തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി പിരിക്കുമെന്ന വാർത്ത അടിസ്ഥാനരഹിതം

 

 

തദ്ദേശ സ്വയംഭരണ വകുപ്പ് ആഡംബര നികുതി ഈടാക്കാൻ പോകുന്നുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ ആഡംബര നികുതി പിരിക്കുന്നില്ല.

സംസ്ഥാന ധനകാര്യ കമ്മീഷൻ നിർദേശപ്രകാരം മന്ത്രിസഭായോഗം ഇത്തരത്തിൽ തീരുമാനം എടുത്തുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി അറിയിച്ചു. മൂവായിരം ചതുരശ്ര അടിയിലധികം വ്യാപ്തിയുള്ള വീടുകളെ ആഡംബര വീടുകളായി കണക്കാക്കണമെന്നും, ഈ വീടുകളിൽ നിന്ന് ഉയർന്ന വസ്തു നികുതി ഈടാക്കുന്ന കാര്യം പരിശോധിക്കണം എന്നുമാണ് ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്.

2022 ഏപ്രിൽ ഒന്നിന് ശേഷം നിർമ്മിക്കുന്ന വീടുകൾക്ക് മാത്രമാണ് ഈ നിർദേശമെന്നും ധനകാര്യ കമ്മീഷൻ എടുത്ത് പറഞ്ഞിരിക്കുന്നു. ഈ നിർദേശം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനിരിക്കുന്നതേയുള്ളൂ. പഴയ വീടുകളുടെ നികുതിയെ സംബന്ധിച്ച് യാതൊരു ശുപാർശയും ധനകാര്യ കമ്മീഷൻ നൽകിയിട്ടുമില്ല.

വസ്തുതകൾ ഇതായിരിക്കെ, ചെറിയ വീടിനും വില്ലേജ് ഓഫീസുകളിൽ അടയ്‌ക്കേണ്ടുന്ന നികുതി വരുന്നു എന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണമെന്ന് മന്ത്രി പറഞ്ഞു. വസ്തുനികുതി (കെട്ടിടനികുതി) പിരിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. വലിയ വീടുകൾക്ക് ആഡംബര നികുതി മാത്രമാണ് റവന്യൂ വകുപ്പ് പിരിക്കുന്നത്.

error: Content is protected !!