പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച യുവാവിനെ പിടികൂടി

 

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി. പെൺകുട്ടിയെ വീട്ടിൽ നിന്നും നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയ മല്ലപ്പള്ളി പെരുമ്പ്രമാവ് പുത്തൻപുരയ്‌ക്കൽ അനീഷ് കുമാറിന്റെ മകൻ
അമൽ (21) ആണ് കാസർകോട് ചീമേനിയിൽ നിന്നും വെള്ളി വൈകിട്ട് പിടിയിലായത്. ചൊവ്വ രാവിലെ 7.30 നാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് പിതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കീഴ്‌വായ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും,
മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കാസർകോട് ചീമേനിയിൽ ഉണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. ചീമേനി പോലീസിനെ വിവരമറിയിച്ചശേഷം കീഴ്‌വായ്പുർ പോലീസ് വ്യാഴം രാത്രി അവിടെയെത്തി ഇരുവരെയും
കൂട്ടിക്കൊണ്ടുവന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ
കോഴഞ്ചേരി വൺ സ്റ്റോപ്പ്‌ സെന്ററിലാക്കി. അവിടെ വനിതാപൊലീസ് എത്തി വിശദമായ മൊഴി രേഖപ്പെടുത്തി.

അപ്പോഴാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചവിവരം തെളിഞ്ഞത്.വീട്ടിൽ നിന്നും വിളിച്ചിറക്കി മല്ലപ്പള്ളി ബസ് സ്റ്റാന്റിലെത്തിച്ച ശേഷം കാസർകോട്ടേക്ക് പോകുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു, തുടർന്ന് ഇന്നലെ അറസ്റ്റ്  രേഖപ്പെടുത്തുകയായിരുന്നു.

പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നത്. എസ് ഐ മാരായ ആദർശ്, സുരേന്ദ്രൻ, ജയകൃഷ്ണൻ നായർ,
എസ് സി പി ഓ സജി ഇസ്മായിൽ, സി പി ഓമാരായ ഷെറിൻ ഫിലിപ്പ്, ശരണ്യ, ഷെറീന എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

error: Content is protected !!