ലണ്ടനിലെ മോഡലിംഗ് രംഗത്ത് മലയാളി സാന്നിധ്യം : രാജ്യാന്തര പ്രശസ്‌തിയുടെ നിറവില്‍

 

konnivartha.com : അറിവും അനുഭവങ്ങളും ആത്മവിശ്വാസവും കൈമുതലായുണ്ടെങ്കില്‍ ആര്‍ക്കും എപ്പോഴും കടന്നു വരാവുന്ന മേഖലയാണ് മോഡലിംഗ് രംഗം . മാറുന്ന ലോകത്തിന് അനുസരിച്ചുള്ള മോഡലിംഗിലും ഫാഷൻ ഡിസൈനിംഗും ആര്‍ജിച്ചെടുക്കാന്‍ ഉള്ള കഴിവ് വേണം എന്ന് മാത്രം .

 

നിലവില്‍ ഉള്ള ഫാഷന്‍ മുൻവിധികളെയെല്ലാം മറികടന്നുകൊണ്ട് കണ്ണൂർ ജില്ലയിലെ നാട്ടുമ്പുറത്തുകാരിയായ പെൺകുട്ടി ലണ്ടനിൽ മോഡലിംഗ്‌ രംഗത്ത് താരത്തിളക്കവുമായി രാജ്യാന്തര പ്രശസ്‌തിയുടെ നിറവിലെത്തി നിൽക്കുന്നു.ഇത് സഞ്ജുന മഡോണക്കെണ്ടി

(SanJuna MadonaKendi )

 

പേരിലെ പെണ്‍കുട്ടിയെ അടുത്തറിയാം

സൗന്ദര്യവസ്‌തുക്കൾ അലങ്കാരവസ്‌തുക്കൾ തുകൽ വസ്ത്രനിർമ്മാണം തുടങ്ങിയ നിരവധി നിർമ്മാണ നിർവ്വഹണങ്ങൾക്കായി ചെറുതും വലുതുമായ പക്ഷിമൃഗാദികളെ കൊന്നൊടുക്കി വംശനാശത്തിലേക്കെത്തിക്കുന്നതിനെതിരെ ശബ്ദമുയർത്തിയും പ്രതികരിച്ചും ഒപ്പം ബോധവത്ക്കരണ പ്രവർത്തനവുമായി ഫാഷൻ മോഡൽ രംഗത്തെ പ്രമുഖ മോഡലുകളും രംഗത്തെത്തിയിരിക്കുന്നു .

മനുഷ്യരെപ്പോലെതന്നെ ഈ ഭൂമിയിലും ഇവിടുത്തെ സമസ്ഥ വിഭവങ്ങളിലും ഉടമസ്ഥാവകാശമുള്ള മറ്റ്‌ ജീവജാലങ്ങളിലേക്കുള്ള മനുഷ്യന്‍റെ കടന്നകയറ്റം ഒട്ടേറെ ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാകുന്നുവെന്നാണ് ലണ്ടനിലെ പ്രമുഖ മോഡലും പരിസ്ഥിതിസ്നേഹിയുമായ സഞ്ജുന മഡോണക്കെണ്ടി പറയുന്നത് .വൈക്കം മുഹമ്മദ് ബഷീറിന്‍റെ ‘ഭൂമിയുടെ അവകാശികൾ’ എന്ന രചനയെ നെഞ്ചിലേറ്റിക്കൊണ്ടായിരുന്നു സഞ്ജുനയുടെ വാക്കുകൾ .

പ്രകൃതിയിലെ വർണ്ണ വിസ്‌മയമായ ബുദ്ധമയൂരി ഇനത്തിൽപെട്ട ചിത്രശലഭങ്ങളുടെ മയിൽപ്പീലിച്ചന്തമുള്ള വർണ്ണച്ചിറകുകൾ അറുത്തെടുത്ത് വിദേശരാജ്യങ്ങളിൽ പേപ്പർ വെയിറ്റ് പോലുള്ള അലങ്കാര വസ്തുക്കളും ആഭരണങ്ങളുടെ ലോക്കറ്റുകളിലും മറ്റും ഉപയോഗിച്ച് വിപണിയിലെത്തിക്കുന്നു .പാമ്പിൻ തോലുകൊണ്ടുള്ള വിലകൂടിയ വാനിറ്റി ബാഗുകൾ വേറെയും .

 

ജീവിതത്തിലെ ചില വിശേഷക്കാഴ്ച്ചകളിലൂടെ ഒരു തിരനോട്ടം

ഫാഷനും മോഡലിംഗുമെല്ലാം സ്റ്റുഡിയോ ഫ്ളോറിലും റാമ്പിനകത്തും മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും സമൂഹത്തിന്‍റെ വ്യത്യസ്ഥ തലങ്ങളിലുള്ള പ്രശ്‌നങ്ങൾക്ക് നേരെ വിരൽചൂണ്ടിയും ഒപ്പം വ്യക്തികളിൽ അവബോധം സൃഷ്ടിച്ചുകൊണ്ട് സാമൂഹികനന്മക്കുനേരേ മുഖം തിരിക്കാതെ മുഖം മിനുക്കി രംഗത്തിറങ്ങുകയാണ് വേണ്ടതെന്നും സഞ്ജുന മഡോണക്കെണ്ടി വ്യക്തമാക്കി .

മോഡലിംഗിലും ഫാഷൻ ഡിസൈനിംഗിലും നിലവിലുള്ള മുൻവിധികളെയെല്ലാം മറികടന്നുകൊണ്ട് ഒരു കല എന്നതിലുപരി ഫാഷനെ ഉൾക്കൊള്ളുകയും ജീവിതത്തിൽ അതൊരു പാഷനായി കൊണ്ടുനടക്കുകയും ചെയ്‌ത്‌ ജീവിതത്തിൽ വിജയം കൈവരിച്ച സഞ്ജുന എന്ന മലയാളി പെൺകുട്ടിയുടെ വിജയരഹസ്യങ്ങൾ തൊട്ടറിഞ്ഞുകൊണ്ട് ,അവളുടെ ജീവിതത്തിലെ ചില വിശേഷക്കാഴ്ച്ചകളിലൂടെ ഒരു തിരനോട്ടം .

‘ ഇന്ത്യൻ പ്രിൻസസ്സ് ‘-എന്ന വിശേഷണവുമായി ലണ്ടനിലെ ഫാഷൻ മാഗസിനുകളിൽ നിറപ്പൊലിമയോടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് ലണ്ടനിലെ പ്രശസ്ത പരസ്യമോഡലും മലയാളി യുവതിയുമായ സഞ്ജുന മഡോണക്കെണ്ടി .

 

ലണ്ടനിലെ റോയൽ മറീനുകളുടെ മൗണ്ട് ബാറ്റൺ മ്യുസിക് ഫെസ്റ്റിവലിന്‍റെ സുവർണ്ണജൂബിലി ആഘോഷ വേദിയിലും താരത്തിളക്കത്തോടെ തലശ്ശേരിക്കാരി സഞ്ജുനയുടെ നിറസാന്നിധ്യം ഏറെ ശ്രദ്ധേയമായി.

അണിയാരം ഗ്രാമത്തിനടുത്തുള്ള പെരിങ്ങത്തുർ എൻ എ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ പങ്കെടുത്ത അനുഭവവും പ്രവർത്തിപരിചയവും ഓർമ്മപ്പെടുത്തലുകളും ലണ്ടനിലെ വേദിയിൽ അവർ പങ്കുവെക്കുകയുണ്ടായി .

നേഷണൽ ഇൻസ്‌റ്റിറ്റ്യുട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ നിന്ന് അപ്പാരൽ ഫാഷൻ ഡിസൈനിംഗിൽ പഠനം പൂർത്തിയാക്കിതത് 2011 ൽ .2016 ൽ നടന്ന ‘ മിസ് സൗത്ത് ഇന്ത്യ ക്വീൻ ‘ മത്സരത്തിൽ മിസ് കേരള പട്ടം കരസ്ഥമാക്കിയതിനു പുറമെ മികച്ച ഫോട്ടോജെനിക് ഫേസ് അഥവാ മുഖശ്രീക്കുള്ള പ്രത്യേക അംഗീകാരവും നേടുകയുണ്ടായി .2017 ൽ ലക്ഷ്വറി ബ്രാൻഡ് മാനേജ്‌മെന്റിൽ എം ബി എ ബിരുദം .തുടർന്ന് ലണ്ടനിലെ പ്രമുഖ ഫാഷൻ ഡിസൈൻ ഏജൻസിയിൽ ജോലിയിൽ .സാഹസികതയെ സദാ സ്‌നേഹിക്കുന്ന സഞ്ജുന ലണ്ടനിലെ ജീവിതത്തിനിടയിലാണ് വിമാനം പറപ്പിക്കാൻ പഠിച്ചതും നല്ലൊരു വൈമാനിക എന്ന പേര് നേടിയതും.

അഞ്ച് വർഷത്തിലേറെ ഭാരതീയ നൃത്തത്തിൽ പ്രാവീണ്യം നേടിയ നല്ലൊരു നർത്തകി എന്നതിനുപുറമെ ആയോധനകലയായ കരാട്ടെയിൽ പരിശീലനം നേടാനും തിരക്കിനിടയിലും സഞ്ജുനക്ക് സാധിച്ചിട്ടുണ്ട്.

വിദേശീയ നടീനടന്മാർക്കൊപ്പം ചില ഹ്രസ്വ ചിത്രങ്ങളിൽ ആക്‌ഷൻ ത്രില്ലർ റോളുകളിലടക്കം അഭിനയം കാഴ്ച്ച വെച്ച അഭിനേത്രികൂടിയാണ് ഈ തലശ്ശേരിക്കാരി .തലശ്ശേരിക്കടുത്ത് അണിയാരം ഗ്രാമത്തിൽ നിന്നും ഏതാനും വർഷങ്ങൾക്ക് മുൻപ് ലണ്ടൻ മോഡലിംഗ് രംഗത്തേയ്ക്ക് അടിവെച്ചുകയറുകയായിരുന്ന ഈ യുവതി ഇന്ന് ലണ്ടനിൽ ഏറെ ശ്രദ്ധേയായ നിലയിൽ

ലണ്ടനിലെ പ്രശസ്‌തമായ ഫാഷൻ കമ്പനിയുടെ ക്രീയേറ്റിവ്‌ ഡയറക്റ്റർ പദവിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഞ്ജുന മഡോണക്കെണ്ടിക്ക് ലണ്ടനിൽ നടന്ന നിരവധി സൈനിക ചടങ്ങുകളിലും ക്ഷണിതാവെന്ന നിലയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ട് .

മനോഹരമായ ശരീര രൂപഘടനയും നിറപ്പൊലിമയുമുള്ള യുവസുന്ദരികൾക്കു മാത്രമേ മികച്ച മോഡലുകളാവാൻ സാധിക്കൂ എന്ന പൊതുധാരണയെ തകിടം മറിച്ചുകൊണ്ടായിരുന്നു അണിയാരത്തുകാരി സഞ്ജുന മഡോണക്കെൻഡിയുടെ അവിശ്വനീയമായ മുന്നേറ്റം .

ഇന്ത്യൻ മോഡൽ രംഗത്തെ വ്യവസ്ഥാപിത ശരീരക്കാഴ്ചകളെയെല്ലാം തിരുത്തിക്കുറിച്ചും മറികടന്നും ലണ്ടനിലെ മോഡലിംഗ് പ്രൊഫഷണൽ രംഗത്ത് അതിവേഗം ബഹുദൂരം എന്ന നിലയിൽ പ്രശസ്‌തിയുടെ കൊടുമുടിയിൽ എത്തിനിൽക്കുന്ന സഞ്ജുന മഡോണക്കെൻഡിക്ക്‌ തന്‍റെ വിജയകഥകൾ പറയാനേറെ .

വിരൽ ഞൊടിക്കുന്നനേരംകൊണ്ട് റഷ്യനോ ,ഇറ്റാലിയനോ ,യൂറോപ്യനോയായ മോഡലായി വേഷപ്പകർച്ചനടത്താൻ സഞ്ജുനാക്കാവുമെന്നതാണ് ഈ പെൺകുട്ടിയുടെ ജീവിതവിജയം.
ബ്രൂൺ ഗ്രാഫ് എന്ന പ്രൊഡക്ഷൻ ബാനറിൽ വന്യജീവി സംരക്ഷണം മുഖ്യവിഷയമാക്കി ബോധവത്കരണവും പ്രചാരണവും ലക്ഷ്യമിട്ടുകൊണ്ട് നിർമ്മിക്കുന്ന വീഡിയോ ചിത്രീകരണം ലണ്ടനിൽ ഈ അടുത്തദിവം നടന്നു .


ടാർസന്‍റെ വേഷമിട്ട ഡിമിട്രിയസ് ജോഹാൻ സൺ എന്ന ഇറ്റാലിയൻ മോഡലിനൊപ്പം ചീറ്റ പുലിത്തോലണിഞ്ഞുകൊണ്ട് വനകന്യകയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് മലയാളത്തിന്‍റെ മണമുള്ള സഞ്ജുന മഡോണക്കെണ്ടി .

ലണ്ടനിലെ മനോഹരമായ ലൊക്കേഷനിൽ നദിക്കരയിൽ പടർന്നുയർന്ന മരത്തിന്‍റെ ഉയരങ്ങളിൽ ടാർസനൊപ്പം വലിഞ്ഞുകയറാനും സഞ്ജുനക്ക് പ്രയാസംതോന്നിയില്ല .കുട്ടിക്കാലങ്ങളിൽ അണിയാരത്തെ വീട്ടിനടുത്തുള്ള പറങ്കിമാവിൽ കൂട്ടുകാരോടൊപ്പം വലിഞ്ഞുകയറി കശുമാങ്ങ കൈക്കലാക്കിയ പരിചയവും ധൈര്യവും മരംകയറ്റത്തിൽ ലണ്ടനിലും പ്രയോഗിച്ചു എന്നേ ഈ നാട്ടുമ്പുറത്തുകാരിക്ക് പറയാനുള്ളൂ .

ആഫ്രിക്കൻ വനാന്തരങ്ങളിലെ കാട്ടുകുരങ്ങിന്‍റെ മെയ്ച്ചൂടിലും കൈക്കരുത്തിലും വളർന്നുവലുതായ ഒരു മനുഷ്യക്കുഞ്ഞിന്‍റെ വളർച്ചയുടെയും വികാസത്തിന്‍റെയും അമ്പരപ്പിക്കുന്ന അതിസാഹസികതയുടെയും വഴിത്തിരിവിൻറെയും കഥപറയുന്ന നോവലിലെ മുഖ്യകഥാപാത്രമാണ് ടാർസൻ .

 

എഡ്‌ഗാർ റൈസ് ബറോ എന്ന പ്രശസ്‌തനായ അമേരിക്കൻ നോവലിസ്റ്റിന്‍റെ രചനകളിലൂടെ പ്രശസ്‌തിയുടെ കൊടുമുടിയിലേയ്ക്ക് ചാടിക്കയറിയ വീരേതിഹാസക കഥാപാത്രം കൂടിയാണ് ടാർസൻ .പിൽക്കാലങ്ങളിൽ കഥകളിലും കാർട്ടൂണുകളിലും കോമിക്കുകളിലും മാത്രമല്ല ചലച്ചിത്രങ്ങളിലും ടാർസൺ തരംഗം വിശ്വവ്യാപകമായ നിലയിൽ ജനപ്രീതി നേടി .

1918 ൽ റിലീസായ ടാർസൻ ഓഫ് ദി ഏയ്‌പ്സ് എന്നഇംഗ്ളീഷ് സിനിമ കണ്ടതാവട്ടെ 60 വർഷങ്ങൾക്ക് മുൻപ് .തലശ്ശേരിയിലെ മുകുന്ദ് ടാക്കീസിൽ നിന്ന് .ടാർസൻ കഥയെആസ്‌പദമാക്കി വാൾട്ട് ഡിസ്‌നി മുഴുനീള ആനിമേറ്റഡ് ഫീച്ചർഫിലിം നിർമ്മിക്കുകയുമുണ്ടായി .

ലോകം അറിയപ്പെടുന്ന സഞ്ജുന മഡോണക്കെണ്ടിയ്ക്ക് ഇന്ത്യന്‍ സിനിമയിലും അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു .

 

 

ഫീച്ചര്‍ : ദിവാകരൻ ചോമ്പാല/ www.konnivartha.com 

 

error: Content is protected !!