ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് നാളെ പത്തനംതിട്ടയിൽ പതാക ഉയരും

 

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച പത്തനംതിട്ടയിൽ തുടക്കമാകും. വൈകിട്ട് ആറിന് സ്വാഗതസംഘം ചെയർമാൻ കെ പി ഉദയഭാനു പൊതുസമ്മേളന നഗരിയായ ഭഗത്‌സിങ് നഗറിൽ (പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം) പതാക ഉയർത്തും. എസ് കെ സജീഷിന്റെ നേതൃത്വത്തിലുള്ള പതാക ജാഥയും ചിന്താ ജെറോം നയിക്കുന്ന കൊടിമര ജാഥയും കെ യു ജനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണവും പകൽ രണ്ടോടെ തിരുവല്ല നഗരത്തിൽ സംഗമിച്ച്‌ ഭഗത്‌സിങ് നഗറിലേക്ക് പ്രയാണം ആരംഭിക്കും.

നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ ജാഥയ്ക്ക് അകമ്പടിയേകും. പത്തനംതിട്ടയിൽ ആദ്യമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി വി കെ സനോജ്, സ്വാ​ഗതസംഘം ചെയർമാൻ കെ പി ഉദയഭാനു എന്നിവർ പറഞ്ഞു.

 

 

വ്യാഴം രാവിലെ പി ബിജു നഗറിൽ (പത്തനംതിട്ട ശബരിമല ഇടത്താവളം ) സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ് പതാക ഉയർത്തും. സുനിൽ പി ഇളയിടം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 635 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, ജനറൽ സെക്രട്ടറി അബോയ് മുഖർജി, ജോയിന്റ് സെക്രട്ടറി പ്രീതി ശേഖർ എന്നിവർ സമ്മേളനത്തിലുണ്ടാകും. ‘വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജന ഐക്യം’ എന്ന വിഷയത്തിൽ 29ന് വൈകിട്ട് നടക്കുന്ന സെമിനാർ ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 30ന്‌ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.

error: Content is protected !!