മഞ്ഞനിക്കര തീര്‍ഥാടനം :ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

konnivartha.com : മഞ്ഞനിക്കര തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലായിരിക്കുകയാണ്. വരും ദിനങ്ങളില്‍ രോഗവ്യാപനം കുറയുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി പറഞ്ഞു. അതിന് മുന്നോടിയായി എല്ലാ വകുപ്പുകളുടേയും നേതൃതത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

പെരുന്നാള്‍ നടത്താന്‍ സാധിച്ചാല്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം സാഹചര്യം അനുസരിച്ചായിരിക്കും നിശ്ചയിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മഞ്ഞനിക്കര പെരുന്നാള്‍ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

 

 

മഞ്ഞനിക്കര പെരുന്നാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുന്നതിനായി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറെ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചു. മഞ്ഞനിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂറും ആവശ്യമായ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും സേവനം ഉറപ്പാക്കുമെന്നും ആംബുലന്‍സ് സൗകര്യം ക്രമീകരിക്കുമെന്നും  ഡി.എം.ഒ. ഡോ. എല്‍ അനിതാകുമാരി പറഞ്ഞു. പന്തളത്ത് നിന്നും അധിക കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.

 

 

തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് കുടിവെളളം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിട്ടിയും, ക്രമസമാധാനപാലനം, വ്യാജ മദ്യവില്‍പനയും ലഹരിവസ്തുക്കളുടെ ഉപയോഗം തടയലും പോലീസ്, എക്‌സൈസ് വകുപ്പുകളും നിര്‍വഹിക്കും.

 

 

ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി ജി  ഗോപകുമാര്‍, ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബി, ഫയര്‍ഫോഴ്സ്, വാട്ടര്‍ അതോറിറ്റി, പിഡബ്ല്യുഡി, എക്സൈസ് തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും മഞ്ഞനിക്കര പെരുന്നാള്‍ കമ്മറ്റി കണ്‍വീനര്‍മാരായ ജേക്കബ് തോമസ് മാടപ്പാട്ട് കോര്‍ എപ്പിസ്‌കോപ്പ, ബിനു വാഴമുട്ടം എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!