ചിറ്റാറിൽ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ 2 ഏക്കർ ഭൂമി കൈമാറുന്നു

 

konnivartha.com : ചിറ്റാറിൽ ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ 2 ഏക്കർ ഭൂമി ആരോഗ്യ വകുപ്പിനു കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ആശുപത്രി നിർമ്മാണം ഉടൻ ആരംഭിക്കാമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

ചിറ്റാര്‍ വില്ലേജില്‍പ്പെട്ട 2 ഏക്കർ (80.94 ആര്‍) സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സ്ത്രീകളുടെയും കുട്ടികളുടേയും ജില്ലാ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണത്തിന് കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ച് അംഗീകാരം നൽകി.

രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കൈമാറാനാണ് തീരുമാനിച്ചത്.

ചിറ്റാറിൽ പുതിയതായി നിർമ്മിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാതല സ്പെഷ്യാലിറ്റി ആശുപത്രിക്ക് അഡ്വ.കെ.യു ജനീഷ് കുമാർ എം എൽ എ യുടെ അഭ്യർത്ഥന പ്രകാരം വി.കെ.എൽ ഗ്രൂപ്പ്‌ ഉടമ ഡോ. വർഗീസ് കുര്യൻ സൗജന്യമായി വിട്ടു നൽകിയ ഭൂമിയാണ് റവന്യു വകുപ്പ് ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറുന്നത്. സ്വകാര്യ ഭൂമി സൗജന്യമായി വിട്ടു നൽകുമ്പോൾ റവന്യു വകുപ്പ് ഏറ്റെടുത്ത് സർക്കാർ പുറംപോക്ക് ഭൂമിയായി തരം മാറ്റി വിവിധ സർക്കാർ വകുപ്പുകൾക്ക് കൈമാറുന്നതാണ് നടപടി ക്രമം.ഇതിൻ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയതോടെ ചിറ്റാറിൽ ജില്ലാതല സ്പെഷ്യാലിറ്റി ആശുപത്രി നിർമാണം ഉടൻ ആരംഭിക്കാൻ കഴിയും.

ചിറ്റാർ കേന്ദ്രമാക്കി ഒരു സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുക എന്നത് മലയോര ജനതയുടെ ദീർഘകാല സ്വപ്നമായിരുന്നു. വസ്തു കൈമാറി കിട്ടിയതോടെ സർക്കാർ ഉടമസ്ഥതയിൽ ജില്ലാതല സ്പെഷ്യാലിറ്റി ആശുപത്രി ഉടൻ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും, നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനാവശ്യമായ നിർദേശം നൽകുമെന്നും എം എൽ എ പറഞ്ഞു.

error: Content is protected !!