ശുചിത്വമില്ലായ്മ സമൂഹത്തിലെ വലിയ വിപത്ത്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

 

konnivartha.com : നാം ജീവിക്കുന്ന സമൂഹത്തിലെ വലിയ വിപത്ത് ശുചിത്വമില്ലായ്മയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങളുടെ ജില്ലാതല സംഗമവും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്റെ ജില്ലാതല ഉദ്ഘാടനവും പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണെന്നുള്ള ബോധ്യം ആവശ്യമാണെന്നും ഒരു വാര്‍ഡില്‍ രണ്ട് ഹരിത കര്‍മ്മ സേനാംഗങ്ങളെങ്കിലും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ആര്‍ഭാടം കാണിക്കുന്നവര്‍ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന തുച്ഛമായ 40 അല്ലെങ്കില്‍ 50 രൂപ കൊടുക്കാന്‍ മടി കാണിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുവാന്‍ പാടില്ല. സേനാംഗങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കുന്നതില്‍ മടി കാണിക്കരുതെന്നും എംസിഎഫിന്റെ പ്രവര്‍ത്തനം കാര്യക്ഷമം ആക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹരിതകര്‍മ്മ സേന കേരളത്തിന് നല്‍കുന്ന സംഭാവന വലുതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പുതിയ കേരളത്തെ രൂപപ്പെടുത്തുന്ന ഇവര്‍ നാടിന്റെ സംസ്‌കാരത്തിന് മുതല്‍ക്കൂട്ടാണെന്നും സൗന്ദര്യസേന എന്നാണ് അറിയപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമാണെന്ന് പറയുന്ന നാം ഓരോരുത്തരും ഇവര്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ക്ക് യൂസര്‍ഫി നല്‍കുവാന്‍ തയാറാകണമെന്നും ആവശ്യമായ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പുഴകള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ട സ്ഥലം അല്ലെന്ന് വളര്‍ന്നുവരുന്ന കുഞ്ഞുങ്ങള്‍ക്ക് അവബോധം നല്‍കേണ്ട ഉത്തരവാദിത്വം നമ്മില്‍ നിക്ഷിപ്തമാണ്. നാം ജീവിക്കുന്ന ഭൂമിയെ സംരക്ഷിക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ ആപ്ലിക്കേഷനായ ഹരിത മിത്രത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാലിന്യസംസ്‌കരണ വുമായി ബന്ധപെട്ട ട്യൂട്ടോറിയല്‍ വീഡിയോ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും പ്രകാശനം ചെയ്തു.

മാലിന്യ ശേഖരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തുമ്പമണ്‍ ഗ്രാമപഞ്ചായത്തിലെയും തിരുവല്ല നഗരസഭയിലെയും ഉദ്യോഗസ്ഥരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൊമെന്റോ നല്‍കി ആദരിച്ചു. ഈ ഗ്രാമപഞ്ചായത്തിലെയും നഗരസഭയിലെയും ഹരിത കര്‍മ്മ സേനാംഗങ്ങളെ ജില്ലാ കളക്ടറും ആദരിച്ചു.
ഹരിത മിത്രവുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കൈ പുസ്തകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍ പ്രകാശനം ചെയ്തു.

ഹരിത കര്‍മ്മ സേന അംഗങ്ങള്‍ മാലിന്യത്തെ സമൂഹത്തില്‍ നിന്നും അകറ്റുന്നതിന്റെ വക്താക്കളാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പലപ്പോഴും വ്യക്തി ശുചിത്വത്തിന് പ്രാധാന്യം നല്‍കുന്ന നാം പരിസര ശുചീകരണത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. മാലിന്യമുക്തമായ പൊതുവിടങ്ങള്‍ സൃഷ്ടിക്കാന്‍ തുടക്കം കുറിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും വീടുകളില്‍ നിന്നാണെന്ന് കളക്ടര്‍ ഓര്‍മിപ്പിച്ചു.

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്‍ കെല്‍ട്രോണ്‍ ജില്ലാ കോ ഓ-ഓര്‍ഡിനേറ്റര്‍ ലിജോ സേനാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി. ഓണ്‍ലൈനായി മോണിറ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഈ ആപ്ലിക്കേഷനിലൂടെ സ്വാധിക്കുമെന്നതാണ് പ്രത്യേകത.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, കോയിപ്രം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍. ഹരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എലിസബത്ത്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി. ദിലീപ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!