കല്ലേലി കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും നടന്നു :നാളെ തിരുവോണ സദ്യ

 

konnivartha.com  : പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും ഊട്ടും പൂജയും അര്‍പ്പിച്ചു കൊണ്ട് ഓണ മഹോത്സവത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉത്രാട പൂയലും ഉത്രാട സദ്യയും ഗൗളി ഊട്ടും നടന്നു .

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ ഒരു വെറ്റില താലത്തില്‍ നിര്‍ത്തി വിളിച്ചു ചൊല്ലി തിരുവോണത്തെ വരവേറ്റു . പൂര്‍ണ്ണമായും പ്രകൃതി സംരക്ഷണ പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് പുല്‍പ്പായ നിവര്‍ത്തി അതില്‍ 21 നാക്കിലയില്‍ തുമ്പപ്പൂചോറും തൊടു കറികളും വിത്തും കലശവും താംബൂലവും സമര്‍പ്പിച്ചു . തുടര്‍ന്ന് നടന്ന ഉത്രാട പൂയലിന്‍റെ ഭദ്ര ദീപം പ്രമാടം പഞ്ചായത്ത് അധ്യക്ഷന്‍ എന്‍ നവനീത് തെളിയിച്ചു .

കാവിലെ ഉപ സ്വരൂപങ്ങള്‍ക്കും മല വില്ലിനും മലക്കൊടിയ്ക്കും ഊട്ടും പൂജയും നല്‍കി . സര്‍വ്വ ചരാചരങ്ങള്‍ക്കും ഊട്ട് നല്‍കുന്ന ഗൗളി ഊട്ടും നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ , വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു .

തിരുവോണ ദിനമായ നാളെ രാവിലെ 4 മണിയ്ക്ക് കാവ് ഉണര്‍ത്തി മല ഉണര്‍ത്തി താംബൂല സമര്‍പ്പണം , ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , മലയ്ക്ക് കരിക്ക് പടേനി , രാവിലെ 8.30 ന് പ്രഭാത നമസ്ക്കാരം, 9 മണി മുതല്‍ തിരുവോണ സദ്യ , 11.30 ന് ഊട്ട് പൂജ ,വൈകിട്ട് 6.30 ന് ദീപ നമസ്ക്കാരം എന്നിവ നടക്കും .

error: Content is protected !!