അതിക്രമം നേരിട്ടാല്‍ പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി പെണ്‍കുട്ടികള്‍ മാറണം – ഡെപ്യൂട്ടി സ്പീക്കര്‍

അതിക്രമം നേരിടേണ്ടി വന്നാല്‍  പ്രതിരോധിക്കാന്‍ കരുത്തുള്ളവരായി നമ്മുടെ പെണ്‍കുട്ടികള്‍ മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

 

നിരാലംബരായ പെണ്‍കുട്ടികളെ പ്രതിരോധത്തിനു സജ്ജരാക്കാന്‍ വനിത-ശിശുവികസന വകുപ്പ് കരാട്ടെ ഉള്‍പ്പെടെയുള്ളവയുമായി ആരംഭിച്ച പദ്ധതിയായ ധീരയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന 10 മുതല്‍ 15 വരെ വയസുള്ള കുട്ടികളെയാണ് ഈ പദ്ധതിയില്‍ ഭാഗമാക്കുന്നത്. ആയോധന വിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുട്ടികളെ ധീരകളാക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

 

അതിക്രമ സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ധീര പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ പള്ളിക്കല്‍, കടമ്പനാട്, ആറന്‍മുള പഞ്ചായത്തുകളിലാണ് ധീരപദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. 10 മുതല്‍ 15 വയസുവരെയുള്ള 30 പെണ്‍കുട്ടികളെ വീതം ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തിരഞ്ഞെടുക്കും.  അതത് തദ്ദേശ സ്ഥാപനങ്ങളിലെ അംഗന്‍വാടികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗമാര ക്ലബുകള്‍ വഴി പ്രാഥമികാന്വേഷണം നടത്തി തയാറാക്കിയ പട്ടികയില്‍നിന്ന് ജില്ലാ വനിത ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്.

 

രക്ഷിതാക്കളെ നഷ്ടമായവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, അരക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയില്‍ നാലു മണിക്കൂര്‍ ക്ലാസ് നല്‍കും. മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കുക, സ്വയരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

 

കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. നെല്‍സണ്‍ ജോയ്‌സ്, ഷീനാ റെജി, എസ് രാധാകൃഷ്ണന്‍, സിന്ധു ദിലീപ്, വനിതാ ശിശു ക്ഷേമ ഓഫീസര്‍ പി എസ് തസ്‌നീം, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിത ദാസ്, എ. നിസ, നിഷ ആര്‍ നായര്‍, ഹന്‍ഷി ആര്‍ ഗോപകുമാര്‍, ജെ. ഷിബില തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

error: Content is protected !!