അയ്യപ്പ സത്രം : മണികണ്ഠൻമാർക്ക് വ്രതമാല ചാർത്തി സുരേഷ് ഗോപി

 

konnivartha.com /റാന്നി: വൃശ്ചികം 1 മുതൽ റാന്നിയിൽ നടക്കാനിരിക്കുന്ന ശ്രീമത് അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ടു നടന്ന മണികണ്ഠ സമ്മേളനം വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിൽ വച്ച് ചലച്ചിത്ര താരം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. റാന്നി എം എൽ എ പ്രമോദ് നാരായണൻ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതായിരുന്നു.

18 കുഞ്ഞു മാളികപ്പുറങ്ങൾക്കും മണികണ്ഠൻമാർക്കും താരം വ്രതമാല അണിയിക്കുകയും ആചാരാനുസൃതമായി ദക്ഷിണ നൽകുകയും ചെയ്തു. ചെറുകാവ് ദേവീ ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു ലഭിച്ച വ്രതമാലകളാണ് കുട്ടികളെ അണിയിച്ചത്. പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ കീർത്തനം ആലപിച്ചു.

മണികണ്ഠ സമ്മേളനം എന്നു പേരിട്ടിരുന്ന പരിപാടി ജനബാഹുല്യം കൊണ്ട് ശ്രദ്ധ ആകർഷിച്ചു. നീലയും നീലയുമണിഞ്ഞാണ് സുരേഷ് ഗോപി സമ്മേളനത്തിൽ പങ്കെടുത്തത്.

അയ്യപ്പ മഹാ സത്രത്തിന്റെ രക്ഷാധികാരികളിൽ ഒരാളാണ് സുരേഷ് ഗോപി. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മഹേശ്വരര്, പി ജി ശശികുമാര വർമ്മ, പി എൻ നാരായണ വർമ്മ തുടങ്ങിയവരാണ് മഹാ സത്രത്തിന്റെ മറ്റ് രക്ഷാധികാരികൾ.

നവംമ്പർ 17 മുതൽ ഡിസംബർ 27 വരെ (വൃശ്ചികം 1 മുതൽ ധനു 12 വരെ) റാന്നി വൈക്കം മണികണ്ഠനാൽത്തറക്ക് സമീപമാണ് സത്രം നടക്കുക. ശനീശ്വരപൂജ, ശനിദോഷ നിവാരണ യജ്ഞം, അയപ്പഭാഗവത യജ്ഞം, നവഗ്രഹ പൂജ, ശ്രീ ചക്ര നവാവരണ പൂജ, അയ്യപ്പഭാഗവത യജ്ഞം, പ്രഭാഷണങ്ങൾ തുടങ്ങി നിരവധി ആദ്ധ്യാത്മിക പരിപാടികൾ നടക്കും

അയ്യപ്പ ഭാഗവത സത്രം ജനറൽ കൺവീനർ അജിത്ത് കുമാർ നെടുമ്പ്രയാർ അധ്യക്ഷനയിരുന്നു. പ്രസിഡന്റ് പ്രസാദ് കുഴികാല , പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, സാബു പി, പി ആർ ബാലൻ, സതീഷ് പുതിയത്ത്, വിജയ ലഷ്മി ടീച്ചർ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

പന്തളം സുദർശന്റെ നേതൃത്വത്തിൽ പന്തളം ശ്രീ അയ്യപ്പ ഭജന സമിതിയുടെ ഭജനയും നടന്നു

error: Content is protected !!