കക്കി- ആനത്തോട് റിസര്‍വോയര്‍ : റെഡ് അലര്‍ട്ട്

അതീവ ജാഗ്രതാ നിര്‍ദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി- ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാല്‍, 2022 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75 മീറ്റര്‍ ആണ്.
കക്കി- ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 973.75 മീറ്റര്‍, 974.75 മീറ്റര്‍, 975.25 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തില്‍ ജലനിരപ്പ് എത്തിച്ചേര്‍ന്നതിനാല്‍ ഓഗസ്റ്റ് അഞ്ചിന് നീല അലര്‍ട്ടും ഓഗസ്റ്റ് ആറിന് ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു. ഇന്ന്(7-8-22) പുലര്‍ച്ചെ ഒരു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 975.25 മീറ്ററില്‍ എത്തിയിട്ടുള്ളതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരു കരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും ആവശ്യമെങ്കില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
error: Content is protected !!