ഓണക്കിറ്റ് വിതരണം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

 

സൗജന്യ ഓണക്കിറ്റ് വിതരണം അത്യപൂര്‍വമായ ക്ഷേമ പദ്ധതി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

konnivartha.com : ഇന്ത്യയില്‍ തന്നെയുള്ള അത്യപൂര്‍വമായ ക്ഷേമ പദ്ധതിയാണ് സൗജന്യ ഓണക്കിറ്റ് വിതരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഓണക്കിറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കോവിഡ് കാലഘട്ടത്തില്‍ കിറ്റ് ജനങ്ങള്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല.

 

വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഉപയുക്തമായ 14 വിഭവങ്ങളാണ് കിറ്റിലുള്ളത്. ഏറ്റവും താഴേ തട്ടിലുള്ളവര്‍ക്കാണ് ആദ്യം കിറ്റ് വിതരണം ചെയ്യുക. റേഷന്‍ കടയിലെ ജീവനക്കാരും സജീവമായി ഇടപെട്ട് കിറ്റു വിതരണം വിജയിപ്പിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എ എ വൈ കാര്‍ഡ് ഉടമ സബീനയ്ക്ക് കിറ്റ് നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഓണ സമ്മാനമായി മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനം അവശ്യസാധനങ്ങളാണ് കിറ്റില്‍ വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 7വരെയാണ് കിറ്റു വിതരണം. 23, 24 തീയതികളില്‍ എ വൈ കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കും. 25, 26, 27 തീയതികളില്‍ പിഎച്ച്എച്ച് കാര്‍ഡുടമകള്‍ക്കും, 29, 30, 31 തീയതികളില്‍ എന്‍പിഎസ് കാര്‍ഡുടമകള്‍ക്കും, സെപ്റ്റംബര്‍ 1,2,3 തീയതികളില്‍ എന്‍പിഎന്‍എസ് കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. നിര്‍ദിഷ്ട തീയതികളില്‍ കിറ്റ് വാങ്ങാത്തവര്‍ക്ക് 4,5,6,7 തീയതികളില്‍ കിറ്റുവാങ്ങാനുള്ള സൗകര്യവുമുണ്ട്.

3,58,240 റേഷന്‍ കാര്‍ഡ് ഉടമകളാണ് ജില്ലയില്‍ ഉള്ളത്. ജില്ലയില്‍ ആകെ 23,294 എവൈ കാര്‍ഡുടമകളും, 1,12,959 പിഎച്ച്എച്ച് കാര്‍ഡുമകളും, 92,489 എന്‍പിഎസ് കാര്‍ഡുടമകളും 1,29,498 എന്‍പിഎന്‍എസ് കാര്‍ഡുടമകളും നിലവിലുണ്ട്. റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാര്‍ഡ് ഉടമകള്‍ക്കാണ് അതതു റേഷന്‍ കടകളിലൂടെ കിറ്റുകള്‍ ലഭ്യമാകുക. പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റ് വിതരണത്തില്‍ ഇല്ല. 58 പാക്കിംഗ് സെന്ററുകളില്‍ നിന്നാണ് ജില്ലയിലേക്കുള്ള കിറ്റുകള്‍ എത്തുന്നത്. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭ കൗണ്‍സിലര്‍ ആര്‍. സാബു, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!