കോന്നി മെഡിക്കല്‍ കോളജില്‍ അത്യാധുനിക സിടി സ്‌കാന്‍;നൂതന ഉപകരണങ്ങള്‍ക്കായി 6.75 കോടി അനുവദിച്ചു

 

 

konnivartha.com : കോന്നി മെഡിക്കല്‍ കോളജില്‍ അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 6,75,13,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

 

 

റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ 128 സ്ലൈസ് സിടി സ്‌കാന്‍ 4.95 കോടി, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഇലക്ടോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിള്‍ 7 ലക്ഷം, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് വിത്ത് ഒബ്സര്‍വന്‍സ് ക്യാമറ ആന്റ് വീഡിയോ 12.98 ലക്ഷം, ആട്ടോറഫ് കേരറ്റോമീറ്റര്‍ 3.54 ലക്ഷം, യു.എസ്.ജി. എ സ്‌കാന്‍ 6.14 ലക്ഷം, ഫാകോ മെഷീന്‍ സെന്റുര്‍കോന്‍ 24.78 ലക്ഷം, ജനറല്‍ സര്‍ജറി വിഭാഗത്തില്‍ എച്ച്.ഡി. ലാപ്റോസ്‌കോപ്പിക് സിസ്റ്റം 63.88 ലക്ഷം, ലാപ്റോസ്‌കോപ്പിക് ഹാന്‍ഡ് അക്സസറീസ് 16 ലക്ഷം, ഇലക്ടോ ഹൈട്രോളിക് ഓപ്പറേറ്റിംഗ് ടേബിള്‍ 7 ലക്ഷം, ഓര്‍ത്തോപീഡിക്സ് വിഭാഗത്തില്‍ സി ആം ഇമേജ് ഇന്റന്‍സിഫിയര്‍ 38.65 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ 128 സ്ലൈസ് സിടി സ്‌കാനാണ് കോന്നി മെഡിക്കല്‍ കോളജില്‍ സ്ഥാപിക്കുന്നത്. ആന്തരികാവയങ്ങളുടെ ത്രിമാന ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന അത്യാധുനിക ഉപകരണമാണ് 128 സ്ലൈസ് സിടി സ്‌കാന്‍. വയര്‍, വൃക്ക, ശ്വാസകോശം, ഹൃദയം, ജോയിന്റുകള്‍, തലച്ചോറ് തുടങ്ങി ശരീരത്തിനകത്തുള്ള ഭാഗങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് വളരെ സൂക്ഷ്മമായി വിലയിരുത്താന്‍ സാധിക്കുന്നു.

 

 

രക്തക്കുഴലിലെ അടവുകള്‍ കണ്ടെത്താന്‍ കഴിയുന്ന ആന്‍ജിയോഗ്രാം പരിശോധനയും ഇതിലൂടെ സാധിക്കും. ഒരേ സമയം പരമാവധി 128 ഇമേജുകള്‍ ഇതിലൂടെ ലഭ്യമാകും എന്നതാണ് പ്രത്യേകതയാണ്.

 

അത്യാധുനിക നേത്ര ചികിത്സയ്ക്ക് വേണ്ടിയാണ് ഒഫ്താല്‍മോളജി വിഭാഗത്തില്‍ ഉപകരണങ്ങള്‍ സജ്ജമാക്കുന്നത്. കണ്ണിന്റെ എല്ലാവിധ ശസ്ത്രക്രിയകള്‍ക്കും വേണ്ടിയുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതോടൊപ്പം കണ്ണിനുള്ളിലെ പ്രശ്നങ്ങള്‍ കണ്ടുപിടിക്കാനായാണ് യു.എസ്.ജി. എ സ്‌കാന്‍ സ്ഥാപിക്കുന്നത്.

 

സര്‍ജിറിക്ക് വേണ്ട സംവിധാനമൊരുക്കുന്നതിനാണ് എച്ച്.ഡി. ലാപ്റോസ്‌കോപ്പിക് സിസ്റ്റവും ലാപ്റോസ്‌കോപ്പിക് ഹാന്‍ഡ് അക്സസറീസും സജ്ജമാക്കുന്നത്.ഓര്‍ത്തോപീഡിക് സര്‍ജറിക്ക് ആവശ്യമുള്ള സൗകര്യമൊരുക്കാനാണ് സി ആം ഇമേജ് ഇന്റന്‍സിഫിയര്‍ സജ്ജമാക്കുന്നത്.

error: Content is protected !!