പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു.

 

ഇലന്തൂര്‍  ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍  ആതിര ജയന്‍,  ആരോഗ്യം, വിദ്യാഭ്യാസം  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സാലി ലാലു പുന്നക്കാട്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി,  ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ സാം പി തോമസ്, സാറാമ്മ ഷാജന്‍, കെ.ആര്‍ അനീഷ, ശ്രീവിദ്യ, അജി അലക്സ്, ജിജി ചെറിയാന്‍ മാത്യു,  പി.എം.എ.വൈ ഗുണഭോക്താക്കള്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെലവു കുറഞ്ഞഭവന നിര്‍മാണം എന്ന വിഷയത്തില്‍ പുനലൂര്‍ ഹാബിറ്റാറ്റ് പ്രോജക്ട് എഞ്ചിനീയര്‍ നവീന്‍ലാല്‍  ബോധവല്‍കരണ ക്ലാസ് എടുത്തു.

 

വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തിക ഒഴിവ്

പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍  12 ന് രാവിലെ 11.00 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ ട്രേഡിലുള്ള എഞ്ചിനിയറിംഗ് ബിരുദം ആണ് യോഗ്യത. യോഗ്യതാ പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുന്നത്.

 

പരിശോധന നടത്തി

ഈസ്റ്റര്‍, വിഷു പ്രമാണിച്ച്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ  നിര്‍ദേശാനുസരണം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ  മത്സ്യം, മാംസം,  പച്ചക്കറികട/പഴവര്‍ഗം എന്നീ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സ്ഥാപനങ്ങളില്‍ വില വിവര  പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും, അമിത വില ഈടാക്കരുതെന്നും കര്‍ശന  നിര്‍ദേശം നല്‍കി. കൂടാതെ ജില്ലയിലെ മുഴുവന്‍ മൊത്ത വ്യാപാരികള്‍ക്കും ഗൂഗിള്‍ മീറ്റും നടത്തി. പരിശോധനയ്ക്ക്  ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ നേതൃത്വം നല്‍കി.  കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍,  മൃണാള്‍സെന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍  സജു ലോറന്‍സ്,  ശ്രീജ, സജി കുമാര്‍,  ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.’

 

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍  13 ന് രാവിലെ 10.30 ന് ഓണ്‍ലൈനായി ചേരും.

 

പ്രവേശനപരീക്ഷ ഏപ്രില്‍ 12ന്
2022-23 അധ്യയനവര്‍ഷം പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍  അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള പ്രവേശനപരീക്ഷ ഏപ്രില്‍ 12 ന്   രാവിലെ 9.30 മുതലും  അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ്  പരീക്ഷ അന്നേദിവസം ഉച്ചയ്ക്ക് ഒന്നു മുതല്‍ വൈകുന്നേരം നാലു വരെയും  റാന്നി വൈക്കം ഗവ യു.പി സ്‌കൂളില്‍ നടത്തും.  അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാ പട്ടികവര്‍ഗ വിദ്യാര്‍ഥികളും ജാതി, വരുമാനം, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ സഹിതം കൃത്യസമയത്തുതന്നെ ഹാജരാകണം.  ഫോണ്‍ : 04735-227703.

തടി ലേലം
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് എട്ടില്‍ റീ സര്‍വേ 356/11, 356/12 ല്‍പ്പെട്ട മാവ് ഏപ്രില്‍ 12ന് രാവിലെ പതിനൊന്നിന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 224826 എന്ന നമ്പരില്‍ വിളിക്കുക.

 

ഓംബുഡ്സ്മാന്‍ പരാതികള്‍ സ്വീകരിക്കും
മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ഏപ്രില്‍ 19 ന് രാവിലെ 11 മുതല്‍  ഉച്ചയ്ക്ക് ഒന്നു വരെയും ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ 22 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും ഹിയറിംഗ് നടത്തുകയും പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍ : 9447556949.

 

കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു
പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2017-18, 19 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച  ജില്ലയിലെ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറ്റവും കൂടുതല്‍ ക്യാഷ് അവാര്‍ഡ് വാങ്ങിയ (280000) അഭിജിത്ത് അമല്‍ രാജിന് ചെക്ക് കൈമാറി പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

 

ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍  അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. റജിനോള്‍ഡ് വര്‍ഗീസ്, പി.ആര്‍. ഗിരീഷ്, ആര്‍. പ്രസന്നകുമാര്‍, സി.എന്‍. രാജേഷ്, ബിജു രാജ്, റോബിന്‍ വിളവിനാല്‍, വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

 

പ്രകൃതിക്ഷോഭം: നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍
എംഎല്‍എയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു

കനത്ത മഴയില്‍ ആല്‍മരം കടപുഴകി വീണ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡും തെങ്ങ് വീണു മേല്‍ക്കൂര തകര്‍ന്ന റാന്നി കക്കുഴിയില്‍ ജോബി മാത്യുവിന്റെ വീടും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

 

കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ കാറ്റില്‍  പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡിലെ താല്‍ക്കാലിക സ്‌കൂളിന്റെ പുറത്തേക്ക് ആല്‍മരം കടപുഴകി വീഴുകയായിരുന്നു. സ്‌കൂളിനെ കൂടാതെ രണ്ട് കടയും തകര്‍ന്നു. ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ലോട്ടറി കടയും ഗോപി റ്റീ ഷോപ്പുമാണ് തകര്‍ന്നത്.
കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് നഷ്ടമുണ്ടായവരുടെ കണക്കുകള്‍ പരിശോധിക്കാനും നഷ്ടപരിഹാരത്തുക ചര്‍ച്ച ചെയ്യാനുമായി കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും  സംയുക്ത യോഗം ഈ മാസം പതിനൊന്നിന് ചേരുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.

 

റാന്നിയില്‍ മഴയിലും കാറ്റിലും വീടിന് നാശനഷ്ടം സംഭവിച്ചവരുടെ വിശദ വിവരങ്ങള്‍  ദ്രുത ഗതിയില്‍ കണക്കാക്കാന്‍ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ക്ക്  ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍ദേശം നല്‍കി. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന അപകടസാധ്യതയുണ്ടാക്കുന്ന കാലപ്പഴക്കമേറിയ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടികള്‍ പരിശോധിച്ച ശേഷം സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, പഞ്ചായത്ത് അംഗം അജിത് എണസ്റ്റ്, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.

 

പദ്ധതി പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം തുടങ്ങണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ജില്ലയ്ക്ക് പ്രാധാന്യമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് ഈ വര്‍ഷം തുടക്കം മുതലേ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നിര്‍വഹണം കൃത്യസമയത്ത് നടത്താന്‍ സാധിക്കണം. പദ്ധതി രൂപീകരണം താമസിക്കുന്നത് പഞ്ചായത്തുകളെ സാരമായി ബാധിക്കുന്നുണ്ട്. ആസൂത്രണ രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍ക്ക് ജില്ലയിലെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഏറെ സഹായിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് പറഞ്ഞു.
പൊതുവായ മാര്‍ഗനിര്‍ദേശം അല്ലാതെ നിലവിലെ പ്രക്രിയകളിലെ പാളിച്ചകള്‍ കണ്ടെത്തി പുതിയ പ്രോജക്ടുകള്‍ ക്രിയാത്മകമായും കാര്യക്ഷമമായും എങ്ങനെ നടപ്പാക്കും എന്ന മാര്‍ഗ നിര്‍ദേശമാണ്  ജില്ലാ റിസോഴ്‌സ് സെന്ററില്‍ നിന്ന് ലഭിക്കേണ്ടത് എന്ന് ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സാങ്കേതികമായും ശാസ്ത്രീയമായും വസ്തുനിഷ്ഠമായ പഠനത്തിലൂടെ പദ്ധതികള്‍ കൃത്യമായ ഗുണഭോക്താവില്‍ എത്തിച്ച് മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ജില്ലാ റിസോഴ്‌സ് സെന്ററിന് സാധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. സേവനവും ഉപദേശവും നല്‍കാന്‍ തയാറായിട്ടുള്ള വിദഗ്ധര്‍, വികസന ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലേയും പ്രൊഫഷണലുകള്‍ തുടങ്ങി അറുപത്തിയേഴ് അംഗങ്ങള്‍ അടങ്ങിയ ഒമ്പത് ഉപസമിതികളാണ് ജില്ലാ റിസോഴ്‌സ് സെന്ററില്‍ ഉള്ളത്.
കൃഷി, മത്സ്യക്കൃഷി, ജലസേചനം, മൃഗസംരക്ഷണം, ക്ഷീര വികസനം, വ്യവസായം, ഊര്‍ജം, വിനോദ സഞ്ചാരം, വനിതാ ശിശുക്ഷേമം, സാമൂഹ്യക്ഷേമം, സാമൂഹ്യ നീതി, വിദ്യാഭ്യാസം, കല, സംസ്‌കാരം, സ്‌പോര്‍ട്‌സ്, ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, പശ്ചാത്തല വികസനം – റോഡ് നിര്‍മാണം, ദുരന്ത നിവാരണം, ജൈവ വൈവിധ്യം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, നദീസംരക്ഷണം, പട്ടികജാതി പട്ടികവര്‍ഗ വികസനം എന്നീ വിഷയങ്ങളിലാണ് ഉപസമിതി രൂപീകരിച്ചിരിക്കുന്നത്. ജില്ലാ ആസൂത്രണ സമിതി ആവശ്യപ്പെടുന്ന വിഷയങ്ങളിലും മേഖലകളിലും വിശദമായ പഠനം നടത്തുക, സാങ്കേതിക ഉപദേശം നല്‍കുക, മാതൃകാ പ്രോജക്ടുകള്‍ കണ്ടെത്തി പഠന വിധേയമാക്കുക, സ്ഥിതിവിവര കണക്കുകള്‍ ക്രോഡീകരിക്കുക തുടങ്ങിയവയാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ചുമതലകള്‍. ഉപസമിതികള്‍ കൂടി നൂതനമായ ആശയങ്ങള്‍ ഈ മാസം 20 ന് മുമ്പ് അറിയിക്കാനും തീരുമാനിച്ചു.
റിസോഴ്‌സ് സെന്റര്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഇറിഗേഷന്‍ വകുപ്പ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എം.കെ വാസു, കണ്‍വീനറും സെക്രട്ടറിയുമായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, റിസോഴ്‌സ് സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
error: Content is protected !!