്ട് വർഷത്തേക്കുള്ള പരിപാലനവും തൊഴിലുറപ്പില്‍ ഉൾപ്പെടുത്തി നല്‍കും.
അഞ്ച് വര്‍ഷം കൊണ്ട് 50,000, തൈകള്‍ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുകയാണ്‌ ലക്ഷ്യം.

error: Content is protected !!