കവിതാ സമാഹാരത്തിന് സന്ധ്യ സുനീഷ് കോന്നിയ്ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചു

 

konnivartha.com : കവയിത്രിയും കോന്നി സ്വദേശിനിയുമായ സന്ധ്യസുനീഷിന് വയലാർ പാരിജാതം ദേശീയ പുരസ്ക്കാരനേട്ടം. “ഈറൻ നിലാവ് “എന്ന കവിതാ സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.

മലയാള കലാ സാഹിത്യ സംസ്കൃതിയും, പഞ്ചാബ് ലുധിയാന ഉദയ കേരളം മലയാളി സമാജവും ചേർന്ന് ലുധിയാനയിൽ നടത്തിയ കേരളീയം – ഭാരതീയം പരിപാടിയിൽ വെച്ചായിരുന്നു പുരസ്ക്കാര വിതരണം.

ലുധിയാന ഗുരുനാനാക്ക് ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചാബ് നിയമസഭ സ്പീക്കർ കുൽവീന്ദർ സിംഗ് സദ് വാൻ ആണ് പുരസ്ക്കാരം സമർപ്പിച്ചത്.ലുധിയാന എം.പി, എം.എൽ.എ.മാർ ,കേരളം, ദില്ലി ,ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി കലാ സാഹിത്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

പഞ്ചാബ്, കേരളം എന്നിവിടങ്ങളിലെ നൃത്ത ഇനങ്ങളും കേരളീയം ഭാരതീയം പരിപാടിയുടെ ഭാഗമായി അരങ്ങേറി.ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച യുവ എഴുത്തുകാരിക്കുള്ള അക്ഷരമിത്ര പുരസ്‌കാരവും, നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ജസ്റ്റിസ് ഡി ശ്രീദേവി എന്നിവയടക്കം മറ്റു പുരസ്ക്കാരങ്ങളും കോന്നി കൾച്ചറൽ ഫോറത്തിന്‍റെ സ്നേഹാദരവും ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ട, കോന്നി ബാങ്കിൽ അക്കൗണ്ടന്റ് ആയിരുന്നു ,ഇപ്പോൾ വീട്ടമ്മയാണ് . നിരവധി മാസികകളിൽ കവിതകൾ എഴുതിയിട്ടുണ്ട്.”ഈറൻ നിലാവ്” ആദ്യ കവിത സമാഹാരം ആണ്.
കോന്നി അരുവാപ്പുലം പി കെ എസ് നിലയത്തില്‍ പിച്ചു കുട്ടന്‍ നായരുടെ മകളാണ് . കോന്നി കെ കെ എന്‍ എം സ്കൂളില്‍ ആയിരുന്നു പ്രാഥമിക പഠനം . പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജിലും ഉപരി പഠനം നടത്തി .മണിമല കടയനിക്കാട് പാലത്ത് വീട്ടില്‍ സുനീഷ് ആണ് ഭര്‍ത്താവ് .

 

പകലിന്‍റെ  ജീവപര്യന്തം (കവിത )

പകലിന്‍റെ  ജീവപര്യന്തം
കഴിഞ്ഞു രാത്രിയുടെ കറുത്ത
തുണി എന്നിലേക്കുവന്നു

ശ്വാസംമുട്ടി പിടഞ്ഞയെനിക്കു
മിന്നാമിന്നി നുറുങ്ങുവെട്ടം
സമ്മാനിച്ചു

നിഴലുകൾ മറഞ്ഞിരുന്നു
എന്നെ തുറിച്ചു നോക്കുന്നു

ഹൃദയത്തെ നിശ്ചലമാക്കുന്ന
ഭയാനക നിശബ്ദത

പോയ്പോയ പകലുകളൊക്കെയും
തിരിച്ചു വരാനായ് കൊതിച്ചു

അവയൊക്കെയും പാഴാക്കിയതിൽ
വ്യഥാ ദുഃഖിച്ചു

നിശബ്ദതയിൽ എണ്ണഛായചിത്രങ്ങൾ
എന്നെ നോക്കി പരിഭവം പറഞ്ഞു

നാലു ചുവരുകൾക്കുള്ളിൽ ജീവിതം
കെട്ടുകാഴ്ച ആക്കിയവന്റെ

അടക്കിപിടിച്ച തേങ്ങലുകൾ
പ്രതിധ്വനിക്കുന്നു

തളംകെട്ടിനിൽക്കുന്ന നിശബ്ദതയെ
ഭേദിച്ചുകൊണ്ട് ഇടി മുഴങ്ങി

രാത്രിയെ പകലാക്കുവാൻ
കോരിച്ചൊരിയുന്ന മഴയെത്തും
വന്നണഞ്ഞമിന്നലെന്ന
അതിഥിയെ വരവേൽക്കുവാൻ
ഞാൻ ജനാലകൾ തുറന്നു വച്ചു.

 

സന്ധ്യ : 91 94475 55907

error: Content is protected !!