ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതിയായ മുഹമ്മദ് ഷാഫി: സാഡിസ്റ്റിക്കും സൈക്കോപാത്തുമാണ്

 

konnivartha.com : പത്തനംതിട്ട ഇലന്തൂര്‍ നരബലിയുടെ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതിയായ മുഹമ്മദ് ഷാഫിയാണെന്ന് പോലീസ്. ചോദ്യംചെയ്യലുമായി ഇയാള്‍ ആദ്യം സഹകരിച്ചില്ലെന്നും ദമ്പതിമാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.

 

ഈ കേസില്‍ ആദ്യം കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളും സ്‌കോര്‍പിയോ കാറുമാണ് തുമ്പായത്.അങ്ങനെ ഷാഫിയിലേക്ക് എത്തി. എന്നാല്‍ ഷാഫിയെ ചോദ്യംചെയ്തിട്ട് ഒന്നും ലഭിച്ചില്ല. ഇയാള്‍ ചോദ്യംചെയ്യലുമായി സഹകരിച്ചില്ല. ഇതോടെ ശാസ്ത്രീയ തെളിവുകളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളും ശേഖരിച്ചു.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണം പത്തനംതിട്ട ജില്ലയിലേക്ക് എത്തി.

 

അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ലൊക്കേഷനും ശേഖരിച്ച് നടത്തിയ അന്വേഷണം ദമ്പതിമാരിലേക്ക് എത്തി. അവരെ ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ആ മൊഴികള്‍ അടിസ്ഥാനമാക്കി ചോദ്യംചെയ്തപ്പോളാണ് ഷാഫി കുറ്റംസമ്മതിച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു. ഈ നരബലിയിലെ മുഖ്യപ്രതി ഷാഫിയാണ്. ആറാംക്ലാസ് വരെ മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസം. ഇയാള്‍ താമസിക്കാത്ത സ്ഥലങ്ങളില്ല. ചെയ്യാത്ത ജോലികളില്ല.കടുത്ത ലൈംഗികവൈകൃതത്തിന് അടിമയായ ഷാഫിയാണ് നരബലിയുടെ മുഖ്യസൂത്രധാരന്‍.മറ്റുള്ളവരില്‍ മുറിവുകളുണ്ടാക്കി ആനന്ദം കണ്ടെത്തുന്ന ഇയാള്‍ ഒരു സാഡിസ്റ്റിക്കും സൈക്കോപാത്തുമാണ്.

 

ഷാഫിക്കെതിരേ പുത്തന്‍കുരിശില്‍ 75-കാരിയെ ബലാത്സംഗം ചെയ്ത കേസുണ്ട്. ആ സ്ത്രീയെയും കത്തി കൊണ്ട് സ്വകാര്യഭാഗങ്ങളില്‍ ആക്രമിച്ചിരുന്നു.അതേരീതിയില്‍ തന്നെയാണ് നരബലിക്കിരയായ സ്ത്രീകളുടെയും സ്വകാര്യഭാഗങ്ങളില്‍ പരിക്കേല്‍പ്പിച്ചത്. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഷാഫി ഭഗവല്‍സിങ്ങിനെ പരിചയപ്പെടുന്നത്. ഗൂഗിളില്‍നിന്നെടുത്ത ഒരു ഫോട്ടോയാണ് ഈ പ്രൊഫൈലിന്റെ ചിത്രമായി ഉപയോഗിച്ചിരുന്നത്.

 

വ്യാജ പ്രൊഫൈല്‍ ഐ.ഡി.യിലുള്ള ആളെ ഭഗവല്‍സിങ് സ്‌നേഹിച്ചു.കുടുംബം പൂര്‍ണമായും ഇവരെ വിശ്വസിക്കുന്നനിലയിലെത്തി.അത് നരബലി വരെ എത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു.സമാനരീതിയില്‍ മറ്റുസംഭവങ്ങളുണ്ടായോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.ഇയാള്‍ കൂടുതല്‍ സ്ത്രീകളെ സമാന രീതിയില്‍ അപായപ്പെടുത്തിയോ എന്ന നിലയില്‍ ആണ് നിലവില്‍ അന്വേഷണം .

 

കേരളത്തിലെ മുഴുവന്‍ കാണ്മാന്‍ ഇല്ലാത്ത കേസും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു . അതില്‍ യുവതികളുടെ കേസുകള്‍ പ്രത്യേകം വിശകലനം ചെയ്യുന്നു . സ്ത്രീകളെ അതി ക്രൂരമായി കൊല്ലുന്ന ഒരാളെ ആദ്യമായി ആണ് കേരളം കാണുന്നത് .അതില്‍ ആനന്തം കണ്ടെത്തുന്ന ആളാണ്‌ മുഹമ്മദ് ഷാഫി.

error: Content is protected !!