അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജും ഡോക്ടറും ചേര്‍ന്ന് 8.25 ലക്ഷം നല്‍കാന്‍ ഉപഭോക്തൃ ഫോറത്തിന്‍റെ വിധി

 

konnivartha.com : വയറുവേദനയ്ക്ക് ചികില്‍സ തേടിയ കര്‍ഷകന്റെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്ക് ഓപ്പറേഷന്‍ ചെയ്തു: മൂത്രം പോകുന്നത് നിലയ്ക്കാതെ വന്നപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് വിട്ട് കൈകഴുകി: അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജും ഡോക്ടറൂം ചേര്‍ന്ന് 8.25 ലക്ഷം നല്‍കാന്‍ ഉപഭോക്തൃ ഫോറത്തിന്റെ വിധി

 

പത്തനംതിട്ട: വയറു വേദനയ്ക്ക് ചികില്‍സ തേടിയ കര്‍ഷകന്റെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിക്ക് ശസ്ത്രക്രിയകള്‍ നടത്തുകയും അത് പരാജയപ്പെടുകയും ചെയ്തുവെന്ന പരാതിയില്‍ അടൂര്‍ മൗണ്ട് സിയോന്‍ ആശുപത്രി മാനേജുമെന്റും ഡോക്ടറും ചേര്‍ന്ന് രോഗിക്ക് 8.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി.

ഏഴകുളം പാറയില്‍ വീട്ടില്‍ സത്യാനന്ദന്‍ ഫയല്‍ ചെയ്ത കേസിലാണ് ആശുപത്രിക്കും ശസ്ത്രക്രിയ നടത്തിയ ഡോ. നവീന്‍ ക്രിസ്റ്റഫറിനെതിരെയും വിധി ഉണ്ടായത്. വയറു വേദനയുമായിട്ടാണ് സത്യാനന്ദന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. യൂറോളജിസ്റ്റായ ഡോ. നവീന്‍ ക്രിസ്റ്റഫര്‍ പരിശോധന നടത്തി പ്രോസ്‌റ്റേറ്റ് ഗ്ലാന്‍ഡിന് വലിപ്പം കൂടിയിട്ടുള്ളതിനാല്‍ ഉടനെ തന്നെ ഓപ്പറേഷന്‍ നടത്തണമെന്ന് പറഞ്ഞു. വേണ്ടത്ര പരിശോധന കൂടാതെ തിടുക്കപ്പെട്ട് നടത്തിയ ഓപ്പറേഷന്‍ കാരണം മൂത്രം തുടര്‍ച്ചയായി പോകുന്ന അവസ്ഥയായി.

ഈ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഡോക്ടര്‍ ഒരു ഓപ്പറേഷന്‍ കൂടി നടത്തി. ഇതോടെ മൂത്രം പോകുന്നത് സാധാരണ നിലയിലാകുമെന്നും പറഞ്ഞു. എന്നാല്‍ രണ്ടാമത് നടത്തിയ ഓപ്പറേഷനും ഫലം കണ്ടില്ല. തുടര്‍ച്ചയായി നടത്തിയ രണ്ട് ഓപ്പറേഷനകളും പരാജയപ്പെട്ടതിനാല്‍ ഡോക്ടറും ആശുപ്രതി അധികൃതരും സത്യാനന്ദനോട് വിദഗ്ദ്ധ ചികിത്സക്കുവേണ്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ വേണു ഗോപാലുമായി ചര്‍ച്ച ചെയ്തു.

മൗണ്ട് സിയോണില്‍ നടത്തിയ രണ്ട് ഓപ്പറേഷനും പരാജയമാണെന്നും ഇനിയും ഒന്നു കൂടി നടത്തി കൃത്രിമ അവയവം വച്ചു പിടിപ്പിച്ചെങ്കില്‍ മാത്രമേ പൂര്‍വ സ്ഥിതിയില്‍ ആകുകയുളളൂവെന്നും ഇതിന് എട്ട് ലക്ഷം രൂപ ചെലവാകുമെന്നും അറിയിച്ചു. കൃഷിക്കാരനായ തനിക്ക് ഈ ഓപ്പറേഷന്‍ നടത്താന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ ഇപ്പോഴും മൂത്രം പോകാന്‍ ട്യൂബ് ഇട്ടിരിക്കുകയും സഞ്ചി നിറയുമ്പോള്‍ മാറ്റി കളയുകയുമാണ് ചെയ്യുന്നതെന്നും കാണിച്ച് മൗണ്ട് സിയോണ്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നല്‍കിയ പരാതിയിലാണ് വിധി.

ഇരു ഭാഗത്തിന്റെയും തെളിവുകളും മൊഴികളും പരിശോധിച്ചാണ് ഫോറം വിധി പ്രഖ്യാപിച്ചത്. വിചാരണ വേളയില്‍ പത്തനംതിട്ട ഡി.എം.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടും സത്യാനന്ദന്‍ ഹാജരാക്കി. ഡോക്ടര്‍ക്ക് വേണ്ടത്ര യോഗ്യത ഇല്ലായെന്നും പരിശോധനകള്‍ കൂടാതെയാണ് ഓപ്പറേഷന്‍ നടത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വയറില്‍ വേദനയുമായി ആശുപത്രിയില്‍ പോയ കൃഷിക്കാരന് ഡോക്ടറുടെ അനാസ്ഥയും ആശുപത്രിയുടെ ഗുരുതരമായ വീഴ്ചയും കൊണ്ടാണ് രണ്ട് ഓപ്പറേഷന്‍ നടത്തേണ്ടിയും ജീവിതകാലം മുഴുവന്‍ ദുരിതപൂര്‍ണമായ ജീവിതം തുടരേണ്ടിയും വന്നതെന്നുമാണ് കമ്മിഷന്‍ കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ മാത്രം നാലു ലക്ഷം രൂപയും ഡോക്ടറും ആശുപത്രിയും ചേര്‍ന്ന് നാലുലക്ഷം രൂപയും കോടതി ചെലവിലേക്കായി 25,000 രൂപയും കൊടുക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, മെമ്പര്‍മാരായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

error: Content is protected !!